സ്കൂളിൽ സർവ്വകലാശാല മോഡൽ ഗ്രേഡിംഗ് വേണം; വി ശിവൻകുട്ടി

കണ്ണൂർ: സ്‌കൂളുകളുടെ ഗുണനിലവാരം അളക്കാനും മെച്ചപ്പെടുത്താനും സർവകലാശാലാ മാതൃകയിൽ ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടുവരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അക്കാദമിക് മുന്നേറ്റം, അക്കാദമിക് ഇതര മുന്നേറ്റം, മറ്റ് സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ മുൻപന്തിയിൽ വരുന്നതിന്റെ അടിസ്ഥാനത്തിലാവണം ഗ്രേഡിംഗ്. ഇതിന് എന്തൊക്കെ കാര്യങ്ങൾ പരിഗണിക്കണം എന്ന് ചർച്ച ചെയ്ത് നിശ്ചയിക്കാമെന്നും മന്ത്രി പറഞ്ഞു.

അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് സീനിയോറിറ്റിക്കൊപ്പം അക്കാദമിക് കഴിവും കൂടി പരിഗണിക്കപ്പെടണമെന്ന് മന്ത്രി നിർദേശിച്ചു. അധ്യാപക സംഘടനകളുടെ യോഗം വിളിച്ചാൽ അധ്യാപകരുടെ പ്രശ്‌നങ്ങൾ മാത്രമാണ് അവതരിപ്പിക്കുന്നത്. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ, കുട്ടികളുടെ ആവശ്യങ്ങൾ കൂടി ഉന്നയിക്കാൻ സംഘടനകൾ തയ്യാറാവണം. നിലവിൽ 45 അധ്യാപക സംഘടനകളുണ്ട്. ഒരു യോഗം വിളിക്കാൻ ഓഡിറ്റോറിയം തന്നെ വേണ്ട സ്ഥിതിയാണ്. എല്ലാവരുടെയും പ്രശ്‌നങ്ങൾ കേൾക്കാൻ രാവിലെ മുതൽ വൈകീട്ട് വരെ ഇരിക്കണം. ഈ സാഹചര്യത്തിൽ അധ്യാപക സംഘടനകളുടെ എണ്ണം കുറക്കുന്നതിനെപ്പറ്റി അവർ തന്നെ കൂട്ടായി ആലോചിക്കണം. അധ്യാപക സംഘടനകൾ കഴിഞ്ഞ ഒരു വർഷമായി ഉന്നയിച്ചിട്ട് നടക്കാത്ത കാര്യങ്ങൾ പരിശോധിക്കാൻ വകുപ്പ് ഒരു ഉപസമിതിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.

Top