വാരിയംകുന്നത്തിന്റെ ‘അവതാരത്തെ’ പോലും ഭയക്കുന്ന സംഘപരിവാർ . . .

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി… കാലനെ പോലും വിസ്മയിപ്പിച്ച പോരാളിയാണ് ഈ മനുഷ്യന്‍.

പിന്നല്‍ നിന്നും വെടിവെച്ച് കൊല്ലുന്ന രീതി മാറ്റി മുന്നില്‍ നിന്നും വെടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ധീര മരണം ചോദിച്ച് വാങ്ങിയ വീരനാണദ്ദേഹം.

കൊലയാളികളായ ബ്രിട്ടിഷുകാര്‍ പോലും നമിച്ചു പോയ നിമിഷങ്ങളായിരുന്നു അത്.

ഈ പോരാളിയുടെ ചരിത്രം സിനിമയാക്കാന്‍, ആഷിഖ് അബുവിനെന്നല്ല ആര്‍ക്കും തന്നെ അവകാശമുണ്ട്. അതിനെ എതിര്‍ക്കുന്നവര്‍ പഴയ ഫ്യൂഡല്‍ മനസ്സാണ് പ്രതിഫലിപ്പിക്കുന്നത്.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പോരാട്ട ചരിത്രം മലബാറിന്റെ ധീര ചരിത്രം കൂടിയാണ്.

1921 എന്ന മമ്മൂട്ടി സിനിമയില്‍ ടി.ജി രവിയിലൂടെ ചെറിയ ഒരു റോളില്‍ ഒതുക്കപ്പെട്ട കഥാപാത്രമാണ് പൃഥ്വിരാജിലൂടെ ഇപ്പോള്‍ കേന്ദ്ര കഥാപാത്രമായി മാറാന്‍ പോകുന്നത്.

ഇതിനെതിരെയാണ് സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള വലിയ കടന്നുകയറ്റമാണിത്. ഒരു ജനാധിപത്യ രാജ്യത്ത് ഇതൊരിക്കലും ഭൂഷണമല്ല.

ചരിത്ര സംഭവങ്ങള്‍ മാത്രമല്ല, ഇത്തരം പോരാളികളും രാഷ്ട്രിയ നേതാക്കളുമെല്ലാം കേന്ദ്ര കഥാപാത്രങ്ങളായ, നിരവധി സിനിമകള്‍ മുമ്പും ഈ നാട്ടില്‍ ഇറങ്ങിയിട്ടുണ്ട്.

എന്തിനേറെ, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ നരേന്ദ്ര മോദിയെ കേന്ദ്ര കഥാപാത്രമാക്കി വരെ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അന്നാരും തന്നെ ഇത്തരത്തില്‍ ഹീന പ്രചരണങ്ങളുമായി രംഗത്ത് വന്നിട്ടില്ല. മോദിയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച താരത്തെയും, സംവിധായകനെയും ഇങ്ങനെ വേട്ടയാടിയിട്ടുമില്ല. ആഷിഖ് അബുവിനെതിരെയും പൃഥ്വിരാജിനെതിരെയും നിലവില്‍ നടക്കുന്നത് ശരിക്കും വ്യക്തിഹത്യ തന്നെയാണ്.

സിനിമയുടെ ചിത്രീകരണം പോലും തുടങ്ങും മുന്‍പാണ് ഇത്തരത്തില്‍ കാടടച്ച പ്രചരണവും നടക്കുന്നത്.

വാരിയം കുന്നത്ത് എന്ന പേര് പോലും ഇത്തരക്കാരുടെ സവര്‍ണ്ണ മനോഭാവത്തെയാണ് ഇപ്പോഴും അസ്വസ്ഥപ്പെടുത്തുന്നത്.

മലബാര്‍ കലാപത്തെ കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയായി വിലയിരുത്തുന്നവര്‍ക്ക് ഇങ്ങനെ മാത്രമേ പ്രതികരിക്കാന്‍ കഴിയുകയുളളൂ.

ഇവരെയൊക്കെ ഇനി തിരുത്താന്‍ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല. അവര്‍ അവരുടെ വിശ്വാസവുമായി മുന്നോട്ട് പോകട്ടെ. എന്നാല്‍, ചരിത്ര സത്യങ്ങളെ വളച്ചൊടിക്കാന്‍ ആര് തന്നെ ശ്രമിച്ചാലും, അത് നാം വകവെച്ച് കൊടുക്കരുത്.

ഒറ്റുകാരെ മതം നോക്കിയല്ല വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സംഘവും കൈകാര്യം ചെയ്തിരിക്കുന്നത്. ബ്രിട്ടിഷുകാര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ച നിരവധി ഹിന്ദു – മുസ്ലീം ജന്‍മിമാരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.

