രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു; വിവിധ നഗരങ്ങളില്‍ വില 150 കടന്നു

രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ നഗരങ്ങളില്‍ വില 150 കടന്നു. അടുത്ത 15 ദിവസത്തിനുള്ളില്‍ വില കുറയുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 83.29 രൂപയാണ്. എന്നാല്‍ വിശാഖപ്പട്ടണത്തും മുറാദാബാദിലും വില 150 കടന്നു. കൊല്‍ക്കത്തയിലും ഡല്‍ഹിയിലും വില യഥാക്രമം 148-ഉം, 110-മാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ചെന്നൈയിലും മുംബൈയിലും മാത്രമാണ് ന്യായവിലയില്‍ തക്കാളി ലഭ്യമാകുന്നത്. ചെന്നൈയില്‍ റേഷന്‍ കടകളിലൂടെ 60 രൂപ നിരക്കിലാണ് തക്കാളി വില്‍ക്കുന്നത്. അതേസമയം ചില്ലറവിപണിയില്‍ തക്കാളി വില 110-നും 120-നുമിടയിലാണ്. വില ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മന്ത്രി പെരിയകറുപ്പന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് റേഷന്‍കടകളില്‍ തക്കാളി വില്‍ക്കാന്‍ തീരുമാനിച്ചത്. സമാനമായ രീതിയില്‍ മുംബൈയിലും ന്യായവിലഷോപ്പുകളിലൂടെ തക്കാളി 58 രൂപയ്ക്ക് ലഭ്യമാകുന്നുണ്ട്.

Top