ഇടതിന് തുടര്‍ ഭരണം വരാതിരിക്കാന്‍ ആര്‍.എസ്.എസ് ഇടപെടല്‍ തുടങ്ങി !

തിരുവനന്തപുരം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ ചൊല്ലി സംഘപരിവാറില്‍ കടുത്ത ഭിന്നത. ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വങ്ങള്‍ തമ്മിലാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന ഭരണം അവസാനിക്കണമെന്നതാണ് ആര്‍.എസ്.എസ് നിലപാട്. പിണറായി സര്‍ക്കാറിന് തുടര്‍ ഭരണം ആര്‍.എസ്.എസ് നേതൃത്വം ഒട്ടും ആഗ്രഹിക്കുന്നില്ല.

സംഘപരിവാര്‍ പ്രവര്‍ത്തകര്‍, ഏറ്റവും അധികം വേട്ടയാടപ്പെട്ടത് പിണറായി ഭരണത്തിലാണെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. പാലക്കാട്ട് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ അപമാനിക്കാന്‍ ശ്രമം നടന്നതും പക വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. കേഡര്‍ വോട്ടുകള്‍ ഇടതുപക്ഷ പരാജയം ഉറപ്പ് വരുത്താന്‍ വിനിയോഗിക്കണമെന്നതാണ് ആര്‍.എസ്.എസ് താല്‍പ്പര്യം.

മിക്ക മണ്ഡലങ്ങളിലും ചെറിയ ഭൂരിപക്ഷമാണ് ഭരണപക്ഷത്തിനുള്ളത്. ആര്‍.എസ്.എസ് കേഡര്‍ വോട്ടുകള്‍ മറിച്ചാല്‍ ഇവിടങ്ങളില്‍ ഭീക്ഷണിയാകും. അതേ സമയം, പരസ്യമായി യു.ഡി.എഫിന് അനുകൂല നിലപാട് ആര്‍.എസ്.എസ് സ്വീകരിച്ചാല്‍ അത് ഇടതുപക്ഷത്തിനാണ് ഗുണമാകുക. ഇത് തിരിച്ചറിഞ്ഞ് ബദല്‍ മാര്‍ഗ്ഗമാണ് നിലവില്‍ ആര്‍.എസ്.എസ് ആലോചിക്കുന്നത്.

ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് വ്യാപക പ്രചരണ വിഷയമാക്കാന്‍ ബി.ജെ.പിയും തീരുമാനിച്ചിട്ടുണ്ട്. ഇതിനു വേണ്ടി പരസ്യ ചിത്രങ്ങള്‍ ഇതിനകം തന്നെ അവര്‍ തയ്യാറാക്കിയിട്ടുമുണ്ട്. സോഷ്യല്‍ മീഡിയ വഴി വ്യാപക ക്യാംപയിനാണ് ബി.ജെ.പി ലക്ഷ്യമിട്ടിരിക്കുന്നത്. ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നാല്‍, യു.ഡി.എഫ് ശിഥിലമാകുമെന്നാണ് ബി.ജെ.പിയുടെ നിഗമനം. അത്തരമൊരു സാഹചര്യത്തില്‍, പ്രധാന പ്രതിപക്ഷമായി മാറാമെന്നതാണ് കണക്ക് കൂട്ടല്‍. ബി.ജെ.പി ദേശീയ നേതൃത്വവും ഈ വഴിക്കാണ് ചിന്തിക്കുന്നത്.

2021-ല്‍ 10 നിയമസഭാ സീറ്റുകളാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. നേമം വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങള്‍ ഇതില്‍പ്പെടുന്നുണ്ട്. പത്തനംതിട്ട, തൃശൂര്‍, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ്, കോട്ടയം, ഇടുക്കി ജില്ലകളിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കാനാണ് തീരുമാനം.

2026-ല്‍ കേരള ഭരണം പിടിക്കുമെന്നാണ് കാവിപടയുടെ അവകാശവാദം. ഭരണം കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം ബി.ജെ.പിയിലെത്തുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്‍.ഡി.എ മുന്നണിയില്‍ കേരള കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ എത്തുമെന്നും ബി.ജെ.പി കരുതുന്നുണ്ട്.

എന്നാല്‍, ബി.ജെ.പിയുടെ ഈ സ്വപ്നങ്ങള്‍ക്ക് എതിരാണ് ആര്‍.എസ്.എസ് നിലപാട്. ഇടതുഭരണം അവസാനിപ്പിക്കാതെ വിശ്രമമില്ലെന്ന നിലപാടാണ് അവര്‍ക്കുള്ളത്. ചുവപ്പ് ഭീകരതക്കെതിരെ അമിത് ഷായുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും ബി.ജെ.പിയെ ആര്‍.എസ്.എസ് ഓര്‍മ്മിപ്പിക്കുന്നുണ്ട്. കുമ്മനം രാജശേഖരന്‍ ക്യാപ്റ്റനായ ‘ആ’ ജാഥയില്‍, യോഗി ആദിത്യനാഥ് ഉള്‍പ്പെടെ ബി.ജെ.പിയുടെ സകല മുഖ്യമന്ത്രിമാരും പങ്കെടുത്തിരുന്നു. കേന്ദ്ര മന്ത്രിമാരും എം.പിമാരും ഉള്‍പ്പെടെ അണിനിരന്ന ഇത്തരമൊരു സമരം മറ്റൊരിടത്തും ബി.ജെ.പി ഇതുവരെ നടത്തിയിട്ടില്ല.

ഈ ഘട്ടത്തില്‍ തന്നെയാണ് ഒരു ആര്‍.എസ്.എസ് നേതാവ് പിണറായിയുടെ തലയ്ക്കും വിലയിട്ടിരുന്നത്. കേരള മുഖ്യന് മറ്റ് സംസ്ഥാനങ്ങളില്‍ വിലക്കും പരിവാര്‍ സംഘടനകള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. അടിക്കടി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതാണ് ഈ രോഷത്തിനെല്ലാം പ്രധാന കാരണം. ആര്‍.എസ്.എസുകാര്‍ കൊന്ന പ്രവര്‍ത്തകരുടെ ലിസ്റ്റ് പ്രദര്‍ശിപ്പിച്ചാണ് ഇതിനെ സി.പി.എമ്മും നേരിട്ടിരുന്നത്.

ഈ പക വീണ്ടും ഊതിവീര്‍പ്പിക്കുന്നതിനുള്ള നീക്കമാണിപ്പോള്‍ അണിയറയില്‍ വീണ്ടും നടന്നുകൊണ്ടിരിക്കുന്നത്. തുടര്‍ ഭരണം ഏത് വിധേനയേയും തടയുമെന്നതാണ് ആര്‍.എസ്.എസ് പ്രഖ്യാപനം. ബി.ജെ.പി നേതൃത്വത്തെ ഇക്കാര്യം ബോധ്യപ്പെടുത്താനാണ് സംഘത്തിന്റെ ശ്രമം. നാഗ്പൂരില്‍ നിന്നു തന്നെ ഇതിനാവശ്യമായ നിര്‍ദ്ദേശമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Top