മഞ്ചേരി ഭാഗത്തുള്ള ചേക്കുട്ടി അധികാരി എന്ന മുസ്ലീം ഇങ്ങനെ കൊല്ലപ്പെട്ട വ്യക്തിയാണ്. അധികാരി എന്നാല്‍ അക്കാലത്ത് വലിയ സ്ഥാനമായിരുന്നു എന്നത് സംഘപരിവാറുകാരും ഓര്‍ക്കണം. വാരിയം കുന്നത്തിനു മേല്‍ ഹിന്ദു കൂട്ടക്കുരുതി ആരോപിക്കുന്നവര്‍ അദ്ദേഹത്തിന്റെ ദേഹത്ത് തെറിച്ച മുസ്ലീം രക്തമാണ് കാണാതെ പോകുന്നത്.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പേടിച്ച് കൊണ്ടോട്ടി തങ്ങള്‍ ബ്രിട്ടീഷ് കാര്‍ക്ക് എഴുതിയ കത്തും ചരിത്രമാണ്. ഇതും ഹിന്ദുക്കളെ മാത്രം വേട്ടയാടി എന്ന പ്രചരണത്തിന്റെ മുനയൊടിക്കുന്ന മറ്റൊരു സംഭവമാണ്.

പ്രൊഫ.എം.എന്‍ കാരശ്ശേരി പറഞ്ഞതുപോലെ മലബാര്‍ കലാപത്തെ മാപ്പിള ലഹള എന്ന് വിളിക്കുന്നത് തന്നെ തെറ്റാണ്. മാപ്പിളമാര്‍ മാത്രം പങ്കെടുത്ത കലാപം ആയിരുന്നില്ല അത്. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്ട് എന്ന ആക്ടിവിസ്റ്റ് ഉള്‍പ്പെടെ ഈ പോരാട്ടത്തില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരിക്കലും ഒരു ഹിന്ദു വിരുദ്ധന്‍ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അനുയായികളില്‍ ചിലര്‍ ക്രൂരമായി പെരുമാറിയത് കാണാതെ പോകാനും ഈ ഘട്ടത്തില്‍ കഴിയുകയില്ല.

നേതൃത്വത്തെ ധിക്കരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ എല്ലായിടത്തും എല്ലാക്കാലത്തും ഉണ്ടായിരുന്നു എന്നത് ഓര്‍മ്മിപ്പിക്കുന്ന സംഭവംകൂടിയാണിത്.

അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിച്ചു എന്നറിഞ്ഞാല്‍ അവരെ താന്‍ തന്നെ ശിക്ഷിക്കുമെന്ന മുന്നറിയിപ്പാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നല്‍കിയിരുന്നത്. ‘ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. നമുക്ക് ഇത് മുസല്‍മാന്റെ രാജ്യമാക്കാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു’.

മതപരമായ ഏറ്റുമുട്ടലിലാണ് ‘മലബാര്‍ കലാപത്തിന്റെ അന്തഃസത്ത’ എന്ന കാഴ്ചപ്പാടിന് തന്നെ, വിരുദ്ധമായിരുന്നു ഈ നിലപാട്. കലാപത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചവരെ മാത്രമല്ല പൊലീസിലും പട്ടാളത്തിലും ചേര്‍ന്ന് കലാപത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച മുസ്ലീം ഉദ്യോഗസ്ഥരെയും കലാപകാരികള്‍ വധിക്കുകയുണ്ടായി.

ആമുസാഹിബ്, മൊയ്തീന്‍ സര്‍ക്കിള്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ കൊല്ലപ്പെട്ടവരില്‍ ചിലരാണ്.

പിന്നീട് കോണ്‍ഗ്രസും മുസ്ലീം ലീഗും മലബാര്‍ കലാപത്തെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോയപ്പോള്‍ അതിന്റെ പ്രാധാന്യം സാര്‍വദേശീയ തലത്തില്‍ത്തന്നെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോയിരുന്നത് കമ്യൂണിസ്റ്റുകാരാണ്.

മലബാര്‍ കലാപത്തെ സാര്‍വ്വദേശീയമായി തന്നെ പഠിക്കാനും, അതിന്റെ അടിസ്ഥാനത്തില്‍ നയങ്ങള്‍ രൂപീകരിക്കാനും ഇടപെട്ടതും ചുവപ്പ് പ്രത്യയശാസ്ത്രമാണ്.

