എന്ത് ‘ഏകാധിപത്യ’ ഭരണം ? ചെങ്കൊടിക്ക് നഷ്ടമായത് 16 പേരെ !

തിരുവനന്തപുരം: രാഷ്ട്രീയ അരുംകൊലകൾ കേരളത്തെ സംബന്ധിച്ച് ഇപ്പോൾ വളരെ കുറവാണെങ്കിലും, അത് തുടരുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. രാഷ്ട്രീയ നേതൃത്വങ്ങളുടെ ശക്തമായ ഇടപെടൽ കൊണ്ട്, കണ്ണൂരിലെ കൊലപാതക പരമ്പരക്ക് താൽക്കാലികമായെങ്കിലും ഒരറുതി വരുത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇവിടെയും ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പിണറായി സർക്കാർ അധികാരം ഏറ്റെടുത്ത ശേഷം കഴിഞ്ഞ അഞ്ചര വർഷത്തിനിടയിൽ, സി.പി.എമ്മിനു മാത്രം 16 പ്രവർത്തകരെയാണ് നഷ്ടമായിരിക്കുന്നത്.ഇതിൽ, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരും ഉൾപ്പെടും.

പിണറായിയിലെ രവീന്ദ്രനിൽ തുടങ്ങി, തിരുവല്ലയിൽ പെരിങ്ങൽ ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്‌ കുമാർവരെ 16 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.ഇതിൽ 11 കൊലപാതകവും നടത്തിയത് ആർഎസ്‌എസ്‌ ആണെന്നാണ് സി.പി.എം ആരോപിക്കുന്നത്. കോൺഗ്രസുകാർ മൂന്നു പേരെയും കൊന്നിട്ടുണ്ട്. കൊലപാതകികളിൽ മുസ്ലിം ലീഗും എസ്‌ഡിപിഐയും ഉണ്ടെന്നതും ശ്രദ്ധേയമാണ്.

ആലപ്പുഴ വള്ളികുന്നത്ത് പത്താം ക്ലാസുകാരനായ എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിനെ കഴിഞ്ഞ ഏപ്രിൽ 14 വിഷുദിനത്തിലാണ് കുത്തിക്കൊന്നിരുന്നത്. ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെ സമീപത്തെ മൈതാനത്താണ് അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയത്‌. ഇതിനു പിന്നിൽ ആർ.എസ്.എസ് പ്രവർത്തകർ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

● സി വി രവീന്ദ്രൻ (2016 മെയ്‌ 19, കണ്ണൂർ)
കേരള ജനത എൽഡിഎഫിനെ തെരഞ്ഞെടുത്തതിന്റെ ഫലംവന്ന 2016 മെയ്‌ 19ന്‌, പിണറായിയിൽ വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഐ എം പ്രവർത്തകനായ സി വി രവീന്ദ്രനെ, ബോംബെറിഞ്ഞ്‌ വീഴ്‌ത്തിയശേഷം ലോറി കയറ്റി കൊല്ലുകയായിരുന്നു. ഇവിടെയും പ്രതിക്കൂട്ടിൽ സംഘപരിവാർ പ്രവർത്തകരാണ്.

● ശശികുമാർ (2016 മെയ് 27, തൃശൂർ)
ഏങ്ങണ്ടിയൂരിലെ സിപിഐ എം പ്രവർത്തകൻ ശശികുമാറിനെ മെയ് ഏഴി-ന് രാത്രിയാണ് ക്രിമിനൽ സംഘം വെട്ടിവീഴ്‌ത്തിയത്. ചികിത്സയിലിരിക്കെ 27ന്‌ അദ്ദേഹം മരിച്ചു. പ്രതിയാക്കപ്പെട്ടത് സംഘ പരിവാർ പ്രവർത്തകരാണ്.

● സി വി ധനരാജ് (2016 ജൂലൈ 11, കണ്ണൂർ )
ഡിവൈഎഫ്ഐ പയ്യന്നൂർ കുന്നരു മേഖലാ മുൻസെക്രട്ടറിയും സിപിഐ എം പ്രവർത്തകനുമായ ധനരാജിനെ വീടിനുസമീപമാണ് വെട്ടിക്കൊന്നത്. അറസ്റ്റിലായത് ആർ.എസ്.എസ് പ്രവർത്തകരാണ്.

● സുരേഷ് കുമാർ (2016 ആഗസ്‌ത്‌ 13, തിരുവനന്തപുരം)
തമലം ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന സുരേഷ്‌ കുമാറിനെ നെയ്യാറ്റിൻകര വണ്ടന്നൂരിലാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിസ്ഥാനത്ത് ആർ.എസ്.എസ്.

