വധശിക്ഷയില്‍ കുറഞ്ഞതൊന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ല; ഷെയ്ന്‍ നിഗം

ലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ വിധിയില്‍ പ്രതികരിച്ച് നടന്‍ ഷെയ്ന്‍ നിഗം. വധശിക്ഷയില്‍ കുറഞ്ഞതൊന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ലെന്ന് ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ കേസില്‍ ബിഹാര്‍ സ്വദേശി അസ്ഫാഖ് ആലത്തിനാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് (പോക്‌സോ) കോടതി വധശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി അഞ്ച് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. ജീവിതാവസാനം വരെയാണ് ജീവപര്യന്തം തടവെന്ന് കോടതി പ്രത്യേകം പറഞ്ഞു. ശിശു ദിനമായ ഇന്നാണ് വിധി വന്നിരിക്കുന്നത്.

നവംബര്‍ നാലിന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം എന്നിവ അടക്കം ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരമുള്ള 11 കുറ്റങ്ങളും പോക്‌സോ നിയമപ്രകാരമുള്ള അഞ്ച് കുറ്റങ്ങളും തെളിഞ്ഞതാണ്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. ജൂലൈ 28നാണ് വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സമീപ കെട്ടിടത്തില്‍ താമസിച്ചിരുന്ന പ്രതി മധുരപാനീയം നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

Top