പ്രാര്‍ത്ഥനയോടെ രാജ്യം; ഉത്തരാഖണ്ഡിലെ ടണലില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം വൈകും

ഉത്തരകാശി: ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം വൈകും. രക്ഷാദൗത്യം മൂന്ന് മണിക്കൂറോളം വൈകാനാണ് സാധ്യത. സ്റ്റീല്‍ പാളികള്‍ മുറിച്ച് മാറ്റുന്നത് തുടരുന്നുണ്ട്. ഡ്രില്ലിങ് അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കവേ ഡ്രില്ലിങ് മെഷീന്‍ ഇരുമ്പുപാളിയില്‍ ഇടിച്ചതാണ് കാരണം.

അതേസമയം, രക്ഷാദൗത്യം പൂര്‍ത്തിയായാല്‍ തൊഴിലാളികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കി. ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരെ ഋഷികേശിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യും. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരകാശിയില്‍ ക്യാമ്പ് ചെയ്യുകയാണ്. കുടുങ്ങിക്കിടക്കുന്നവരുള്ള ഇടത്തേക്ക് എത്താന്‍ ഇനി പത്ത് മീറ്ററോളം പൈപ്പ് മാത്രമാണ് ഇനി ഇടാനുള്ളതെന്ന് ട്രഞ്ച്‌ലസ് മെഷീന്‍ വിദഗ്ധന്‍ കൃഷ്ണന്‍ ഷണ്‍മുഖന്‍ ഇന്നലെ അറിയിച്ചിരുന്നു.

രക്ഷപ്പെടുത്തുന്ന തൊഴിലാളികള്‍ക്കായി 41 കിടക്കകളുള്ള ആശുപത്രി ഒരുക്കിയിട്ടുണ്ട്. ഉത്തരകാശിയില്‍ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. അടുത്ത മണിക്കൂറില്‍ തന്നെ ശുഭ വാര്‍ത്ത പ്രതീക്ഷിക്കാം എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

Top