ഡല്‍ഹി: സീറ്റ് വിഭജന ചര്‍ച്ചയില്‍ ഇന്ത്യ സഖ്യത്തിന്റെ ചര്‍ച്ചകള്‍ നീണ്ടേക്കുമെന്ന് സൂചന. ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കണമെന്ന ധാരണ നടന്നേക്കില്ല. സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം നടത്തും. തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍ ഇന്ന് 12 മണിക്ക് നിര്‍ണായകമായ വാര്‍ത്താ സമ്മേളനം നടത്തും. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം എന്തിനെന്ന് 12 മണിക്ക് വെളിപ്പെടുത്തുമെന്നും ഡെറിക് ഒബ്രിയാന്‍ അറിയിച്ചു.
കോണ്‍ഗ്രസിന്റെ ഇന്റേണല്‍ സര്‍വ്വേ പ്രകാരം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലൊക്കെ തന്നെ കോണ്‍ഗ്രസില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ കുറച്ചുകൂടി വൈകട്ടെ എന്ന നിലപാടാണ്. എന്നാല്‍ മറ്റ് കക്ഷികള്‍ കോണ്‍ഗ്രസിന്റെ ഈ നിലപാട് അംഗീകരിക്കുമോ എന്ന കാര്യം സംശയമാണ്. ഒക്ടോബര്‍ അവസാനത്തോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണം എന്നുള്ള കടുത്ത നിലപാടില്‍ തന്നെയാണ് ജെഡിയുവും ആര്‍ജെഡിയും തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍.
അതേ സമയം, പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്നതിലും, മാധ്യമ പ്രവര്‍ത്തകരെ ബഹിഷ്‌ക്കരിക്കുന്നതിയും ഇന്ത്യ സഖ്യത്തില്‍ ഭിന്നാഭിപ്രായം. മാധ്യമ ബഹിഷ്‌ക്കരണം, സനാതന ധര്‍മ്മ വിവാദങ്ങളില്‍ സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ ബിജെപി വെറുപ്പിന്റെ മെഗാമാള്‍ തുറക്കാന്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന് അനുമതി നല്‍കിയെന്ന് ആരോപിച്ചു.
തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ചയാണ് സ്പീക്കര്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. അജണ്ട സര്‍ക്കാര്‍ പുറത്ത് വിട്ടെങ്കിലും ദുരൂഹത ആരോപിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസടക്കം ചില പാര്‍ട്ടികള്‍ സര്‍ക്കാര്‍ നടപടികളോട് സഹകരിക്കണോയെന്ന ചോദ്യം ഉയര്‍ത്തുന്നത്.