മലപ്പുറത്തെ ചുവപ്പ് ‘പ്രതികാരം’ തുടരും, നന്ദകുമാർ മന്ത്രിയാകാനും സാധ്യത !

മുസ്ലീംലീഗിന്റെ പൊന്നാപുരം കോട്ടയായാണ് മലപ്പുറം ജില്ലയെ ലീഗണികള്‍ നോക്കികാണാറുള്ളത്. എന്നാല്‍ ഈ പൊന്നാപുരം കോട്ടയില്‍ പലവട്ടം വിള്ളല്‍ വീഴ്ത്തിയ ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. ഇത്തവണയും ലീഗ് പ്രതീക്ഷകള്‍ക്കുമേല്‍ ചെങ്കൊടിയാണ് റെഡ് സിഗ്‌നല്‍ ഉയര്‍ത്തിയിരിക്കുന്നത്. ഉറപ്പായും തിരിച്ചുപിടിക്കും എന്ന് സാക്ഷാല്‍ പാണക്കാട് തങ്ങള്‍ പോലും കണക്കുകൂട്ടിയ താനൂര്‍ മണ്ഡലത്തില്‍ ചെങ്കൊടി തന്നെയാണ് ഇത്തവണയും പാറിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അതുക്കും മീതെയാണ് നിലമ്പൂരിലെയും മിന്നുന്ന വിജയം.

തവനൂരില്‍ നന്മ മരത്തെ ഇറക്കിയപ്പോള്‍ ആ ‘മരത്തെ’ തന്നെയാണിപ്പോള്‍ ചെമ്പട കടപുഴക്കി കളഞ്ഞിരിക്കുന്നത്. പൊന്നാനിയിലെ വിജയവും ഏറെ തിളക്കമാര്‍ന്നതാണ്. പെരിന്തല്‍മണ്ണയാകട്ടെ കൈവിട്ട് പോയത് വെറും നിസാര വോട്ടുകള്‍ക്കാണ്. ഒന്നുകൂടി ശ്രമിച്ചിരുന്നെങ്കില്‍ വണ്ടൂരില്‍ പോലും വലിയ അത്ഭുതം സംഭവിക്കുമായിരുന്നു. തീര്‍ന്നില്ല മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പില്‍ ഒന്നരലക്ഷത്തോളും ലീഗ് വോട്ടുകളും സി.പി.എം ചോര്‍ത്തി കളഞ്ഞിട്ടുണ്ട്. ചുവപ്പ് അതിന്റെ ശക്തി ഇനിയും വര്‍ദ്ധിപ്പിച്ചാല്‍ മുസ്ലീംലീഗിനെ സംബന്ധിച്ച് നിലനില്‍പ്പു തന്നെയാണ് അപകടത്തിലാകുക.

പരമ്പരാഗതമായ മുസ്ലീം ലീഗ് കോട്ടകളിലാണ് ചെങ്കൊടി ഇപ്പോള്‍ കടന്നു കയറിയിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പിന്തുണച്ചിട്ടും തിരിച്ചടി നേരിടുന്നതില്‍ ലീഗ് നേതൃത്വവും വലിയ ആശങ്കയിലാണുള്ളത്. മലപ്പുറം ജില്ലക്ക് പുറത്തുള്ള ഉറച്ച സീറ്റുകള്‍ നഷ്ടപ്പെട്ടതും മുസ്ലീംലീഗ് നേതൃത്വത്തെ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്. കളമശ്ശേരി കൂടി നഷ്ടമായതോടെ ഫലത്തില്‍ മലബാര്‍ പാര്‍ട്ടിയായാണ് ലീഗ് മാറിയിരിക്കുന്നത്. ഇനിയും അഞ്ചു വര്‍ഷം കൂടി പ്രതിപക്ഷത്തിരിക്കേണ്ടി വരുന്നത് മുസ്ലീംലീഗിനെ കൂടുതല്‍ ക്ഷീണിപ്പിക്കാനാണ് സാധ്യത.

