കോണ്‍ഗ്രസിന്റെ യഥാർത്ഥ ‘വില്ലൻ’ മറ്റാരുമല്ല. കെ.സി.വേണുഗോപാൽ !

കേന്ദ്രത്തില്‍ ഇനി കോണ്‍ഗ്രസിന് തിരിച്ചുവരണമെങ്കില്‍ ആദ്യം പദവിയില്‍ നിന്നും പുറത്താക്കേണ്ടത് കെ.സി വേണുഗോപാലിനെയാണ്. സ്വന്തം സംസ്ഥാനമായ കേരളത്തിൽ പോലും കോണ്‍ഗ്രസിനെ തോല്‍വിയിലേക്കു നയിച്ച നേതാവായാണ് കെ.സി ഇപ്പോൾ അറിയപ്പെടുന്നത്. എ.ഐ.എസി.സി സംഘടനാ കാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ അദ്ദേഹം കോണ്‍ഗ്രസിന്റെ പക്കലുണ്ടായിരുന്ന ഏഴു സംസ്ഥാനങ്ങളാണ് ബി.ജെ.പിക്ക് മുന്നില്‍ അടിയറവെച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും പ്രതിരോധത്തിലാക്കി കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെട്ടതും കെ.സി വേണുഗോപാല്‍ തന്നെയാണ്. അതുകൊണ്ടു തന്നെ പരാജയത്തിന്റെ പ്രധാന ഉത്തരവാദിയും ഈ നേതാവാണ്.

പരാജയത്തിന്റെ പേരില്‍ രമേശ് ചെന്നിത്തലയെ മാറ്റി പകരം വി.ഡി സതീശനെ പ്രതിപക്ഷനേതാവാക്കിയതിലൂടെ തോല്‍വിയിലെ തന്റെ പങ്ക് പുറത്തുവരാതിരിക്കാനുള്ള തന്ത്രമാണ് കെ.സി പയറ്റിയിരിക്കുന്നത്. ഇത് കോൺഗ്രസ്സിൽ പുതിയ വിവാദത്തിനാണിപ്പോൾ തിരികൊളുത്തിയിരിക്കുന്നത്. കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരിക്കെ കെ.സി വേണുഗോപാലിന്റെ കഴിവുകേടും അഹങ്കാരവും താന്‍പ്രമാണിത്യവും കൊണ്ടാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കർണ്ണാടകയിൽ നിന്നും കേവലം ഒറ്റ സീറ്റുമാത്രമാണ് കോണ്‍ഗ്രസിനു ലഭിച്ചിരുന്നത്. കനത്തപരാജയത്തിൻ്റെ പശ്ചാത്തലത്തിൽ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗിന് തന്നെ കെ.സി വേണുഗോപാലിനെ കോമാളി എന്നു വിളിക്കേണ്ട സാഹചര്യവുമുണ്ടായി.

