‘ടോക്കണൈസേഷൻ’ പദ്ധതി വൈകും; തുടങ്ങുന്നത് ജൂൺ 30ന്

ന്യൂ‍ഡൽഹി: ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള ‘കാർഡ് ടോക്കണൈസേഷൻ’ രീതി നടപ്പാക്കാൻ റിസർവ് ബാങ്ക് 6 മാസം കൂടി അനുവദിച്ചു. ജനുവരി 1 മുതൽ നടപ്പാക്കേണ്ടിയിരുന്ന മാറ്റം 2022 ജൂൺ 30നു മാത്രമേ പ്രാബല്യത്തിൽ വരൂ. സാങ്കേതികമായ മാറ്റങ്ങൾ വരുത്താൻ കൂടുതൽ സമയം വേണമെന്ന ആവശ്യവുമായി കമ്പനികളും ബാങ്കുകളും ആർബിഐയെ സമീപിച്ചതോടെയാണ് കാലാവധി നീട്ടിയത്. ഇതു രണ്ടാം തവണയാണ് സമയപരിധി നീട്ടുന്നത്.

കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും റിസർവ് ബാങ്കിനു കത്തയച്ചിരുന്നു. പുതിയ രീതി നടപ്പായാൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നൽകിയ ബാങ്കിനും കാർഡ് നെറ്റ്‍വർക്കിനുമല്ലാതെ രാജ്യത്ത് മറ്റൊരു സ്ഥാപനത്തിനോ ശൃംഖലയ്ക്കോ സൂക്ഷിച്ചുവയ്ക്കാനാവില്ല. ഇ–കൊമേഴ്സ് വെബ്സൈറ്റുകളും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന കാർഡ് വിവരങ്ങൾ ചോരാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പുതിയ നിയന്ത്രണം.

പണമിടപാടിൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡിലെ യഥാർഥ വിവരങ്ങൾ നൽകുന്നതിനു പകരം ഒരു ടോക്കൺ ഉപയോഗിക്കുന്നതാണ് രീതി. യഥാർഥ കാർഡ് വിവരങ്ങൾക്കു പകരം ഈ ടോക്കണായിരിക്കും സൈറ്റുകൾക്ക് ലഭിക്കുക. ഓരോ വെബ്സൈറ്റിലും ഒരേ കാർഡിന് പല ടോക്കണുകളായിരിക്കും. ഇതുമൂലം ഏതെങ്കിലും ഒരു സൈറ്റിൽ വിവരചോർച്ചയുണ്ടായാലും അപകടസാധ്യതയില്ല.

Top