ഭരണം ഇല്ലാത്തപ്പോള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്ന ഏക പാര്‍ട്ടി സി.പി.എം മാത്രമാണ്. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകള്‍ പോരാട്ട വീര്യം പുറത്തെടുക്കുന്നതും യു.ഡി.എഫ് ഭരണത്തിലാണ്. അതിനുള്ള അവസരം ഭരണകൂടമായിട്ട് തന്നെയാണ് ഈ സംഘടനകള്‍ക്കും ഒരുക്കി കൊടുക്കാറുള്ളത്. അതുതന്നെയാണ് ചരിത്രവും. എന്നാല്‍ മുസ്ലീംലീഗിനെയും കോണ്‍ഗ്രസ്സിനെയും സംബന്ധിച്ച് പ്രതിപക്ഷത്തിരിക്കുക എന്നു പറഞ്ഞാല്‍ തന്നെ വലിയ പേടിയാണ്. 5 വര്‍ഷം കഴിഞ്ഞാല്‍ ‘ഭരണം’ എന്ന പ്രതീക്ഷയില്‍ ഒപ്പം നിന്നവര്‍ ഭരണംകിട്ടാത്ത സാഹചര്യത്തില്‍ ഭിന്നിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സ്വന്തം അണികളെ മാത്രമല്ല നേതാക്കളെ പോലും പിടിച്ചു നിര്‍ത്തേണ്ട ഗതികേടിലാണിപ്പോള്‍ യു.ഡി.എഫുള്ളത്. ഈ അനുകൂല സാഹചര്യത്തെ ശരിക്കും പ്രയോജനപ്പെടുത്താന്‍ തന്നെയാണ് സി.പി.എം നീക്കം നടത്തുന്നത്. അതിനായി ഏറ്റവും ശക്തമായ ഇടപെടലാണ് മലപ്പുറത്തും ചെമ്പട നടത്തുന്നത്. മുസ്ലീംലീഗ് ശക്തികേന്ദ്രങ്ങളെയാണ് പ്രധാനമായും സി.പി.എം ലക്ഷൃമിടുന്നത്. മലപ്പുറത്ത് നിന്നും പി.നന്ദകുമാര്‍ മന്ത്രിയാകുമെന്ന പ്രതീക്ഷയും സി.പി.എം പ്രവര്‍ത്തകര്‍ക്കുണ്ട്. ലോകായുക്ത ഉത്തരവ് ഹൈക്കോടതി കൂടി ശരിവച്ചതിനാല്‍ കെ.ടി ജലീലിന് ഇത്തവണ സാധ്യത കുറവാണ്. ഇതും നന്ദകുമാറിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. പാര്‍ട്ടി ചിഹ്നത്തില്‍ വിജയിച്ച നന്ദകുമാര്‍ മന്ത്രിയായാല്‍ അതും ലീഗിനെ സംബന്ധിച്ച് തിരിച്ചടിയായാണ് മാറുക.