കേരളത്തിലെ കോണ്‍ഗ്രസ് തോല്‍വിയോടെ ഈ ‘കോമാളി’ വിശേഷണം ഇപ്പോൾ കെ.സിക്ക് കൂടുതല്‍ ഇണങ്ങിയിരിക്കുകയാണ്. തൻ്റെ വീഴ്ച മറച്ചു വയ്ക്കാൻ തന്ത്രപരമായ നീക്കമാണ് കെ.സി നടത്തിയിരിക്കുന്നത്. തലമുറമാറ്റം ഉയര്‍ത്തി ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ പ്രവര്‍ത്തക വികാരം തിരിച്ചുവിട്ടത് ഇതിനു ഉദാഹരണമാണ്. ദക്ഷിണേന്ത്യയില്‍ ഭരണ സാധ്യതയുണ്ടെന്ന് കോൺഗ്രസ്സ് വിലയിരുത്തിയ ഏക സംസ്ഥാനമാണ് കേരളം. അതു കൂടി കൈവിട്ടതോടെ കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തിലും കെ.സി വേണുഗോപാലിന്റെ കഴിവുകേടാണ് നിലവിൽ ചര്‍ച്ചയാകുന്നത്. പോണ്ടിച്ചേരിയിലെ കുറുമാറ്റം തടയുന്നതിലും ഭരണം തിരിച്ചു പിടിക്കുന്നതിലും വലിയ വീഴ്ച കെ.സിയുടെ ഭാഗത്ത് നിന്നും ഉണ്ടായതായാണ് പാർട്ടിയിലെ ഒരു വിഭാഗം തുറന്നടിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ആരോഗ്യപ്രശ്‌നങ്ങള്‍കാരണം സജീവമല്ലാതാവുകയും രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുക്കുകയും ചെയ്യാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തന്നെ ഇപ്പോൾ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ കൈവെള്ളയിലാണുള്ളത്. ഇതിൽ ശക്തമായ എതിർപ്പ് മുതിർന്ന നേതാക്കൾക്കിടയിലും ഉണ്ട്. രാഹുല്‍ഗാന്ധിയെ സ്വന്തം വരുതിയില്‍ നിര്‍ത്തുന്ന കെ.സിയുടെ തന്ത്രങ്ങളാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചക്കുകാരണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തുന്നത്. മുഴുവന്‍ സമയ പ്രസിഡന്റ് വേണമെന്ന നിലപാടെടുത്ത ഗുലാംനബി ആസാദും കപില്‍ സിബലും ആനന്ദ് ശര്‍മയുമടക്കമുള്ള 23 നേതാക്കളെ അവരുയര്‍ത്തിയ പ്രശ്‌നം ചര്‍ച്ചചെയ്യാതെ വിമതരാക്കി മുദ്രകുത്തിയതും കെ.സിയുടെ തന്ത്രമായിരുന്നു. തക്ക സമയത്ത് സോണിയാഗാന്ധി ഇടപെട്ടതോടെയാണ് ഇവരുമായി ചര്‍ച്ച പോലും നടന്നിരുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വഹിച്ചിരുന്ന എ.ഐ.സി.സി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനമാണ് കെ.സി വേണുഗോപാല്‍ രാഹുല്‍ഗാന്ധിയുമായുള്ള ബന്ധം ഉപയോഗിച്ച് സൂത്രത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. സ്വന്തം സംസ്ഥാനമായ കേരളത്തില്‍ പോലും ജനപിന്തുണയില്ലാത്ത ഒന്നാം നിര നേതാവുപോലുമല്ലാത്ത കെ.സി, കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ താക്കോല്‍സ്ഥാനത്തെത്തിയത് ആ പാര്‍ട്ടിയെ തന്നെയാണിപ്പോൾ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഗോവയില്‍ കോണ്‍ഗ്രസിന് ഭരണം നേടിക്കൊടുക്കാന്‍ കഴിയാതിരുന്നത് ഗോവയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന കെ.സി വേണുഗോപാലിന്റെ കഴിവുകേടു കൊണ്ടാണ്. ഗോവയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് ബി.ജെ.പി ഭരണം പിടിച്ചപ്പോഴെങ്കിലും കെ.സിയുടെ കഴിവുകേട് തിരിച്ചറിഞ്ഞ് നേതൃത്വം മാറ്റിനിര്‍ത്തണമായിരുന്നു.

എന്നാൽ, അതിനു പകരം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് ഭരണമുള്ള കര്‍ണാടകയുടെ ചുമതല കൂടി കെ.സിക്ക് നൽകുകയാണ് എ.ഐ.സി.സി ചെയ്തത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കർണ്ണാടകയിലെ 28 സീറ്റുകളിൽ കേവലം ഒറ്റ സീറ്റെന്ന നാണം കെട്ട തോൽവിയിലേക്ക് കോണ്‍ഗ്രസ് കൂപ്പുകുത്തിയതും അതോടെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ജെ.ഡി.എസിനെയും ഒരോ സീറ്റിലൊതുക്കിയ ബി.ജെ.പി സംസ്ഥാന ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കെ.സി നിഷ്ക്രിയമായിരുന്നു. വിമത കോണ്‍ഗ്രസുകാരെ ഒപ്പം കൂട്ടി യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി കര്‍ണാടക ഭരണം പിടിച്ചപ്പോഴും കാഴ്ചക്കാരന്റെ റോളായിരുന്നു കെ.സി വേണുഗോപാലിനുണ്ടായിരുന്നത്.

