ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും; ഗൗതം മേനോന്‍

രാധകര്‍ കാത്തിരിക്കുന്ന വിക്രം ചിത്രം ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. ജൂലൈ 19 ന് എത്തുന്ന രണ്ടാമത്തെ ഗാനത്തിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിക്കുക.

‘ഹിസ് നെയിം ഈസ് ജോണ്‍’ എന്ന ടൈറ്റിലിലാണ് രണ്ടാമത്തെ ഗാനം പുറത്തിറങ്ങുന്നത്. ഗാനത്തിന്റെ പ്രൊമോ വീഡിയോ സോണി മ്യൂസിക്ക് സൗത്ത് ഇന്ന് പുറത്തുവിട്ടു. ഹാരിസ് ജയരാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 19ന് ഗാനം റിലീസാകുന്നതോടെ നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിക്കുമെന്ന ആശ്വാസത്തിലാണ് ആരാധകര്‍.

2016ല്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ധ്രുവനച്ചത്തിരം. ചിത്രത്തിന്റെ ടീസര്‍ 2017ല്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയി. കാരണം തിരക്കി ആരാധകര്‍ എത്തിയെങ്കിലും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. തുടര്‍ന്ന് 2022ല്‍ ചിത്രം റിലീസാകുമെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സംവിധായകന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഡബ്ബിങ്ങും മറ്റും പൂര്‍ത്തിയായ ശേഷവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വീണ്ടും വൈകുകയായിരുന്നു.

സ്പൈ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തില്‍ ജോണ്‍ എന്ന സീക്രട്ട് ഏജന്റായാണ് വിക്രം എത്തുന്നത്. ഋതു വര്‍മ്മ, ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിലായിരുന്നു ആദ്യം ചിത്രമെങ്കിലും നിലവില്‍ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവിസാണ് ചിത്രം പുറത്തെത്തിക്കുന്നത്.

 

Top