ഈ കലാപം ലെനിന്റെ ശ്രദ്ധയിലുംപെടുകയുണ്ടായി. ഇന്ത്യയില്‍ ആ കാലഘട്ടത്തില്‍ ഉയര്‍ന്ന ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലെനിന്‍ തന്നെ പിന്നീട് രേഖപ്പെടുത്തിയിട്ടുമുണ്ട്.

1800കളുടെ തുടക്കത്തില്‍ നടന്ന പഴശ്ശി കലാപം വേലുത്തമ്പിയുടെ സമരം, പാലിയത്തച്ഛന്റെ സമരം തുടങ്ങിയവയ്ക്ക് ബ്രിട്ടീഷ് വിരുദ്ധ സ്വഭാവമാണ് ഉണ്ടായിരുന്നത്. അവയുടെ ദേശാഭിമാനപരമായ ഉള്ളടക്കം നാടിന്റെ പോരാട്ടങ്ങള്‍ക്ക് എന്നും കരുത്ത് നല്‍കിയിട്ടുളളതാണ്. അടുത്ത ഘട്ടമായി ഇവിടെ നടന്ന സമരങ്ങള്‍ക്കാവട്ടെ ജന്മിത്തവിരുദ്ധ സ്വഭാവവും വ്യക്തമായിരുന്നു.

അതില്‍ പ്രധാനപ്പെട്ടതാണ് മലബാര്‍ കലാപം. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇത്തരം കലാപങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ വൈരുധ്യാത്മക ഭൗതികവാദമോ, ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ, കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ചില ദൗര്‍ബല്യങ്ങള്‍ അതിനകത്ത് പ്രത്യക്ഷപ്പെടുന്നതും സ്വാഭാവികം തന്നെയാണ്.

ഇത്തരം സാമ്രാജ്യത്വ-ജന്മിത്തവിരുദ്ധ കലാപങ്ങളുടെ പാരമ്പര്യം യഥാര്‍ഥത്തില്‍ പില്‍ക്കാലത്ത് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയിരുന്നത് കമ്യൂണിസ്റ്റുകാരാണ്. കയ്യൂരിലെ രക്തസാക്ഷികള്‍ തന്നെ ഇതിനുദാഹരണമാണ്. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് കൊണ്ടാണ് കയ്യൂര്‍ പോരാളികള്‍ കഴുമരത്തിലേറിയിരുന്നത്. ഇതെല്ലാം ചരിത്രമാണ്. ഇതുസംബന്ധമായ സിനിമകളും നാടകങ്ങളുമെല്ലാം മുന്‍ കാലങ്ങളിലും ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ അത് ഹൃദയത്തിലേറ്റി സ്വീകരിച്ചിട്ടുമുണ്ട്.

ഈ നാടിന്റെ മണ്ണിലൊരു കഥ പറയാന്‍ ജാതിയും മതവും നോക്കേണ്ടി വന്നാല്‍ ആ നാട് വിപത്തിലേക്കാണ് പോവുക എന്ന സിനിമാ പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ നിരീക്ഷണം പുതിയ കാലത്ത് ഏറെ പ്രസക്തമാണ്. ഷൂട്ടിങ്ങിനായി സ്ഥാപിച്ച പള്ളി പൊളിച്ചവരുടെ ആശയം തന്നെയാണ് ‘വാരിയംകുന്നന്റെ’ സിനിമയെയും ഇപ്പോള്‍ വേട്ടയാടി കൊണ്ടിരിക്കുന്നത്.

സിനിമ പുറത്തിറങ്ങുന്നത് വരെ ക്ഷമിച്ചിരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറല്ല ഭയപ്പെടുത്തി പിന്‍മാറ്റുക എന്ന തന്ത്രമാണ് അവര്‍ നിരന്തരം പ്രയോഗിച്ച് കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ വ്യക്തിഹത്യ നല്‍കുന്ന സന്ദേശവും അതാണ്.

ആഷിഖ് അബുവിനെയും പൃഥ്വിരാജിനെയും കലാകാരാന്‍മാരായി മാത്രമാണ് കാണാന്‍ ശ്രമിക്കേണ്ടത്. ഇവരെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഒരിക്കലും വീക്ഷിക്കരുത്. അത് കേരളത്തിന്റെ പാരമ്പര്യത്തിന് എതിരാണ്.

ഈ പ്രവണതകളും മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കില്‍ നാളെ ഇത് വളര്‍ന്ന് നമ്മുടെ ചിന്താശക്തിക്ക് മേലാണ് ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുക. ഈ യാഥാര്‍ത്ഥ്യം മതേതര കേരളമാണ് തിരിച്ചറിയേണ്ടത്.

Express View

Top