● കെ മോഹനൻ (2016 ഒക്ടോബർ 10, കണ്ണൂർ )
നവരാത്രിനാൾ രാവിലെ 10.20-ന് പടുവിലായി ലോക്കൽ കമ്മിറ്റി അംഗവും വാളാങ്കിച്ചാൽ ബ്രാഞ്ച് സെക്രട്ടറിയും കള്ളുഷാപ്പ് തൊഴിലാളിയുമായ കെ മോഹനനെ ഷാപ്പിൽ കയറി വെട്ടിക്കൊന്നു.പ്രതികളായത് സംഘപരിവാർ പ്രവർത്തകർ.

● കണ്ണിപ്പൊയ്യിൽ ബാബു (2018 മെയ് 7, കണ്ണൂർ)
പള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും മാഹി മുൻ നഗരസഭാ കൗൺസിലറുമായ കണ്ണിപ്പൊയിൽ ബാബു എന്ന കെ പി ദിനേശ് ബാബുവിനെ കഴുത്തറുത്ത് കൊന്ന കേസിലും ആർ.എസ്.എസുകാരാണ് പ്രതികൾ.

● എസ്‌ അഭിമന്യു (2018 ജൂലൈ 1, എറണാകുളം)
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ എസ്ഡിപിഐക്കാരാണ് കുത്തിക്കൊന്നത്, പ്രതികളെ വൈകിയാണെങ്കിലും പൊലീസ് പിടികൂടുകയുണ്ടായി.

●അബൂബക്കർ സിദ്ദിഖ് (2018 ആഗസ്‌ത്‌ 5, കാസർകോട്‌)
ഉപ്പളയിൽ സിപിഐ എം പ്രവർത്തകൻ അബൂബക്കർ സിദ്ദിഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ് പ്രതിക്കൂട്ടിൽ.

● സിയാദ് (2020 ആഗസ്‌ത്‌ 18,ആലപ്പുഴ)
ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങുമ്പോൾ പെരുവ ലോക്കലിലെ എംഎസ്എം കോളേജ് ബ്രാഞ്ച് അംഗം സിയാദിനെ വെട്ടിക്കൊന്നു. പ്രതിസ്ഥാനത്ത് കോൺഗ്രസ്സ് പ്രവർത്തകർ.

● മിഥിലാജ്, ഹഖ്മുഹമ്മദ് �(2020 ആഗസ്‌ത്‌ 31-, തിരുവനന്തപുരം)

വെഞ്ഞാറമൂട് തേമ്പാമൂട്ടിലെ ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ്, ഡിവൈഎഫ്ഐ കലുങ്കിൻമുഖം യൂണിറ്റ് പ്രസിഡന്റും പാർടി കലുങ്കിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ്മുഹമ്മദ് എന്നിവരെ, തിരുവോണദിവസം പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി. പ്രതികളെല്ലാം കോൺഗ്രസ്സ് പ്രവർത്തകർ.

● പി യു സനൂപ് (2020 ഒക്ടോബർ 4, തൃശൂർ)
കുന്നംകുളം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊന്നു. പ്രതികൾ ആർ.എസ്.എസുകാർ.

● ആർ മണിലാൽ (2020 ഡിസംബർ 6-, കൊല്ലം)
തദ്ദേശ തെരഞ്ഞെടുപ്പിനിടെ മൺറോത്തുരുത്തിൽ രാത്രി സിപിഐ എം പ്രവർത്തകൻ ആർ മണിലാലിനെ കുത്തിക്കൊലപ്പെടുത്തി. പ്രതിയായത് സംഘപരിവാർ പ്രവർത്തകൻ,

● ഔഫ് അബ്ദുറഹിമാൻ (2020 ഡിസംബർ 23, കാസർകോട്‌)
കാഞ്ഞങ്ങാട് പഴയകടപ്പുറത്തെ ഡിവൈഎഫ്ഐ കല്ലൂരാവി യൂണിറ്റ് അംഗം മുത്തോട് ഔഫ് അബ്ദുറഹിമാനെയും കുത്തിക്കൊന്നു. ഈ കേസിൽ മുസ്ലീം ലീഗാണ് പ്രതിക്കൂട്ടിൽ.

ഇങ്ങനെ 16 പ്രവർത്തകരെയാണ് ഇടതുപക്ഷ ഭരണത്തിൽ തന്നെ സി.പി.എമ്മിനു നഷ്ടമായിരിക്കുന്നത്. ഏകാധിപത്യ ഭരണമാണ്, അടിച്ചമർത്തലാണ് ഇവിടെ നടക്കുന്നത് എന്നൊക്കെ പറയുന്നവർ, ഈ കണക്കുകളും കാണണം.

Top