റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സി വരുന്നു: പരീക്ഷണം ഉടന്‍

Reserve bank of india

മുംബൈ: പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കറന്‍സിയുടെ പരീക്ഷണം ഉടന്‍ ഉണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍. ഇത് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വെബിനറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമീപഭാവിയില്‍ ഡിജിറ്റല്‍ കറന്‍സി ആരംഭിക്കാന്‍ കേന്ദ്ര ബാങ്ക് പദ്ധതിയിടുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. മൊത്ത, റീട്ടെയില്‍ വിഭാഗങ്ങള്‍ക്കായി ഡിജിറ്റല്‍ കറന്‍സിയുടെ പൈലറ്റ് പ്രോജക്റ്റ് കേന്ദ്ര ബാങ്ക് ഉടന്‍ ആരംഭിക്കും. എന്നാല്‍, ഇത് നടപ്പിലാക്കുന്നതിന് ആര്‍ബിഐ ആക്റ്റ്, ഫെമ ആക്റ്റ്, ഐടി ആക്റ്റ്, കോയിനേജ് ആക്റ്റ് എന്നിവ പോലുള്ള സുപ്രധാന നിയമങ്ങളില്‍ ഭേദഗതി ആവശ്യമാണ്.

ഡിജിറ്റല്‍ കറന്‍സി സമാരംഭിക്കുന്നതിലെ അപകടസാധ്യതകളും അതിന്റെ നേട്ടങ്ങളും സംബന്ധിച്ച് നിരവധി ചര്‍ച്ചകളും പഠനങ്ങളും ആവശ്യമാണ്. ആര്‍ബിഐയുടെ ഡിജിറ്റല്‍ കറന്‍സി നിലവിലുളള കറന്‍സി നോട്ടുകളില്‍ നിന്ന് അധികം വ്യത്യസ്തമായിരിക്കില്ലെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നത് സമ്പദ് വ്യവസ്ഥയിലെ കറന്‍സി നോട്ടുകളുടെ ഉപയോഗം കുറയ്ക്കുന്നതിനും സ്വകാര്യ വെര്‍ച്വല്‍ കറന്‍സികളുടെ ഉപയോഗത്തില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

Top