മണിക്കൂറിൽ 1240 കിലോമീറ്റർ വേഗത്തിൽ ബൈക്ക് ഓടിച്ചതായി റോഡ് ക്യാമറ; മൊത്തത്തിൽ കുഴപ്പം

തിരുവനന്തപുരം : മണിക്കൂറിൽ 1240 കിലോമീറ്റർ വേഗത്തിൽ ബൈക്ക് ഓടിച്ചതായി റോഡ് ക്യാമറയുടെ കണ്ടെത്തൽ ! ഇത്തരത്തിലുള്ള ഒട്ടേറെ പൊരുത്തക്കേടുകൾ കാരണം പിഴ ചുമത്തിയുള്ള ചലാൻ തൽക്കാലം അയയ്ക്കരുതെന്നു ഗതാഗത കമ്മിഷണറുടെ ഓഫിസിൽനിന്ന് ഇന്നലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കു (എംവിഐ) വാക്കാൽ നിർദേശം നൽകി. പ്രത്യേക ഉത്തരവിറക്കാതെ കുറെ ഉദ്യോഗസ്ഥർക്കു വാട്സാപ് സന്ദേശവും കൈമാറി.

സേഫ് കേരള എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലുള്ള എംവിഐമാരെയും എഎംവിഐമാരെയും കൺട്രോൾ റൂമിൽ നിയോഗിച്ച് ഓരോ കുറ്റവും പരിശോധിച്ച് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ശരാശരി 1000 ചിത്രങ്ങൾ വരെയേ പരമാവധി ഓരോ കൺട്രോൾ റൂമിലും പ്രതിദിനം പരിശോധിക്കാൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ഒരു കൺട്രോൾ റൂമിൽ കംപ്യൂട്ടറിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്തപ്പോൾ ഹെൽമറ്റ് ഇല്ലാത്ത കുറ്റത്തിന് ‘മണിക്കൂറിൽ 1240 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിച്ചു’ എന്നാണു ചലാൻ തയാറായത്. അപ്പോൾതന്നെ എല്ലാ ചലാനും റദ്ദാക്കി ഉദ്യോഗസ്ഥർ തടിയൂരി. ഹെൽമറ്റ് ഇല്ലെന്നും സീറ്റ് ബെൽറ്റ് ഇല്ലെന്നും ക്യാമറയുടെ എഡ്‌ജ്‌ കംപ്യൂട്ടിങ്ങിൽ രണ്ടിടത്തു കണ്ടെത്തിയെങ്കിലും കൺട്രോൾ റൂമിലെ വിശദപരിശോധനയിൽ രണ്ടും തെറ്റായിരുന്നെന്നു വ്യക്തമായി. നമ്പർ പ്ലേറ്റിൽ ഒരു സ്ക്രൂ ഉണ്ടെങ്കിൽ അതു പൂജ്യമായാണ് ക്യാമറ വിലയിരുത്തുന്നത്.

എണ്ണം പെരുപ്പിച്ചുകാട്ടുന്നെങ്കിലും ഇതുവരെ ഒരു ഇ-ചലാൻ പോലും ക്യാമറ വഴി ജനറേറ്റ് ചെയ്തിട്ടില്ലാത്ത ജില്ലകളുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള ക്യാമറകളിൽനിന്നു കൺട്രോൾ റൂമിലേക്കുള്ള ഡേറ്റാ ട്രാൻസ്ഫറിനു വേഗം തീരെയില്ല. തലേദിവസത്തെ ചിത്രങ്ങളാണ് ഓരോ ദിവസവും കൺട്രോൾ റൂമിൽ ലഭിക്കുന്നത്.

Top