കുതിരാനിലെ രണ്ടാം തുരങ്കം പൂര്‍ത്തിയാക്കാന്‍ സമയക്രമം നിശ്ചയിക്കും; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കുതിരാനിലെ രണ്ടാം തുരങ്ക പാതയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം നിശ്ചയിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തുരങ്ക പാത നിര്‍മ്മാണം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സെപ്തംബര്‍ ആദ്യ വാരം യോഗം ചേര്‍ന്ന് ഓരോ രണ്ട് ആഴ്ചയും ചെയ്യേണ്ട പ്രവൃത്തികളുടെ ചാര്‍ട്ട് ഉണ്ടാകും. ഓരോ രണ്ട് ആഴ്ചയും ഇടവിട്ട് പ്രവൃത്തി അവലോകനം ചെയ്യും. മന്ത്രിമാര്‍ പങ്കെടുക്കുന്ന അവലോകന യോഗവും കൃത്യമായ ഇടവേളകളില്‍ ചേരും.

തുരങ്കത്തിന്റെ മുകള്‍ഭാഗത്ത് സുരക്ഷാ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഉണ്ട്. ടണലിന്റെ മുകള്‍ ഭാഗത്തും അടിഭാഗത്തുമുള്ള കോണ്‍ക്രീറ്റിംഗ് നടത്തണം. ജലനിര്‍ഗമനത്തിനും കേബിളിങ്ങിനുമുള്ള ഡക്കുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കണം. ഹാന്‍ഡ് റെയിലുകളുടെ നിര്‍മ്മാണം, ലൈറ്റുകള്‍, അഗ്‌നിശമന സംവിധാനങ്ങള്‍ , സി സി ടി വി, എസ് ഒ എസ് ഫോണ്‍, സ്പീക്കര്‍ , പെയ്ന്റിംഗ്, റോഡ് മാര്‍ക്കിംഗ് എന്നിവയും ഈ പ്രവൃത്തിയുടെ ഭാഗമാണ്. തുരങ്ക പാത റോഡ് നിലവിലെ ദേശീയപാതയുമായി ബന്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

ആദ്യ തുരങ്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതു പോലെ എല്ലാവരേയും യോജിപ്പിച്ചു കൊണ്ട് രണ്ടാം തുരങ്കവും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി, ഡോ. ആര്‍ ബിന്ദു, എം പി മാരായ ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, പി പി സുമോദ് എം എല്‍ എ എന്നിവരെല്ലാം ഒരു ടീമായി തന്നെ രണ്ടാം തുരങ്കം പൂര്‍ത്തിയാക്കാനും പ്രവര്‍ത്തിക്കും.

പി ഡബ്ല്യു ഡി സെക്രട്ടറി, ജില്ലാ കലക്ടര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവര്‍ പ്രവൃത്തി കൃത്യമായി നിരീക്ഷിക്കും. ദേശീയപാതാ അതോറിറ്റിയും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ദേശീയപാതാ അതോറിറ്റിക്ക് ആവശ്യമായ എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണക്ക് യോഗത്തില്‍ പങ്കെടുത്ത ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ നന്ദി അറിയിച്ചതായും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Top