ഒറ്റ ‘തിരഞ്ഞെടുപ്പിൽ’ ഒരേ ലക്ഷ്യവും, മോദിയുടെ നീക്കത്തിൽ കോൺഗ്രസ്സും !

ണ്ടാം പിണറായി സര്‍ക്കാറിന്റെ ആയുസ്സ് മൂന്ന് വര്‍ഷം മാത്രമെന്ന പ്രചരണം ഇപ്പോള്‍ ഏറെ ശക്തമാണ്. ബി.ജെ.പിയും കോണ്‍ഗ്രസ്സുമാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അതിന് അവര്‍ ചൂണ്ടിക്കാട്ടുന്നത് കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളാണ്.”ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ‘ എന്ന മോദിയുടെ സ്വപ്‌നം 2024 ഓടെ പൂര്‍ണ്ണമാകുമെന്നാണ് ബി.ജെ.പി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തണമെന്നതാണ് സംഘപരിവാര്‍ നിലപാട്.

ഈ നീക്കത്തെ പരസ്യമായി അനുകൂലിച്ചിട്ടില്ലങ്കിലും കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം ആഗ്രഹിക്കുന്നതും അതു തന്നെയാണ്. ഒരുമിച്ചൊരു തിരഞ്ഞെടുപ്പ് വന്നാല്‍ ഇടതുപക്ഷത്തെ വീഴ്ത്താമെന്നതാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ സ്വപ്‌നം. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ കോ- ലീ- ബി സഖ്യത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് എപ്പോള്‍ ഉണ്ടായാലും അതിനെ ഭയപ്പെടുന്നില്ലന്നാണ് സി.പി.എം നേതൃത്വവും വ്യക്തമാക്കിയിരിക്കുന്നത്. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് അതിനെതിരായ ഏത് നീക്കവും അപകടകരമാണെന്ന വിലയിരുത്തല്‍ മറ്റ് ഇടതുപാര്‍ട്ടികള്‍ക്കുമുണ്ട്.

2024 ലെ ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടക്കാന്‍ ഇടയുണ്ടെന്ന സൂചനയാണ് ബി.ജെ.പി ദേശീയ നേതൃത്വം സംസ്ഥാന ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതു സംബന്ധമായ വാര്‍ത്തകളും പുറത്തു വന്നു കഴിഞ്ഞു. സര്‍വ്വകക്ഷി യോഗം വിളിച്ച ശേഷം ഇതു സംബന്ധമായ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് ബി.ജെ.പി നീക്കമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കേന്ദ്ര മന്ത്രിസഭാ അഴിച്ചു പണി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യം സംഘപരിവാര്‍ സംഘടനകളും കടുപ്പിച്ചിട്ടുണ്ട്. ലോകസഭ തിരഞ്ഞെടുപ്പില്‍ ദേശീയത വോട്ടാകുമ്പോള്‍ അത് സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാനും ഗുണം ചെയ്യുമെന്നതാണ് പരിവാറിന്റെ കണക്കു കൂട്ടല്‍.

ജനപ്രാതിനിത്യ നിയമത്തിലടക്കം നിരവധി ഭരണഘടനാ ഭേദഗതികള്‍ ആവശ്യമായ ഈ ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം അനിവാര്യമാണ്. മാത്രമല്ല രാജ്യത്തെ പകുതി നിയമസഭകളെങ്കിലും ഇത് അംഗീകരിക്കുകയും വേണം. നിലവിലെ സാഹചര്യത്തില്‍ ബില്‍ പാസാകാനുള്ള സാധ്യത ഉണ്ടെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. പ്രാദേശിക പാര്‍ട്ടികളില്‍ ഒരു വിഭാഗത്തെ കൂടെ നിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഏതെങ്കിലും സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ നിലംപൊത്തുകയാണെങ്കില്‍ നീണ്ട കാലത്തെ രാഷ്ട്രപതി ഭരണത്തിനാണ് അത് കളമൊരുക്കുക. ഈ ഭീതി പ്രാദേശിക പാര്‍ട്ടികള്‍ക്ക് ശരിക്കുമുണ്ട്.

