ബെംഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ചു. ഇതോടെ ശാസ്ത്രലോകം കാത്തിരിക്കുന്നത് ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3 ഉണരുമോ എന്നാണ്. ലാന്‍ഡറും റോവറും പ്രവര്‍ത്തനം തുടങ്ങുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ. സെപ്റ്റംബര്‍ നാലിന് രാവിലെ എട്ട് മണിക്ക് സ്ലീപ്പ് മോഡിലേക്ക് മാറിയ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡറും, സെപ്റ്റംബര്‍ രണ്ടിന് ഉറക്കത്തിലേക്ക് പോയ പ്രഗ്യാന്‍ റോവറും ഉണരുമോ എന്നറിയാന്‍ നെഞ്ചിടിപ്പോടെയാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്.
ഇനി ഉറക്കമെണീറ്റില്ലെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ നല്‍കിയ ദൗത്യമാണ് ചന്ദ്രയാന്‍ മൂന്ന് എന്ന യാഥാര്‍ത്ഥ്യത്തില്‍ മാറ്റമില്ല. എങ്കിലും ലാന്‍ഡറും റോവറും വീണ്ടും എഴുന്നേറ്റാല്‍ അത് വന്‍ നേട്ടമാണ്. നാളെയാണ് ഇത് സംബന്ധിച്ച് വിവരം ലഭിക്കുക. നിര്‍ദ്ദിഷ്ട ദൗത്യ കാലാവധി വിജയകരമായി പൂര്‍ത്തിയാക്കി, ചന്ദ്രനെ കുറിച്ച് ഇത് വരെ അറിയാത്ത പല രഹസ്യങ്ങളും വെളിച്ചത്ത് കൊണ്ടുവന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായിരുന്നു ചന്ദ്രയാന്‍-3. ഉറങ്ങും മുമ്പ് വിജയകരമായി പൂര്‍ത്തിയാക്കിയ ചാട്ടവും രണ്ടാം ‘സോഫ്റ്റലാന്‍ഡിങ്ങും’ ഇസ്രൊ എഞ്ചിനിയറിംഗിന്റെ മികവിന്റെ സാക്ഷ്യമാണ്.
ന്യൂക്ലിയര്‍ ഹീറ്റിംഗ് സംവിധാനമൊന്നുമില്ലാതെ ചാന്ദ്ര രാത്രിയിലെ അതിശൈത്യം അതിജീവിക്കാന്‍ ലാന്‍ഡറിനായാല്‍ ഇന്ത്യന്‍ സാങ്കേതിക വിദ്യയുടെ മികവിന്റെ സാക്ഷ്യമാകും. ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്ന ലാന്‍ഡിങ്ങ് സ്ഥാനത്ത് സൂര്യന്‍ ഉദിച്ചു കഴിഞ്ഞു. പക്ഷേ ലാന്‍ഡറിന്റെ സോളാര്‍ പാനലുകള്‍ക്ക് ഊര്‍ജ്ജോത്പാദനം നടത്താന്‍ ആവശ്യമായ അത്ര പ്രകാശവും ചൂടും എത്താന്‍ കാത്തിരിക്കണം. 22 ആകുമ്പോഴേക്കും സാഹചര്യം അനുകൂലമാകുമെന്നാണ് ഇസ്രൊ കണക്കുകൂട്ടല്‍.
സിസ്റ്റങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം സൂര്യന്റെ എലവേഷന്‍ ആംഗിള്‍ 6° മുതല്‍ 9° വരെയാണ്. എന്നാല്‍ താപനില ഒരു നിശ്ചിത പരിധിക്ക് മുകളില്‍ ഉയരണം. സെപ്റ്റംബര്‍ 21-നോ 22-നോ ഉള്ളില്‍ കാര്യങ്ങള്‍ അറിയുമെന്ന് ചന്ദ്രയാന്‍ -3 ലീഡ് സെന്ററായ യുആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എം ശങ്കരന്‍ പറഞ്ഞു.