സ്കൂൾ കലോത്സവം ജനുവരി മൂന്ന് മുതൽ കോഴിക്കോട്ട് വെച്ച് നടക്കും

കോഴിക്കോട്:  സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോട് വേദിയാവും. കൊവിഡ് ഇടവേളയ്ക്ക് ശേഷം നടക്കുന്ന കലോത്സവം എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് കോഴിക്കോട് നഗരത്തിൽ സംസ്ഥാന സ്കൂൾ കലോത്സവം അരങ്ങേറുക. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നായി 14,000 ത്തോളം വിദ്യാർത്ഥികളാവും കലോത്സവത്തിൽ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക് എത്തുക. ഇവർക്കൊപ്പം അധ്യാപകരും രക്ഷകർത്താക്കളും കൂടിയുണ്ടാവും. സാധാരണ ഒരാഴ്ച വരെ നീണ്ടു നിൽക്കുന്ന കലോത്സവം ഇക്കുറി അഞ്ച് ദിവസം കൊണ്ടാവും പൂർത്തിയാക്കുക. വേദികളുടെ എണ്ണം കൂട്ടി ദിവസങ്ങൾ കുറച്ചതോടെയാണ് ഇത് യഥാർത്ഥ്യമായത്.

കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള വിക്രം മൈതാനമായിരിക്കും കലോത്സവത്തിന്റെ പ്രധാന വേദി. ആകെ 25 വേദികളിലായാവും പരിപാടികൾ അരങ്ങേറുക. കലോത്സവ നടത്തിപ്പിനുള്ള സ്വാഗതസംഘത്തിന്റെ രൂപീകരണം ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ നടന്നു. കലോത്സവ ജേതാക്കൾക്കുള്ള സമ്മാനത്തുക അടുത്ത വർഷം മുതൽ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഇന്ന് കോഴിക്കോട് എത്തിയ വിദ്യാഭ്യമന്ത്രി വി.ശിവൻകുട്ടി കലോത്സവ നടത്തിപ്പ് സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

Top