തലക്കടിച്ച് മോഷണം നടത്തുന്ന സംഘങ്ങള്‍ വീണ്ടും . . അവര്‍ ഇപ്പോള്‍ അരൂരിലും . .

Theft in kochi

ആലപ്പുഴ: കൊച്ചി നഗരത്തെ വിറപ്പിച്ച അക്രമണകാരികളായ മോഷണസംഘം വീണ്ടും സജീവം. രണ്ടു ദിവസം മുന്‍പ് അരൂര്‍ ക്ഷേത്രത്തിന് സമീപമുള്ള വീടിന്‌ സമീപത്താണ് അക്രമികളുടെ ‘സാന്നിധ്യം’ കണ്ടെത്തിയത്.

കായലിനോട് ചേര്‍ന്ന് ഒരു സ്ത്രീ ഒറ്റക്ക് താമസിക്കുന്ന വീടാണിത്. വീടിന്റെ മതിലില്‍ പ്രത്യേകം രേഖപ്പെടുത്തിയ അടയാളവും താഴെ ഒരു കുപ്പിയുമാണ് കിടന്നിരുന്നത്. രാത്രിയില്‍ ഈ കുപ്പിയിലെ വെള്ളത്തിന് നീല നിറം കൈവരുന്നുണ്ട്.

ആക്രമണകാരികളായ മോഷ്ടാക്കള്‍ക്ക് രാത്രിയില്‍ എളുപ്പത്തില്‍ വീട് തിരിച്ചറിയുന്നതിനാണ് ഇതെന്നാണ് നിഗമനം.

പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി തസ്‌ക്കര സംഘം തന്നെയാണ് ‘സിഗ്‌നല്‍’ സ്ഥാപിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് നിരീക്ഷണം പ്രദേശത്ത് ശക്തമാക്കിയിട്ടുണ്ട്.

കൊച്ചി തൃപ്പുണിത്തുറയില്‍ 12 അംഗ സംഘം വീട്ടുകാരെ കെട്ടിയിട്ട് ആക്രമണം നടത്തി വന്‍തോതില്‍ ആഭരണങ്ങള്‍ കവര്‍ന്നതും, കൊച്ചി പുല്ലേപ്പടിയില്‍ വൃദ്ധദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നതും നാടിനെ നടുക്കിയിരുന്നു.

അന്യസംസ്ഥാനത്ത് നിന്നുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സി.സി.ടി.വി ദൃശ്യത്തിലൂടെ തിരിച്ചറിഞ്ഞത്.

ഈ അക്രമകാരികളെ തേടി പൊലീസ് ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തിവരുമ്പോള്‍ തന്നെയാണ് അരൂരില്‍ ഇവരുടെ സാന്നിധ്യം ഇപ്പോള്‍ വീണ്ടും പ്രകടമായിരിക്കുന്നത്. ഇത് ഈ പ്രദേശത്തെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Top