കുറുക്കന്‍മൂലയിലിറങ്ങിയ കടുവയുടെ ചിത്രങ്ങള്‍ പതിഞ്ഞു, കുങ്കിയാനകളുമായി തെരച്ചില്‍ തുടരും

വയനാട്: വയനാട് കുറുക്കന്‍മൂലയിലെ ജനവാസ മേഖലയില്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയുടെ ചിത്രം വനം വകുപ്പ് പുറത്തുവിട്ടു. പാല്‍വെളിച്ചത്ത് വനപാലകര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് കടുവ കുടുങ്ങിയത്. കടുവയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ട്.

കടുവക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് നിരീക്ഷണ ക്യാമറയില്‍ ചിത്രം പതിഞ്ഞത്. കടുവയെ തിരയാന്‍ കഴിഞ്ഞ ദിവസം കുങ്കിയാനകളെ എത്തിച്ചിരുന്നു. മുത്തങ്ങ വന്യ ജീവി സങ്കേതത്തില്‍ നിന്നുമാണ് 2 കുങ്കിയാനകളെ എത്തിച്ചത്. ഇന്ന് രാവിലെ വീണ്ടും കുങ്കിയാനകളെ ഉപയോഗിച്ച് തിരച്ചിലുകള്‍ നടത്തും.

അതിനിടെ കര്‍ഷകര്‍ക്കും സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നതിനിടെയാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നത്. സ്‌കൂളില്‍ പോകാനും, പാല്‍, പത്രം വിതരണത്തിലും പ്രദേശവാസികള്‍ക്ക് പോലീസ് സംരക്ഷണമൊരുക്കും.

16 ദിവസത്തിനിടെ 15 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ പിടികൂടിയത്. കഴിഞ്ഞ ദിവസവും കടുവ ഒരു ആടിനെ കൊന്നിരുന്നു. ജനങ്ങളുടെ ആശങ്ക ശക്തമായതോടെയാണ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് കുങ്കിയാനയെ എത്തിച്ചത് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ പ്രത്യേക പരിശീലനം നേടിയ കലൂര്‍ കൊമ്പനും വടക്കനാട് കൊമ്പനുമാണ് കടുവയ്ക്കായുള്ള തിരച്ചില്‍ നടത്തുത്തത്. ഡ്രോണുകളുപയോഗിച്ചും നിരീക്ഷണം നടത്തുന്നുണ്ട്.

Top