കോൺഗ്രസ്സിലെ പ്രതിസന്ധിക്ക് കാരണം, ആന്റണിയുടെ നിർദ്ദേശം സോണിയ അംഗീകരിച്ചത് !

കോണ്‍ഗ്രസ് ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയുടെ ഒരു പ്രധാന കാരണക്കാരൻ എ.കെ ആന്റണിയാണ്. അദ്ദേഹത്തിന്റെ വാക്ക് കേട്ടാണ് സോണിയ ഗാന്ധി അശോക് ഗെലോട്ടിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കിയിരിക്കുന്നത്. രാജസ്ഥാൻ ഭരണം ബി.ജെ.പിയിൽ നിന്നും പിടിച്ചെടുക്കാൻ ഏറ്റവും ശക്തമായി രംഗത്തുണ്ടായിരുന്ന സച്ചിൻ പൈലറ്റിനെ തഴഞ്ഞായിരുന്നു ഈ പരിഗണന സോണിയ നൽകിയിരുന്നത്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സച്ചിൻ മുഖ്യമന്ത്രി ആകുന്നതിനോടായിരുന്നു താൽപ്പര്യം. എന്നാൽ മക്കളുടെ താൽപ്പര്യമല്ല അമ്മ ഇക്കാര്യത്തിൽ നടപ്പാക്കിയിരുന്നത്. പ്രവർത്തക സമിതിയിലെ മുതിർന്ന അംഗങ്ങളുടെ പിന്തുണ അശോക് ഗെലോട്ടിന് അനുകൂലമാക്കി മാറ്റുന്നതിലും ആന്റണി തന്നെയാണ് ഇടപെട്ടിരുന്നത്. ആ ഗെലോട്ടാണിപ്പോൾ കോൺഗ്രസ്സ് ഹൈക്കമാന്റിനെ മുൾമുനയിൽ നിർത്തിയിരിക്കുന്നത്. ഗെലോട്ടിനെ സംബന്ധിച്ച് ഇപ്പോൾ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്കാൾ വലുതല്ല പാർട്ടി പ്രസിഡന്റ് പദവി. പ്രധാനമന്ത്രി പദമെന്ന ഒരിക്കലും നടക്കാത്ത സ്വപ്നവും അദ്ദേഹത്തിനില്ല. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നത് ഏത് വിധേയനേയും തടയുക എന്നതു മാത്രമാണ് ലക്ഷ്യം. തന്നെ മാറ്റി സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയായാൽ പ്രതികാര നടപടി ഉണ്ടാകുമെന്ന ഭയം പോലും ഗെലോട്ടിനുണ്ട്. അതു കൊണ്ടാണ് എം.എൽ.എമാരെ മുൻ നിർത്തി അദ്ദേഹം സമ്മർദ്ദ തന്ത്രം പയറ്റുന്നത്. ഹൈക്കമാന്റിനെ ധിക്കരിച്ച ഗെലോട്ടിനെ ഇനി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ സോണിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ അപ്രതീക്ഷിത തിരിച്ചടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് എ.കെ ആന്റണിയെ വിളിച്ചു വരുത്തി സോണിയ അഭിപ്രായം തേടിയിരിക്കുന്നത്. ഗെലോട്ടിനെ മെരുക്കാനാണോ അതോ ഒതുക്കാനാണോ ഈ കൂടിക്കാഴ്ച എന്നത് കണ്ടറിയുക തന്നെ വേണം.

 

സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ രാഹുൽ ഗാന്ധിയുടെ ഭാരത യാത്ര രാജസ്ഥാനിൽ എത്തും മുൻപു തന്നെ ആ സർക്കാർ വീഴും. അല്ലെങ്കിൽ ഗെലോട്ട് വീഴ്ത്തും. രാജ്യത്ത് കോൺഗ്രസ്സ് ഭരണം അവശേഷിക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട സംസ്ഥാനമാണ് രാജസ്ഥാൻ അവിടെ ഭരണം പോകുന്ന ഒരു സാഹചര്യം ചിന്തിക്കാൻ പോലും കോൺഗ്രസ്സ് നേതൃത്വത്തിനു കഴിയുകയില്ല. ഭാരത ജോഡോ യാത്ര തുടങ്ങിയപ്പോൾ തന്നെ സർക്കാർ വീണെന്ന പരിഹാസം കേൾക്കാൻ രാഹുൽ ഗാന്ധിയും ഇഷ്ടപ്പെടുന്നില്ല. ഗോവയിലെ കോൺഗ്രസ്സ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേക്കേറിയ നാണക്കേട് ഇപ്പോഴും അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുമുണ്ട്. അതുകൊണ്ടു തന്നെ രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുൻ നിർത്തിയുള്ള ഒരു കളിക്കും തൽക്കാലം രാഹുലും സോണിയയും തയ്യാറാകുകയില്ല. ഒരു ഘട്ടത്തിൽ സച്ചിൻ പൈലറ്റിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിർദ്ദേശം പോലും രാഹുലിന്റെ ഭാഗത്ത് നിന്നും ഉണ്ടായി എന്ന സൂചനകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഗെലോട്ടിനെതിരായ പാർട്ടി നേതാക്കൾക്കിടയിലെ അതൃപ്തി കത്തിച്ചു നിർത്താനാണ് സച്ചിൻ പൈലറ്റും നിലവിൽ ശ്രമിക്കുന്നത്.

രാജസ്ഥാൻ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ തുടക്കത്തിൽ തന്നെ തീരുമാനിച്ചിരുന്നെങ്കിൽ, പാർട്ടിയിലെ ഇപ്പോഴത്തെ പ്രതിസന്ധി കോൺഗ്രസ്സിന് നേരിടേണ്ടി വരുമായിരുന്നില്ല. ഒരു എതിർപ്പും ഡിമാന്റും ഉയർത്താതെ അശോക് ഗെലോട്ട് തന്നെ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമായിരുന്നു.

മുഖ്യമന്ത്രി കസേര ഗെലോട്ടിന് നൽകിയതാണ് കോൺഗ്രസ്സ് ചെയ്ത വലിയ തെറ്റ്. ഇനി കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷം ഇറക്കിപ്പിക്കാൻ ശ്രമിച്ചാൽ അതും പാളാനാണ് സാധ്യത. തന്നെ മുഖ്യമന്ത്രിയാക്കാൻ പ്രയത്നിച്ച എ.കെ ആന്റണിയെ പോലും ഗെലോട്ടിന്റെ ‘അധികാരത്തിന്റെ’ തിമിരം ബാധിച്ച കണ്ണുകൾക്ക് തിരിച്ചറിയാൻ കഴിയുകയില്ല. പല നേതാക്കളാൽ ചുറ്റപ്പെട്ട പാർട്ടി ആയതിനാൽ കോൺഗ്രസ്സ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ അതും പ്രതിഫലിക്കും. നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ആര് മത്സരിച്ചാലും അവർ വലിയ അഗ്നിപരീക്ഷണമാണ് നേരിടേണ്ടി വരിക. ഈ യാഥാർത്ഥ്യം മനസ്സിലാക്കി തന്നെയാണ് ശശി തരൂരും മുന്നോട്ട് പോകുന്നത്. നെഹ്റു കുടുംബത്തിൽ നിന്നും എതിരാളി ഉണ്ടാകില്ലന്ന് ഉറപ്പിച്ചാണ് മത്സരിക്കുമെന്ന തന്റെ തീരുമാനം ശശി തരൂർ പ്രഖ്യാപിച്ചിരിക്കുന്നത്. തരൂർ എന്നല്ല നെഹ്റു കുടുംബത്തിന് പുറത്ത് നിന്നും ആര് കോൺഗ്രസ്സ് അദ്ധ്യക്ഷനായാലും അത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് വലിയ തിരിച്ചടിയാകും. സോണിയ ഗാന്ധിയെ നോക്കുകുത്തിയാക്കി നടത്തുന്ന ഭരണമൊന്നും പുതിയ പ്രസിഡന്റിനു കീഴിൽ നടക്കുകയില്ല. പാർട്ടിയിലെ കെ.സിയുടെ എതിരാളികൾ ആഗ്രഹിക്കുന്നതും അതു തന്നെയാണ്.

EXPRESS KERALA VIEW

Top