റോഹിംങ്ക്യകളെ മുസ്ലിംകളായി കാണേണ്ട, സഹോദരന്‍മാരായി കരുതിക്കൂടെ: ഒവൈസി

ഹൈദരാബാദ്: റോഹിംങ്ക്യന്‍ അഭയാര്‍ത്ഥികളെ മുസ്ലിംകളായി കാണേണ്ടെന്ന് ഹൈദരാബാദ് എംപി അസദുദീന്‍ ഒവൈസി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടായി നടത്തിയ അഭ്യര്‍ഥനയിലായിരുന്നു ഒവൈസിയുടെ പരാമര്‍ശം. റോഹിംങ്ക്യകളെ വെറും മനുഷ്യരായി മാത്രം കണക്കാക്കണമെന്നും അവര്‍ക്ക് അഭയാര്‍ഥികളായി ഇന്ത്യയില്‍ കഴിയാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ കഴിയാന്‍ തസ്ലിമ നസ്റീന് അവസരം നല്‍കാമെങ്കില്‍ എന്തുകൊണ്ട് റോഹിംഗ്യകള്‍ക്കു നല്‍കിക്കൂടാ തസ്ലിമ മോദിയുടെ സഹോദരിയാണെങ്കില്‍ റോഹിംങ്ക്യകളെ സഹോദരന്‍മാരായി കരുതിക്കൂടെ- ഒവൈസി ചോദിക്കുന്നു.

ഏതു നിയമപ്രകാരമാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും റോഹിംഗ്യകളെ തിരിച്ചയയ്ക്കുന്നത് മനുഷ്യത്വമാണോയെന്നും അദ്ദേഹം ചോദിച്ചു. ചഞ്ചല്‍ഗുഡയില്‍ ഒരു പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. റോഹിംങ്ക്യന്‍ അഭയാര്‍ഥികളെ സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാനിരിക്കെയാണ് ഒവൈസിയുടെ പ്രസ്താവന.

റോഹിംങ്ക്യന്‍ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. എന്നാല്‍, ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നായിരുന്നു കേന്ദ്രം നല്‍കിയ വിശദീകരണം.

Top