UDF

തിരഞ്ഞെടുപ്പ് വേളയിൽ ഈ സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ണമായും കെ.സി വേണുഗോപാലിന്റെ നിയന്ത്രണത്തിലായിരുന്നു നടന്നിരുന്നത്. കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജരായിരുന്ന ഡി.കെ ശിവകുമാറിനെ ഒരു ഘട്ടത്തിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍പോലും അടുപ്പിച്ചിരുന്നില്ല. അല്‍പമെങ്കിലും കെ.സി കേട്ടത് സിദ്ധാരാമയ്യയുടെ വാക്കുകൾ മാത്രമാണ്. കര്‍ണാടക രാഷ്ട്രീയത്തെക്കുറിച്ച് ഒരു പരിചയമില്ലാത്ത കെ.സി വേണുഗോപാലിന്റെ തന്ത്രങ്ങള്‍ ദയനീയമായാണ് തകർന്നടിഞ്ഞത്. അതുകൊണ്ടാണ്ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റില്‍ മാത്രമായി ഒതുങ്ങിപ്പോയത്. ഈ വിജയം പോലും കെ.സിയുടെ മിടുക്ക് കൊണ്ടല്ല,  ഡി.കെ ശിവകുമാറിന്റെ മിടുക്ക് കൊണ്ടാണ്. അദ്ദേഹത്തിൻ്റെ സഹോദരൻ ഡി.കെ സുരേഷാണ്,  വിജയിച്ച ഏക കോൺഗ്രസ്സ് എം.പി. ബാംഗ്ലൂര്‍ റൂറലില്‍ നിന്നും രണ്ടുലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് സുരേഷ് വിജയിച്ചിരിക്കുന്നത്. ഡി.കെ ശിവകുമാറിന്റെ പ്രവര്‍ത്തനത്തിന്റെ മികവ് തന്നെയാണ് ഈ വിജയം.

കര്‍ണാടകയില്‍ ഡി.കെയെ ഒതുക്കാന്‍ ശ്രമിച്ച കെ.സി ഒടുവിൽ നാണംകെട്ടാണ് കന്നട മണ്ണിൽ നിന്നും മടങ്ങിയിരുന്നത്. ഇതിനു ശേഷം സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ടാണ് ഡി.കെ ശിവകുമാറിനെ കര്‍ണാടക പി.സി.സി അധ്യക്ഷനാക്കി നിയമിച്ചിരുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍നാഥും, ജോതിരാധിത്യ സിന്ധ്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സംഘടനാ ചുമതലയുള്ള കെ.സി വേണുഗോപാലിന് സാധിച്ചിരുന്നില്ല. ഒടുവില്‍ ജോതിരാധിത്യ സിന്ധ്യയും അനുയായികളും ബി.ജെ.പിയിലേക്ക് ചേക്കേറുകയും ചെയ്തു. മധ്യപ്രദേശ് ഭരണം ബി.ജെ.പി പിടിച്ചത് കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ കഴിവുകേട് കൊണ്ടു മാത്രമാണ്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍പൈലറ്റും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തപ്പോഴും കെ.സി അന്തംവിട്ട് നോക്കി നിൽക്കുകയായിരുന്നു. സോണിയാഗാന്ധി നേരിട്ടിടപെട്ടാണ് ഇവിടെ പ്രശ്‌നപരിഹാത്തിന് വഴിയൊരുക്കിയിരുന്നത്.

