കെട്ടിടം തകര്‍ക്കാനുള്ള ശ്രമത്തിനിടെ മേല്‍ക്കൂര ഇടിഞ്ഞുവീണു കാട്ടാന ചരിഞ്ഞു

elephant

അടിമാലി: ആള്‍ത്താമസമില്ലാതെ കിടന്നിരുന്ന കെട്ടിടം നശിപ്പിക്കുന്നതിനിടെ മേല്‍ക്കൂര ഇടിഞ്ഞുവീണു കാട്ടാന ചരിഞ്ഞു.

അടിമാലി ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ നെല്ലിപ്പാറ നൂറാംകര ആദിവാസി കോളനിയോട് ചേര്‍ന്നാണ് സംഭവം.

പ്രദേശവാസിയായ ബേബി ഐസക്കിന്റെ ഉടമസ്ഥതയിലുളള വാര്‍ക്ക കെട്ടിടം തകര്‍ക്കാനായിരുന്നു കാട്ടാനയുടെ ശ്രമം. ഭിത്തി ഇടിച്ചു നിരത്തി അകത്തുകടന്ന കാട്ടാന കെട്ടിടത്തിനുളളില്‍ കുടുങ്ങി. ഇതിനിടെ കെട്ടിടത്തിന്റെ മേല്‍ക്കൂര കാട്ടാനയുടെ ദേഹത്തു പതിക്കുകയായിരുന്നെന്ന് അടിമാലി റേഞ്ച് ഓഫീസര്‍ രാജേന്ദ്രന്‍ പറഞ്ഞു.

ഈ വീടിനു സമീപത്ത് മറ്റു താമസക്കാരില്ല. ശനിയാഴ്ച വൈകിട്ട് ആദിവാസികള്‍ കെട്ടിടം പൊളിഞ്ഞു കിടക്കുന്നതു പരിശോധിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ആന ചരിഞ്ഞിട്ടു രണ്ടു ദിവസം കഴിഞ്ഞതായി റേഞ്ച് ഓഫീസര്‍ പറഞ്ഞു.

12 വയസ് പ്രായം കണക്കാക്കുന്ന മോഴ ഇനത്തില്‍പ്പെട്ട ആനയാണ് ചരിഞ്ഞത്. പോസ്റ്റുമോര്‍ട്ടത്തിനായി വെറ്റിനറി ഡോക്ടമ്മാര്‍ ഞായറാഴ്ച എത്തുമെന്നും സംസ്‌കരിക്കുന്നതിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചതായിും റേഞ്ച് ഓഫീസര്‍ വ്യക്തമാക്കി.

Top