മലപ്പുറം ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും പ്രവര്‍ത്തിച്ച് പരിചയമുള്ള നന്ദകുമാര്‍ ലീഗ് നേതൃത്വത്തിന്റെ ഉറക്കമാണ് കെടുത്തുക. ടാര്‍ഗറ്റ് ചെയ്ത് ഓരോ ലീഗ് കോട്ടകളും പൊളിച്ചടുക്കുമെന്നാണ് വി.അബദുറഹിമാന്‍, പി.വി അന്‍വര്‍, കെ.ടി ജലീല്‍ എന്നീ എം.എല്‍.എമാരും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. പാലൊളിക്ക് ശേഷം ശ്രീരാമകൃഷ്ണനെ രണ്ടുവട്ടം വിജയിപ്പിച്ച പൊന്നാനി നല്ല ഭൂരിപക്ഷം നല്‍കിയാണ് പി.നന്ദകുമാറിനെയും വിജയിപ്പിച്ചിരിക്കുന്നത്. 17,043 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചിരിക്കുന്നത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ മധുരമായ പ്രതികാരം കൂടിയായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്. സ്പീക്കര്‍ക്കെതിരായ ആരോപണങ്ങള്‍ വോട്ടാക്കി മാറ്റാന്‍ നെറികെട്ട നീക്കങ്ങളാണ് പ്രതിപക്ഷം നടത്തിയിരുന്നത്. ഇതോടെ തന്നേക്കാള്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിന് നന്ദകുമാറിനെ വിജയിപ്പിക്കാന്‍ ശ്രീരാമകൃഷ്ണന്‍ തന്നെയാണ് മണ്ഡലത്തില്‍ തമ്പടിച്ച് പ്രചരണം നയിച്ചിരുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം പാര്‍ട്ടി അണികള്‍ ഉയര്‍ത്തിയ പ്രതിഷേധം തണുപ്പിക്കുവാനും ശക്തമായ ഇടപെടലാണ് ശ്രീരാമകൃഷ്ണനും സി.പി.എം ഏരിയാ സെക്രട്ടറി പി.കെ ഖലീമുദ്ദീനും നടത്തിയിരുന്നത്. ഈ പ്രതിഷേധത്തിന്റെ തണലില്‍ വിജയിക്കാമെന്ന യു.ഡി.എഫ് കണക്കുകൂട്ടലുകള്‍ കൂടിയാണ് ഇതോടെ തകര്‍ന്നടിഞ്ഞിരുന്നത്. രാഹുല്‍ ഗാന്ധി നേരിട്ടെത്തി വലിയ ‘ഷോ’ നടത്തിയിട്ടും വമ്പന്‍ തിരിച്ചടിയാണ് പൊന്നാനിയില്‍ യു.ഡി.എഫിന് നിലവില്‍ സംഭവിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളേക്കാള്‍ വലിയ ചോര്‍ച്ചയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിനെയും ലീഗിനെയും സംബന്ധിച്ച് ഇത് തികച്ചും അപ്രതീക്ഷിതം തന്നെയാണ്.

പാര്‍ട്ടി സംവിധാനത്തെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞതാണ് യു.ഡി.എഫ് പ്രതീക്ഷകളെ ആകെ തകിടം മറിച്ചിരിക്കുന്നത്. ശ്രീരാമകൃഷ്ണന്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും വലിയ രൂപത്തിലാണ് ജനങ്ങളെ സ്വാധീനിച്ചിരിക്കുന്നത്. ഈ വികസന പ്രവര്‍ത്തനങ്ങള്‍ പറഞ്ഞു തന്നെയാണ് ഇടതുപക്ഷം വോട്ടുകളും ചോദിച്ചിരുന്നത്. അതു കൊണ്ട് തന്നെ നന്ദകുമാറിന്റെ വിജയം ശ്രീരാമകൃഷ്ണന്റെ കൂടി വിജയമാണ്. പ്രതിഷേധ കൊടികളെ താഴെ വയ്പ്പിക്കുന്നതില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ സി.പി.എം ഏരിയാ സെക്രട്ടറി പി.കെ ഖലീമുദ്ദീനും മറ്റു സി.പി.എം നേതാക്കളും അവസരത്തിനൊത്തു തന്നെയാണ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരിക്കുന്നത്. ഭൂരിപക്ഷം വര്‍ദ്ധിക്കാന്‍ ഇതും കാരണമായിട്ടുണ്ട്.

പാലൊളിക്ക് പിന്‍ഗാമിയായി പൊന്നാനിയില്‍ നിന്നും ഒരു മന്ത്രിക്കുള്ള സാധ്യതകൂടിയാണ് ഇതോടെ വര്‍ദ്ധിച്ചിരിക്കുന്നത്. നിലവില്‍ സി.ഐ.ടി.യു ദേശീയ സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമാണ് നന്ദകുമാര്‍. അദ്ദേഹം മന്ത്രിയാകുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഏറെ ആകാംക്ഷ മുസ്ലീംലീഗ് നേതൃത്വത്തിനാണ്. അവര്‍ ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമാണത്. തുടര്‍ഭരണ എഫക്ട് ലീഗ് കോട്ടകളില്‍ ഉണ്ടാക്കാന്‍ നന്ദകുമാറിന് കഴിയുമെന്ന് ഏറ്റവും നന്നായി അറിയാവുന്നതും മുസ്ലീംലീഗ് നേതൃത്വത്തിനു തന്നെയാണ്.

Top