പുതുച്ചേരിയിലെ നാരായണസ്വാമി സര്‍ക്കാരിനെ ബി.ജെ.പി അട്ടിമറിക്കുകയും തുടർന്ന് തെരഞ്ഞെടുപ്പിലൂടെ അധികാരം പിടിച്ചെടുക്കുകയും ചെയ്തതാണ് പിന്നീടുണ്ടായ സംഭവം. ഇങ്ങനെ കോണ്‍ഗ്രസിന്റെ പക്കലുണ്ടായിരുന്ന 7 സംസ്ഥാനങ്ങളാണ് കെ.സി വേണുഗോപാല്‍ ജനറല്‍ സെക്രട്ടറിയായിരിക്കെ ബി.ജെ.പി പിടിച്ചെടുത്തിരിക്കുന്നത്. കര്‍ണാടക, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂറുമാറ്റിച്ചാണ് ബി.ജെ.പി ഭരണം പിടിച്ചതെങ്കിൽ ഗോവയിലും മേഘാലയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന് സർക്കാരുണ്ടാക്കാൻ സാധിച്ചിരുന്നില്ല. സംഘടനാ ജനറല്‍ സെക്രട്ടറി എന്ന നിലയിലും ക്രൈസിസ് മാനേജര്‍ എന്നനിലയിലും പാര്‍ട്ടിയെ സംരക്ഷിച്ചു നിര്‍ത്തി കഴിവു തെളിയിക്കേണ്ട ഘട്ടത്തിലാണ് കെ.സി വേണുഗോപാല്‍ വലിയ പരാജയമായി മാറിയിരിക്കുന്നത്.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമ്പോഴും സ്വന്തം സ്ഥാനവും നിലയും സംരക്ഷിക്കാനുള്ള കളികളാണ് കെ.സി കളിച്ചിരിക്കുന്നത്.
രാഹുല്‍ഗാന്ധിയെ അമേതിക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തുനിന്നും മത്സരിപ്പിക്കാന്‍ തീരുമാനമുണ്ടായപ്പോള്‍ കര്‍ണാടകയില്‍ രാഹുലിനെ മത്സരിപ്പിച്ച് ദക്ഷിണേന്ത്യയിലാകെ കോണ്‍ഗ്രസിന് പുനര്‍ജീവന്‍ നല്‍കുന്നതിനു പകരം ബി.ജെ.പി എതിരാളിയല്ലാത്ത കേരളത്തില്‍ മത്സരിപ്പിച്ച് ആ സാധ്യതയും കെസിയാണ് അടച്ചു കളഞ്ഞത്. ബി.ജെ.പിയേക്കാൾ ശത്രുവായി കെ.സി കണ്ടത് ഇടതുപക്ഷത്തെയാണ്. തല തിരിഞ്ഞ ഈ നിലപാടിന് കോൺഗ്രസ്സിന് രാജ്യത്ത് കൊടുക്കേണ്ടി വന്നതും വലിയ വിലയാണ്.

വയനാട് ലോക്‌സഭാമണ്ഡലത്തില്‍ ടി. സിദ്ദിഖിനെ വെട്ടാന്‍ രാഹുല്‍ഗാന്ധിയെ മത്സരിപ്പിച്ച കെ.സി ആലപ്പുഴയിലാകട്ടെ പരാജയഭീതിയില്‍ ഒളിച്ചോടുകയാണ് ചെയ്തത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റിലും യു.ഡി.എഫ് വിജയിച്ചപ്പോഴും കെ.സിയുടെ സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റെ പരാജയം കെ.സിക്കുള്ള മറുപടി കൂടിയാണ്. സംഘടനാ ജനറല്‍ സെക്രട്ടറിയായതിനാല്‍ സംഘടനാ ചുമതലയുണ്ടെന്ന് പറഞ്ഞ് ആലപ്പുഴയില്‍ മത്സരിക്കാതെ ഒളിച്ചോടിയ കെ.സി തുടർന്ന് രാജസ്ഥാനില്‍ നിന്നും ചുളുവില്‍ രാജ്യസഭാംഗമായതും ഈ നാട് കണ്ടിട്ടുള്ളതാണ്. കെ.സി വേണുഗോപാലിൻ്റെ അധികാരമോഹമാണ് ഇതിലൂടെ മറയില്ലാതെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. കേവലം 20 ലോക്‌സഭാ സീറ്റുകള്‍ മാത്രമുള്ള കേരളം കേന്ദ്ര ഭരണം പിടിക്കാന്‍ ഒരിക്കലും നിര്‍ണായകമല്ല. ബി.ജെ.പിക്കെതിരായ മതേതര സര്‍ക്കാരിനെ പിന്തുണക്കുന്നവരാണ് കേരളത്തിലെ 20 എം.പിമാരും.

