‘മാനാടി’ന്‍റെ എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കുമുള്ള റീമേക്ക് അവകാശം വില്‍പ്പനയായി

തമിഴ് സിനിമയില്‍ നിന്നുള്ള സമീപകാലത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു ചിലമ്പരശനെ  നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്‍ത മാനാട്. കൊവിഡ് തരംഗത്തിനു ശേഷം തിയറ്ററുകളെ ചലനാത്മകമാക്കിയ ചുരുക്കം ചിത്രങ്ങളില്‍ ഒന്നാണ് ഇത്. തിയറ്റര്‍ റിലീസിന് ഒരു മാസം കഴിഞ്ഞ് ഡിസംബര്‍ 24ന് ചിത്രം സോണി ലിവിലൂടെ ഒടിടി റിലീസ് ആയും എത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു നേട്ടവും ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കുമുള്ള ചിത്രത്തിന്‍റെ റീമേക്ക് അവകാശങ്ങള്‍ വില്‍പ്പനയായിരിക്കുകയാണ്.

പ്രമുഖ നിര്‍മ്മാണ കമ്പനിയായ സുരേഷ് പ്രൊഡക്ഷന്‍സ് ആണ് റീമേക്ക് റൈറ്റ്സ് മുഴുവനായി വാങ്ങിയിരിക്കുന്നത്. എല്ലാ ഇന്ത്യന്‍ ഭാഷകളിലെയും റീമേക്ക് അവകാശങ്ങള്‍ക്കൊപ്പം തെലുങ്ക് മൊഴിമാറ്റ പതിപ്പിന്‍റെ തിയറ്റര്‍ അവകാശവും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. തമിഴ് റിലീസിനൊപ്പം തെലുങ്ക് സംസ്ഥാനങ്ങളില്‍ ‘ലൂപ്പ്’ എന്ന പേരില്‍ തെലുങ്ക് മൊഴിമാറ്റ പതിപ്പ് റിലീസ് ചെയ്യുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അത് നടക്കാതെപോയി.

സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തില്‍ ടൈം ലൂപ്പ് ആശയം അവതരിപ്പിക്കുകയാണ്. അബ്‍ദുള്‍ ഖാലിഖ് എന്ന നായക കഥാപാത്രമായി ചിമ്പു എത്തിയപ്പോള്‍ പ്രതിനായകനായെത്തിയ എസ് ജെ സൂര്യയും കൈയടി നേടി. ഡിസിപി ധനുഷ്‍കോടി എന്ന കഥാപാത്രത്തെയാണ് എസ് ജെ സൂര്യ അവതരിപ്പിച്ചത്. കല്യാണി പ്രിയദര്‍ശന്‍ ആയിരുന്നു നായിക. എസ് എ ചന്ദ്രശേഖര്‍, വൈ ജി മഹാദേവന്‍, ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, കരുണാകരന്‍, സുബ്ബു പഞ്ചു, അഞ്ജേയ കീര്‍ത്തി, മനോജ് ഭാരതിരാജ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തി.

Top