‘കമ്മീഷണറില്‍ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം’; ഷാജി കൈലാസ്

സുരേഷ് ഗോപിയെക്കുറിച്ച് താന്‍ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന കാര്യത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകന്‍ ഷാജി കൈലാസ്. കമ്മീഷണറില്‍ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധംമെന്നും സിനിമയിലേക്ക് വന്ന അന്ന് മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണെന്നും ഷാജി കൈലാസ് പറയുന്നു.

എന്റെ ആദ്യ ചിത്രത്തില്‍ നായകന്‍ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകന്‍. ഞങ്ങള്‍ക്കിടയില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും അറിയാമെന്നും ഷാജി കൈലാസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

അന്നും ഇന്നും സഹജീവി സ്‌നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃദ്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അത് നശിപ്പിക്കുവാന്‍ സാധിക്കുകയില്ല. ഇത്തരത്തില്‍ വ്യാജമായ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവര്‍ ദയവായി ഇത്തരം പ്രവര്‍ത്തികള്‍ നിര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു

സിനിമയേത്, ജീവിതമേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധത്തില്‍ സുരേഷ് ഗോപി മാറിപ്പോയെന്ന് ഷാജി കൈലാസ് പറഞ്ഞുവെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണം. എന്നാല്‍ ഇത് വ്യാജപ്രചരണമാണെന്നും തന്റെ മനസിലെ ഇത് വേദനിപ്പിച്ചുവെന്നും ഷാജി കൈലാസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

Top