സൗബിൻ ചിത്രം ‘അയല്‍വാശി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

സൗബിൻ ഷാഹിർ, ബിനു പപ്പു, നസ്‍ലിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയല്‍വാശി എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 21 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദർശനത്തിന് എത്തും. നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. നിഖില വിമൽ ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്.

ഫാമിലി കോമഡി എന്റര്‍ടെയ്‍നര്‍ ആണ് ചിത്രമാണ് അയല്‍വാശി. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിര്‍മ്മിക്കുന്ന ചിത്രമാണിത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളും ഇർഷാദിന്റെ സഹോദരനുമായ മുഹ്സിൻ പരാരിയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. പൃഥ്വിരാജിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച ഇർഷാദ് പരാരി ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധാന സഹായി കൂടിയായിരുന്നു.

സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അയല്‍വാശിക്ക്. സൗബിന്‍ ഷാഹിറിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്‍ലിനും ഒപ്പം ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ, ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ് പ്രഭു, അഖില ഭാർഗവൻ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ.

സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റർ സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ ബാദുഷ, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷാര്‍ ഹംസ. പി ആർ ഒ- എ എസ് ദിനേശ്, മീഡിയ പ്രെമോഷൻ സീതാലക്ഷ്മി, മാർക്കറ്റിങ് & മാർക്കറ്റിങ് പ്ലാൻ ഒബ്സ്‌ക്യുറ, ഡിസൈൻ- യെല്ലോ ടൂത്ത്.

Top