സൗദി പ്രോ ലീഗിലേക്ക് വരാന്‍ കാരണം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ; അല്‍ ഹിലാല്‍ താരം നെയ്മര്‍

റിയാദ്: ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചാണ് നെയ്മര്‍ മുപ്പത്തിയൊന്നാം വയസില്‍ യൂറോപ്യന്‍ ഫുട്ബാള്‍ വിട്ട് സൗദി ക്ലബ്ബായ അല്‍ ഹിലാലില്‍ എത്തിയത്. എന്നാല്‍ സൗദി പ്രോ ലീഗിലേക്ക് വരാന്‍ കാരണം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയാണെന്നാണ് അല്‍ ഹിലാല്‍ താരം നെയ്മര്‍ ജൂനിയര്‍ പറയുന്നത്. ജനുവരിയില്‍ റൊണാള്‍ഡോ അല്‍ നസ്‌റുമായി കരാറില്‍ എത്തിയപ്പോള്‍ ഭ്രാന്തന്‍ തീരുമാനം എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ സൗദി ലീഗിനെ ലോകനിലവാരത്തില്‍ എത്തിക്കാന്‍ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞു.

ബെന്‍സേമയും ഫിര്‍മിനോയും മാനേയും ഫാബീഞ്ഞോയുമെല്ലാം പ്രോ ലീഗില്‍ എത്തിയത് ഇതിന് തെളിവാണ്. ഈ പാത പിന്തുടര്‍ന്നാണ് ഞാനും സൗദി ലീഗില്‍ എത്തിയത്. അദ്ദേഹത്തിന്റെ സ്വാധീനം സൗദി ഫുട്‌ബോളിനെ ഉയരങ്ങളിലെത്തിക്കുമെന്നും അല്‍ ഹിലാലിന്റെ ഒഫീഷ്യല്‍ ചാനലില്‍ നെയ്മര്‍ പറഞ്ഞു.പുതിയ വെല്ലുവിളികള്‍ കളിക്കാരനെന്ന നിലയില്‍ പ്രചോദനം നല്‍കും. സഹതാരങ്ങളുടെ പിന്തുണയോടെ മികച്ച പ്രകടനം നടത്താനാവുമെന്നാണ് പ്രതീക്ഷ.

അല്‍ ഹിലാലിനൊപ്പം സാധ്യമായ എല്ലാ കിരീടങ്ങളും നേടുകയാണ് ലക്ഷ്യമെന്നും നെയ്മര്‍ പറഞ്ഞു. 1359 കോടിരൂപയാണ് നെയ്മാറിന്റെ വാര്‍ഷിക പ്രതിഫലം. പിഎസ്ജിക്ക് 817 കോടി രൂപ ട്രാന്‍സ്ഫര്‍ തുക നല്‍കിയാണ് അല്‍ ഹിലാല്‍ നെയ്മറെ സ്വന്തമാക്കിയത്. പി എസ് ജിയില്‍ ഒരു വര്‍ഷ കരാര്‍ ബാക്കിയിരിക്കെയാണ് നെയ്മര്‍ ക്ലബ്ബ് വിട്ട് റെക്കോര്‍ഡ് പ്രതിഫലത്തിന് സൗദി പ്രൊ ലീഗിലെത്തിയത്. രണ്ടുവര്‍ഷ കരാറിലാണ് ബ്രസീലിയന്‍ താരം അല്‍ ഹിലാലില്‍ എത്തിയത്. അല്‍ ഹിലാല്‍ കുപ്പായത്തില്‍ നെയ്മര്‍ എപ്പോള്‍ അരങ്ങേറുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ച എല്‍-ഫിയാഹക്കെതിരെ ആണ് സൗദി പ്രൊ ലീഗില്‍ അള്‍ ഹലിലാലിന്റെ അടുത്ത മത്സരം.

Top