അവർ സൃഷ്ടിക്കുന്നത് ‘കലാപ കാതൽ’ സമൂഹം യാഥാർത്ഥ്യം തിരിച്ചറിയണം

സംസ്ഥാനത്തിപ്പോള്‍ അരങ്ങ് തകര്‍ക്കുന്നത് നര്‍ക്കോട്ടിക് ജിഹാദ്…ലൗ ജിഹാദ് വിവാദങ്ങളാണ്. സകല പരിധിയും ലംഘിച്ച് കേരളത്തില്‍ അശാന്തി വിതക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ തകൃതിയായാണ് നടക്കുന്നത്. മതേതര കേരളത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഏര്‍പ്പാടാണിത്. ഇത്തരം നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിച്ചില്ലങ്കില്‍ ഈ നാടാണ് തകര്‍ന്നു പോവുക. വിഷം ചീറ്റുന്ന നാവുകള്‍ ഇക്കാര്യം ശരിക്കും ഓര്‍ത്തു കൊള്ളണം.

സത്യം പാലാ ബിഷപ്പല്ല ആര് പറഞ്ഞാലും അത് പരിശോധിക്കപ്പെടുക തന്നെ വേണം. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക് ജാതിയുടെയും മതത്തിന്റെയും നിറം നല്‍കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. നര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ അതിന് വ്യക്തമായ തെളിവുകള്‍ ആവശ്യമാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക് മതത്തിന്റെ പരിവേഷം നല്‍കി നാട്ടില്‍ കലാപമുണ്ടാക്കാന്‍ ആരും തന്നെ ശ്രമിക്കരുത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ എല്ലാ മത വിഭാഗത്തില്‍ പെട്ടവരും ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അവര്‍ മതം നോക്കിയല്ല ലഹരി തേടിയാണ് തെറ്റായ കൂട്ടുകെട്ടില്‍ ചെന്നു ചാടുന്നത്. ഇത്തരം സംഭവങ്ങള്‍ക്ക് അവരുടെ മാതാപിതാക്കളും ഒരു പരിധിവരെ ഉത്തരവാദികളാണ്. തങ്ങളുടെ മക്കള്‍ … അത് ആണായാലും പെണ്ണായാലും ആരുടെ കൂട്ടുകെട്ടിലാണ് ഉള്ളത് എന്നത് ഓരോ രക്ഷിതാവും അറിഞ്ഞു വയ്ക്കുന്നത് നല്ലതായിരിക്കും.

സ്വന്തം മക്കള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാതിരിക്കാന്‍ വലിയ ജാഗ്രത പുലര്‍ത്തുന്ന മനസ്സുകള്‍ക്കാണ് ഇവിടെയും പിഴച്ചിരിക്കുന്നത്. കൊടികളുടെ നിറത്തെയല്ല ‘കൊടിയ’ വിഷത്തെയാണ് പേടിക്കേണ്ടതെന്ന ബോധമാണ് രക്ഷിതാക്കളെയും നയിക്കേണ്ടത്. അരാഷ്ട്രീയ കാമ്പസുകളാണ് ഇന്ന് ലഹരി ഉപയോഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇതും നാട് തിരിച്ചറിയേണ്ടതുണ്ട്.

പ്രായപൂര്‍ത്തിയായ ആര്‍ക്കും പ്രണയിക്കാനും വിവാഹം കഴിക്കാനുമുള്ള അവകാശം ഈ രാജ്യത്ത് നിലവിലുണ്ട്. അത്തരം വിവാഹങ്ങളെ മതത്തിന്റെ കണ്ണിലൂടെ വീക്ഷിക്കുന്നവര്‍ക്കാണ് ശരിക്കും കുഴപ്പമുള്ളത്. ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവര്‍ മാത്രമല്ല എല്ലാ മത വിഭാഗത്തില്‍ പെട്ടവരും മറ്റു മതക്കാരെ വിവാഹം കഴിച്ചിട്ടുണ്ട്. ഇപ്പോഴും അത് ശക്തമായി തന്നെ തുടരുന്നുമുണ്ട്. ഇതൊന്നും തന്നെ ഭീഷണിപ്പെടുത്തിയോ ലഹരി വസ്തുക്കള്‍ നല്‍കിയിട്ടോ അല്ലന്നതും മത മേലധ്യക്ഷന്‍മാര്‍ തിരിച്ചറിയണം. ഇവരില്‍ ഭൂരിപക്ഷവും നല്ല രീതിയില്‍ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്.

ഇക്കാര്യത്തില്‍ എല്ലാക്കാലത്തും മാതൃകാപരമായ സമീപനം സ്വീകരിച്ചിരിക്കുന്നത് കമ്യൂണിസ്റ്റുകളാണ്. മതത്തിനും ജാതിക്കും നിറത്തിനും മീതെയാണ് അവര്‍ മനുഷ്യരെ നോക്കി കാണുന്നത്. ഇപ്പോള്‍ ലൗ ജിഹാദെന്നും നര്‍ക്കോട്ടിക് ജിഹാദെന്നും ആരോപിക്കുന്നവര്‍ കണ്ട് പഠിക്കേണ്ടതും ഈ ചുവപ്പ് പ്രത്യയശാസ്ത്രത്തെ തന്നെയാണ്.

EXPRESS KERALA VIEW

Top