മണ്ഡല -മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും

പത്തനംതിട്ട: മണ്ഡല -മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന പൊലീസ് മേധാവി ഇന്ന് പമ്പയിലെത്തും. പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും. ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തും ചടങ്ങുകള്‍. 17 ന് വൃശ്ചികം ഒന്നു മുതല്‍ പുതിയ മേല്‍ശാന്തിമാരാണ് നടതുറക്കുന്നത്. വെര്‍ച്ച്വല്‍ ബുക്കിങ് മുഖേന മാത്രമാണ് ഇക്കുറിയും തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം.

കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. പതിനെട്ടാംപടിക്ക് മേല്‍ പുതിയതായി സ്ഥാപിക്കുന്ന ഫോള്‍ഡിംഗ് റൂഫിന്റെ നിര്‍മ്മാണം ഈ സീസണിലും പൂര്‍ത്തിയായില്ല. നിലയ്ക്കല്‍ കുടിവെള്ളം പദ്ധതിയും എങ്ങും എത്താത്തിനാല്‍ ഇക്കുറിയും ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കേണ്ടിവരും.തിരക്ക് നിയന്ത്രിക്കാന്‍ നിലയ്ക്കല്‍ മുതല്‍ മുതല്‍ സന്നിധാനം വരെ ആധുനിക സംവിധാനങ്ങള്‍ ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്.ഡിസംബര്‍ 27 നാണ് ശബരിമലയില്‍ മണ്ഡലപൂജ. ഇതിനിടെ, ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമാണ് കണ്‍ട്രോള്‍ റൂമും ഹെല്‍പ്പ് ഡെസ്‌കും തുടങ്ങിയത്.

 

Top