കീവ് പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് റഷ്യന്‍ സേന; റോക്കറ്റ്, മിസൈല്‍ ആക്രമണം രൂക്ഷം

കീവ് : യുക്രൈനില്‍ രണ്ടാം ദിവസവും റഷ്യ കടുത്ത ആക്രമണം തുടരുന്നു. തലസ്ഥാനമായ കീവ് പിടിച്ചടക്കുക ലക്ഷ്യമിട്ട് റഷ്യന്‍ സേന മുന്നേറുകയാണ്. കീവിന്റെ തന്ത്രപ്രധാനഭാഗങ്ങള്‍ റഷ്യ നിയന്ത്രണവിധേയമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. കീവിലേക്ക് മിസൈല്‍ ആക്രമണവും തുടരുന്നു. കീവില്‍ നിരവധി സ്ഫോടനങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. സാംസ്‌കാരിക നഗരമായ ഒഡേസയില്‍ വ്യോമാക്രമണവും സപ്പരോസിയില്‍ മിസൈല്‍ ആക്രമണവും റഷ്യ നടത്തി.

ബ്രോവറിയിലെ സൈനിക താവളത്തിന് നേര്‍ക്കുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. നാറ്റോ ടെറിട്ടറിക്ക് 25 മൈല്‍ അകലെ സ്നേക്ക് ഐലന്‍ഡില്‍ കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന 13 യുക്രൈന്‍ സൈനികരെ റഷ്യ വധിച്ചു. റഷ്യന്‍ യുദ്ധക്കപ്പലാണ് ഇവര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടതെന്ന് യുക്രൈന്‍ പ്രസിഡന്റ് വളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞു.

യുക്രൈന്റെ 14 നഗരങ്ങളില്‍ റഷ്യന്‍ ആക്രമണത്തില്‍ കനത്ത നാശമാണ് സംഭവിച്ചത്. തെക്കുകിഴക്കന്‍ കീവില്‍ ഒമ്പതു നില കെട്ടിടത്തിന് മുകളില്‍ റഷ്യന്‍ വിമാനം തകര്‍ന്നു വീണു. വെടിവെച്ചിട്ടതാണെന്ന് യുക്രൈന്‍ സേന അവകാശപ്പെട്ടു. രണ്ട് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചു. കീവില്‍ റഷ്യന്‍ സേന നടത്തിയ വെടിവെപ്പില്‍ അമ്മയും കുട്ടികളും കൊല്ലപ്പെട്ടു. റഷ്യന്‍ ആക്രമണത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ ബങ്കറുകളിലും മറ്റും അഭയം തേടിയിരിക്കുകയാണ്.

 

Top