ഭിന്നശേഷിക്കാരുടെ സ്ഥിരം ജോലിക്കായുള്ള റോഡ് ഉപരോധം തുടരുന്നു

തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍കാലികമായി ജോലി ചെയ്ത ശേഷം പിരിച്ചുവിട്ട ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള സമരം തുടരുന്നു.

സെക്രട്ടേറിയറ്റിനു മുന്നില്‍ റോ‍ഡ് ഉപരോധിച്ചാണ് സമരം. റോഡിലെ പ്രതിഷേധം ഇന്നലെയാണ് തുടങ്ങിയത്. അവശതകള്‍ക്കിടയിലും നീതി കിട്ടുംവരെ റോഡില്‍ പ്രതിഷേധം തുടരാനാണ് തീരുമാനം. സമരം ശക്തമായതോടെ സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള ഗതാഗതം സ്തംഭിച്ചിരുന്നു. മന്ത്രിയോ മന്ത്രി ഓഫിസില്‍ നിന്നുള്ള ഉതതരവാദപ്പെട്ടവരോ ജില്ലാ കളക്ടറോ നേരിട്ടെത്തി ചര്‍ച്ച നടത്തി ഉറപ്പ് നല്‍കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരക്കാരുടെ നിലപാട്. എഡിഎം ചര്‍ച്ച നടത്താമെന്ന് ഇന്നലേയും അറിയിച്ചിരുന്നെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല.

മൂവായിരത്തിലേറെ ഭിന്നശേഷിക്കാരാണ് സ്ഥിര നിയമനം കാത്തിരിക്കുന്നത്.കാല് വയ്യാത്തവര്‍ മുതല്‍ ബധിരരും മൂകരും ആയവര്‍ വരെ പ്രതിഷേധത്തിനെത്തിയിട്ടുണ്ട്. എംപ്ലോയ്മെന്‍റ് എക്സേഞ്ച് വഴി 2004 മുതല്‍ താത്കാലിക ജോലി ചെയ്ത് പിരിച്ചുവിട്ടവര്‍ക്ക് ഇത് അതിജീവന സമരമാണ്. റോഡ് ഉപരോധം റോ‍ഡില്‍ കിടന്നുള്ള പ്രതിഷേധമായിരുന്നു ഇന്നലെ .

2003 വരെ താത്കാലികമായി ജോലി ചെയ്ത എല്ലാ ഭിന്നശേഷിക്കാരേയും സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച്‌ 2013ല്‍ സ്ഥിരപ്പെടുത്തി. ഫെബ്രുവരി 28 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരം നടത്തിയായിരുന്നു ആദ്യഘട്ട സമരം. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം എഡിഎം ഒരു മാസത്തിനകം പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കി. ഇത് നടപ്പാകാതെ വന്നതോടെയാണ് അവശതകള്‍ മറികടന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഭിന്നശേഷിക്കാര്‍ നീതി തേടി തെരുവിലിറങ്ങിയത്.

പൊതുനിയമനം നേടുന്നതിന് പ്രായപരിധി കഴിഞ്ഞവരും കൂലിവേല ചെയ്ത് ജീവിക്കാന്‍ ശേഷിയില്ലാത്തവരുമാണ് സമരരംഗത്തുള്ളത്.. സംസ്ഥാനസര്‍ക്കാരിന്‍റെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍ക്കുന്ന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയോ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചോ സ്ഥിരം നിയമനം നല്‍കണമെന്നാണ് ആവശ്യം.

Top