സാമന്ത കേന്ദ്ര കഥാപാത്രമാകുന്ന ‘ശാകുന്തളം’ റിലീസ് പ്രഖ്യാപിച്ചു ; ‘ദുഷ്യന്തനാ’യി ദേവ് മോഹൻ

കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് ശാകുന്തളം. സിനിമയിൽ സാമന്തയാണ് നായികയായി എത്തുന്നത്. മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ ആണ് ‘ദുഷ്യന്തനാ’യി വേഷമിടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വിവരം പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ഫെബ്രുവരി 17നാകും ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുക.

റിലീസ് വിവരം പങ്കുവച്ച് കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. റോമാന്റിക് ആയിട്ടുള്ള ശകുന്തളയെയും ദുഷ്യന്തനേയും ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ഗുണശേഖര്‍ ആണ് ശാകുന്തളം സംവിധാനം ചെയ്തിരിക്കുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ.

കഴിഞ്ഞ വർഷം നവംബര്‍ നാലിന് ശാകുന്തളം റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ വിവിധ കാരണങ്ങളാൽ റിലീസ് മാറ്റുക ആയിരുന്നു. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയ നീതു ലുല്ലയാണ് ‘ശകുന്തള’യായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കുന്നത്.

Top