ഹാരിസണ്‍ വ്യാജരേഖ കേസ് പിന്‍വലിക്കാനുള്ള തീരുമാനം അറിഞ്ഞില്ലെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ വ്യാജരേഖകേസില്‍ വിജിലന്‍സ് കേസ് പിന്‍വലിക്കാനുള്ള തീരുമാനം റവന്യൂവകുപ്പ് അറിഞ്ഞില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍. ഹാരിസണിനെതിരെ റവന്യൂവകുപ്പ് രജിസ്റ്റര്‍ ചെയ്ത 49 കേസുകളില്‍ 7 കേസുകള്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ബാക്കി കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

നഷ്ടമായ ഭൂമി തിരിച്ച് പിടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും നേരത്തെ വന്ന വിഷയമായതു കൊണ്ട് പരിശോധിച്ചതിന് ശേഷമേ പ്രതികരിക്കാന്‍ കഴിയൂ എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

റവന്യൂവകുപ്പിന് കീഴിലെ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന യുണിക് തണ്ടപ്പേര്‍ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. ഇതോടെ പലയിടങ്ങളായി ഭൂമി ഉണ്ടെങ്കിലും തണ്ടപ്പേര്‍ ഒന്നു മാത്രമായിരിക്കും. 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 13500 പേര്‍ക്ക് പട്ടയം നല്‍കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യൂണിക്ക് തണ്ടപ്പേര്‍ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായിരിക്കും കേരളം.

Top