ഇക്കാര്യത്തില്‍ ബി.ജെ.പി ഘടകകക്ഷികള്‍ക്കും ആശങ്കയുണ്ട്. ഈ ആശങ്കകള്‍ അകറ്റാതെ ബില്ലുമായി വന്നാല്‍ അത് കേന്ദ്ര സര്‍ക്കാറിനു തന്നെയാണ് തിരിച്ചടിയാവുക. ഇക്കാര്യവും കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. നിലവില്‍ രാജ്യത്ത് എല്ലാ മാസവും എവിടെയെങ്കിലും ഏതെങ്കിലുമൊക്കെ തെരെഞ്ഞെടുപ്പ് നടക്കുന്ന രീതിയാണുള്ളത്. ഇതില്‍ ഒരു മാറ്റമാണ് ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നത്. ലോകസഭ നിയമസഭ തെരെഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടര്‍ പട്ടിക മതിയെന്ന ഗുണവും ഈ നിലപാടിനെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടം വികസന പദ്ധതികളെ ബാധിക്കുന്നതും ഉപകരണങ്ങളും ഉദ്യോഗസ്ഥരെയും വിന്യസിക്കുന്നതിലെ ഭാരിച്ച ചിലവ് കുറയുമെന്നതുമാണ് അവര്‍ പ്രധാനമായും അവകാശപ്പെടുന്നത്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ബി.ജെ.പിയെ സംബന്ധിച്ച് രാഷ്ട്രീയ അജണ്ട കൂടിയാണ്. ഒന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ തന്നെ ഈ വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ സര്‍വകക്ഷി യോഗവും വിളിക്കുകയുണ്ടായി. പിന്നീട് 2019 ലും സര്‍വകക്ഷി യോഗം നടക്കുകയുണ്ടായി. പ്രതിപക്ഷം എതിര്‍ത്താലും നിയമനിര്‍മ്മാണവുമായി മുന്നോട്ട് പോകാനാണ് ഇപ്പോള്‍ മോദി ഭരണകൂടത്തിന്റെ തീരുമാനം. അതിനായി പ്രാദേശിക പാര്‍ട്ടികളെ സ്വാധീനിക്കാനുള്ള നീക്കങ്ങളും തകൃതിയായാണ് അണിയറയില്‍ നടക്കുന്നത്. പുതിയ നിയമം സാധ്യമായാല്‍ നിലവിലുള്ള ത്രിതല തദ്ദേശ സ്ഥാപനങ്ങളുടെ ഘടനയിലും വലിയ മാറ്റങ്ങളുണ്ടാകും. ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവ നിലനിര്‍ത്തി ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ ഒഴിവാക്കാനാണ് സാധ്യത.

അങ്ങനെയെങ്കില്‍ ഒരു വോട്ടര്‍ മൂന്ന് വോട്ടുകളാണ് ചെയ്യേണ്ടി വരിക. ലോകസഭ, നിയമസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിങ്ങനെ ആയിരിക്കുമത്. ഇപ്പോഴത്തെ കേന്ദ്ര നീക്ക പ്രകാരം 2023വരെയുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് തടസ്സമുണ്ടാകുകയില്ല. എന്നാല്‍ അതിനു ശേഷം തിരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളില്‍ നിലവിലുള്ള സര്‍ക്കാറിന്റെ കാലാവധി നീട്ടി നല്‍കുകയോ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയോ വേണ്ടി വരും. ഇക്കാര്യങ്ങളും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ചുള്ള നീക്കങ്ങള്‍ ഡല്‍ഹിയില്‍ നടക്കുമ്പോള്‍ കേരളത്തിലും കണക്കു കൂട്ടലുകള്‍ ഏറെയാണ്.

ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വവുമായി ഏറെ അടുപ്പമുള്ള കെ സുധാകരനാണ്. കെ.പി.സി.സി അദ്ധ്യക്ഷന്‍ എന്നതിനാല്‍ പുതിയ ബില്‍ നിയമമായാല്‍ ഏറെ സന്തോഷിക്കുക കോണ്‍ഗ്രസ്സും, യു.ഡി.എഫുമാണ്. മൂന്നു വര്‍ഷം കൊണ്ട് പിണറായി ഭരണം അവസാനിക്കുമല്ലോ എന്നതാണ്. അവരെ നയിക്കുന്ന വികാരം. ബി.ജെ.പിക്ക് പിണറായി സര്‍ക്കാറിനോടുള്ള പക വോട്ടായി മറിച്ചു നല്‍കിയാല്‍ യു.ഡി.എഫിന് ഗുണം ലഭിക്കുമെന്ന കണക്കു കൂട്ടലും ഈ ഖദര്‍ കൂട്ടങ്ങള്‍ക്കുണ്ട്. അണിയറയില്‍ എന്തൊക്കെ ധാരണകളാണ് ഉണ്ടാകാന്‍ പോകുന്നത് എന്നതൊക്കെ ഇനി കണ്ട് തന്നെ അറിയേണ്ട കാര്യങ്ങളാണ്.

നിയമസഭ തിരഞ്ഞെടുപ്പ് നേരത്തെ നടന്നാലും ഇല്ലങ്കിലും ഒരു കാര്യം ഉറപ്പാണ്. ഇടതുപക്ഷത്തിനെതിരെ ‘പ്രതിപക്ഷ വിശാല ഐക്യം’ ഉറപ്പായും ഉണ്ടാകും. മൂന്നാമതൊരു ചുവപ്പ് ഭരണം കേരളത്തില്‍ നിന്നും ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന ഉറച്ച ശപഥമാണ് ബി.ജെ.പി, കോണ്‍ഗ്രസ്സ് നേതൃത്വങ്ങള്‍ ഇതിനകം തന്നെ സ്വീകരിച്ചിരിക്കുന്നത്. അവരുടെ ശൈലിയില്‍ പോലും ഇപ്പോള്‍ ആ വൈര്യവും പ്രകടവുമാണ്. അതേസമയം ശത്രു സന്നാഹങ്ങളെ ഏത് ഘട്ടത്തിലും നേരിടാന്‍ റെഡിയായി തന്നെയാണ് ചെമ്പടയും ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ശത്രു ഒറ്റയായി വന്നാലും ഒരുമിച്ച് വന്നാലും പോര്‍ക്കളത്തില്‍ ഒടുവില്‍ ചെങ്കൊടി തന്നെയാണ് പാറുകയെന്നാണ് ഇടതുപക്ഷ നേതൃത്വങ്ങളും തുറന്നടിച്ചിരിക്കുന്നത്.

Top