മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത് വിട്ടയച്ച റോബിന്‍ ബസ് വീണ്ടും സര്‍വീസ് ആരംഭിച്ചു

പത്തനംതിട്ട:പെര്‍മിറ്റ് ലംഘനത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത് വിട്ടയച്ച റോബിന്‍ ബസ് പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ വീണ്ടും സര്‍വീസ് ആരംഭിച്ചു. പുലര്‍ച്ചെ അഞ്ചിന് പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ട് രണ്ടു കിലോമീറ്റര്‍ പിന്നിട്ട് ആദ്യം മൈലപ്രയില്‍വെച്ച് ബസ് മോട്ടോര്‍ വാഹനവകുപ്പ് തടഞ്ഞു. പിന്നീട്, മൂവാറ്റുപുഴയ്ക്ക് സമീപം ആനിക്കാട്, വാളയാര്‍ എന്നിവിടങ്ങളിലും പരിശോധനയ്ക്കായി തടഞ്ഞു. പരിശോധന പൂര്‍ത്തിയാക്കിയശേഷം യാത്ര തുടരാന്‍ അനുവദിച്ചു.

പെര്‍മിറ്റ് ലംഘനത്തെ തുടര്‍ന്ന് പിടിച്ചെടുത്ത ബസ് കഴിഞ്ഞദിവസമാണ് വിട്ടുനല്‍കിയത്. നിയമലംഘനത്തിന് ചുമത്തിയ പിഴയായി 82,000 രൂപ അടച്ചതിന് പിന്നാലെയായിരുന്നു നടപടി. പിഴ ഒടുക്കിയാല്‍ ബസ് വിട്ടുനല്‍കണമെന്ന ഹൈക്കോടതി ഉത്തരവും, പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചാല്‍ വെയിലും മഴയുമേറ്റ് ബസിന് കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനല്‍കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.അതേസമയം, റോബിന്‍ ബസിനെ മാത്രം ലക്ഷ്യമിട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് ബസുടമ ഗിരീഷ് ആരോപിച്ചു. യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതരത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. പ്രതികാര മനോഭാവത്തോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും ഗിരീഷ് ആരോപിച്ചു. കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് കാര്യേജ് ആയി ഓടുന്നത് നിയമവിരുദ്ധമാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നിലപാട്. ഇതിനെതിരേ ബസുടമ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ അടുത്തമാസം വിധി വന്നേക്കും.

യാത്രക്കാരെല്ലാം ടിക്കറ്റ് ബുക്ക് ചെയ്താണോ യാത്ര ചെയ്യുന്നതെന്ന് അറിയാനായിരുന്നു പരിശോധന. യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ പരിശോധിച്ചു. എല്ലാം നിയമപരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. നിയമലംഘനം ഉണ്ടായാല്‍ ബസ് വീണ്ടും പിടിച്ചെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ബസുടമയെ അറിയിച്ചു.

Top