കുസാറ്റ് ദുരന്തം; വിസിയെ പുറത്താക്കണമെന്ന് സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിന്‍, ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി

കൊച്ചി: കുസാറ്റ് ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലു പേര്‍ മരിച്ച സംഭവത്തില്‍ വൈസ് ചാന്‍സിലറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് പരാതി. സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കിയത്.

സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും, യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ വീഴ്ചവരുത്തിയെന്നും അതിനാല്‍ തല്‍സ്ഥാനത്തുന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നുമെന്നും പരാതിയില്‍ സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിന്‍ ആവശ്യപ്പെട്ടു.

നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിന്റെ നടത്തിപ്പിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നും അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ ശിപാര്‍ശ ചെയ്യണമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്‍ കാലങ്ങളിലെ പോലെ സീനിയര്‍ യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്ക് ഫെസ്റ്റിന്റെ മേല്‍നോട്ടചുമതല നല്‍കുന്നതിനുപകരം നടത്തിപ്പിന്റെ പൂര്‍ണ ചുമതല വിസി,വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ക്ക് നല്‍കുകയായിരുന്നു. പരിപാടികളുടെ മേല്‍നോട്ടത്തിന് അധ്യാപക സാന്നിധ്യം ഉണ്ടാകണമെന്നും രക്ഷാ ചുമതലയ്ക്ക് പൊലീസിന്റെയും വിരമിച്ച സൈനികരുടെയും സേവനം ഉപയോഗിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ പാലിക്കാന്‍ വൈസ് ചാന്‍സിലര്‍ തയ്യാറായില്ല. 2015 ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചിരുന്നുവെങ്കില്‍ കുസാറ്റില്‍ ശനിയാഴ്ച വൈകിട്ട് ഉണ്ടായ ദുരന്തം ഒഴിവാകുമായിരുന്നുവെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Top