ഡോളറിനെതിരെ രൂപയുടെ മൂല്യം 60 രൂപയിലെത്തുമെന്ന് മാര്‍ക്ക് മൊബിയസ്

മുംബൈ: ഈ വര്‍ഷം അവസാനത്തോടെ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 60 രൂപയിലെത്തുമെന്ന് ടംപ്ലേഷന്‍ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മാര്‍ക്ക് മൊബിയസ്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള തലത്തില്‍ നിന്നും ഇരട്ടിയായി ഉയരുമെന്നും മാര്‍ക്ക് സൂചിപ്പിച്ചു.

മാത്രമല്ല, ഡോളറിനെതിരെ രൂപ കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. വിപണിയില്‍ ഡോളറിന്റെ ആവശ്യകത കുറയുന്നതാണ് രൂപയ്ക്ക് കരുത്ത് പകരുന്നത്.

നിലവില്‍ ഏകദേശം 10,000ല്‍ ആണ് നിഫ്റ്റിയുള്ളത്. മികച്ച സാമ്പത്തിക വളര്‍ച്ച, യുക്തിപൂര്‍വമുള്ള പലിശ നിരക്ക്, ആഭ്യന്തര നിക്ഷേപകരില്‍ നിന്നും വിദേശത്തു നിന്നുമുള്ള പണത്തിന്റെ ഒഴുക്ക് തുടങ്ങിയ ഘടകങ്ങള്‍ ഓഹരി വിപണിയെ ആവേശത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശിയ മാധ്യമത്തിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലായിരുന്നു മാര്‍ക്കിന്റെ പ്രതികരണം.

ഇന്ത്യന്‍ ഓഹരി വിപണി റെക്കോര്‍ഡ് ഉയരത്തിലെത്തിയെങ്കിലും ഫ്രാങ്ക്‌ലിന്‍ ടെപ്ലേഷന്‍ തങ്ങളുടെ നിക്ഷേപം വെട്ടികുറച്ചിട്ടില്ലെന്നും രാജ്യത്തെ ചെറുകിട, ഇടത്തരം ഓഹരികളിലാണ് താല്‍പര്യമെന്നും മാര്‍ക്ക് പറഞ്ഞു.

തങ്ങളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് ഇന്ത്യക്കുള്ളതെന്നും മാര്‍ക്ക് വ്യക്തമാക്കി. ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്തിയിട്ടുള്ള മൂലധന നിക്ഷേപം പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്.

ഇന്ത്യ, ചൈന, തായ്‌ലന്‍ഡ് എന്നീ ഓഹരി വിപണികളിലാണ് തങ്ങള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും മാര്‍ക്ക് അഭിപ്രായപ്പെട്ടു.

രാജ്യത്ത് പലിശ നിരക്കിലുണ്ടായ കുറവും സ്ഥിര നിക്ഷേപ നിരക്ക് കുറയുന്നതും പണമുണ്ടാക്കുന്നതിന് മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുമെന്നും ഇത് ഓഹരി വിപണിയിലേക്ക് അവരെ നയിക്കുമെന്നും മാര്‍ക്ക് പറഞ്ഞു.

ഇന്ത്യയില്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. നോട്ട് അസാധുവാക്കല്‍ നയം പ്രതീക്ഷിച്ചതിലും കുറവ് ആഘാതം മാത്രമെ സൃഷ്ടിച്ചിട്ടുള്ളു.

ഇതിലൂടെ കൂടുതല്‍ പേര്‍ ഇപേമെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതായും മാര്‍ക്ക് മൊബിയസ് ചൂണ്ടിക്കാട്ടി.

Top