The reson behind death of bjp activist political rivalrty; pinarayi

തിരുവനന്തപുരം: കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ കൊലപാതകത്തിനു കാരണം രാഷ്ട്രീയ കൊടിപ്പകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.

സിപിഎം പ്രവര്‍ത്തകനായ ധനരാജിനെ ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലപാതകത്തിന്റെ വിരോധമാണ് രാമചന്ദ്രന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.

രണ്ടു സംഭവങ്ങളിലും പൊലീസിന്റെ അന്വേഷണം സുഗമമായി മുന്നോട്ടു പോകുന്നതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. പൊലീസ് ഫലപ്രദമായി ഇടപെട്ടതിനാല്‍ കണ്ണൂരില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു

അതിനിടെ,കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംഎല്‍എ കണ്ണൂരിലെ അക്രമരാഷ്ട്രീയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കി.

കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ചു വെട്ടേറ്റ ധനരാജിനെ പരിയാരം മെഡിക്കല്‍ കോളജിലും കുത്തേറ്റ രാമചന്ദ്രനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

അതേസമയം ധനരാജിന്റെ കൊലപാതകത്തില്‍ ബിജെപി പ്രവര്‍ത്തകരായ പത്തുപേര്‍ക്കെതിരെയും രാമചന്ദ്രന്റെ ഭാര്യയുടെ പരാതിയില്‍ അന്‍പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ധനരാജിന്റെ കൊലയ്ക്കു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും രാമചന്ദ്രന്റെ കൊലപാതകത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും പാര്‍ട്ടിനേതൃത്വങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു.

Top