അടല്‍ബിഹാരി വാജ്‌പേയിയുടെ ബി.ജെ.പി സര്‍ക്കാരിനെ തറപറ്റിച്ച് 2004ല്‍ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായി ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തില്‍ ഒറ്റ എം.പിയെപ്പോലും വിജയിപ്പിക്കാന്‍ കഴിയാത്ത സമ്പൂര്‍ണ്ണ പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയിരുന്നത്. പൊന്നാനിയില്‍ വിജയിച്ച ലീഗിലെ ഇ. അഹമ്മദ് മാത്രമായിരുന്നു അന്ന് കേരളത്തിലെ യു.ഡി.എഫിന്റെ ഏക എം.പി. അക്കാലത്ത് 43 എം.പിമാരായിരുന്നു സി.പി.എമ്മിന് ആകെ ഉണ്ടായിരുന്നത്. ഇതടക്കം ഇടതുപക്ഷത്തിൻ്റെ അംഗസംഖ്യ 59 ആയിരുന്നു. ഇവരോടൊപ്പം 39 അംഗങ്ങളുണ്ടായിരുന്ന സമാജ്‌വാദി പാര്‍ട്ടിയും 19 അംഗങ്ങളുണ്ടായിരുന്ന ബി.എസ്.പിയും അടക്കമുള്ള മതേതരകക്ഷികള്‍ ചേര്‍ന്നാണ് ഒന്നാം യു.പി.എ സര്‍ക്കാരുണ്ടാക്കിയിരുന്നത്. ഈ ചരിത്രം ആര് മറന്നാലും കോൺഗ്രസ്സ് നേതൃത്വം ഒരിക്കലും മറക്കരുത്.

സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നിലപാട് സ്വീകരിച്ച ഏക പാർട്ടി സി.പി.എമാണ്. സോണിയ ഗാന്ധിക്ക് പോലും അക്കാര്യത്തിൽ സംശയമുണ്ടാകുകയില്ല.പുതിയ കാലത്ത് നരേന്ദ്രമോഡിയെ അധികാരത്തില്‍ നിന്നിറക്കി കോണ്‍ഗ്രസിന് കേന്ദ്ര ഭരണം പിടിക്കണമെങ്കിലും ഇടതുപക്ഷത്തിന്റെയും മതേതരപാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചേ മതിയാകൂ. അതിന് രാഹുല്‍ഗാന്ധിയെ കേരളത്തിൽ നിന്നല്ല മത്സരിപ്പിക്കേണ്ടത്. ബി.ജെ.പി ശക്തമായ സംസ്ഥാനത്തായിരുന്നു മത്സരിപ്പിച്ച് വിജയിപ്പിക്കേണ്ടിയിരുന്നത്. അതിന് ശ്രമിച്ച് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വഴിതെളിയിക്കാതെ വയനാട്ടില്‍ രാഹുല്‍ഗാന്ധിയെ മത്സരിപ്പിച്ച് തന്റെ സ്ഥാനം ഉറപ്പിക്കാനാണ് യഥാർത്ഥത്തിൽ കെ.സി വേണുഗോപാല്‍ ശ്രമിച്ചിരിക്കുന്നത്. സങ്കുചിത താൽപ്പര്യമാണിത്. ഇതിന് കോൺഗ്രസ്സ് കീഴടങ്ങിയതിൻ്റെ പരിണിത ഫലമാണ് ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേതിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ട കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിക്ക് പാര്‍ലമെന്റ് കാണാനായത് വയനാട്ടിലെ വിജയം കൊണ്ട് മാത്രമാണ്. അതിനു വഴിയൊരുക്കിയ കെ.സിയെ രക്ഷകനായാണ് രാഹുല്‍ഗാന്ധി കണ്ടിരുന്നത്. ആ വിശ്വാസം ചൂഷണം ചെയ്താണ് കെ.സി ഇപ്പോൾ ഹൈക്കമാന്റിനെ കൈവെള്ളയിലിട്ട് സ്വന്തം അജണ്ടകള്‍ ഓരോന്നായി നടപ്പാക്കി കൊണ്ടിരിക്കുന്നത്. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഡല്‍ഹി അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്തിരുന്നു വേണം സംഘടനയെ ചലിപ്പിക്കാന്‍. അതല്ലാതെ രാഹുല്‍ഗാന്ധിയുടെ മോശം പരിഭാഷകനായി അദ്ദേഹത്തിനു പിന്നാലെ വാലായി കറങ്ങി നടക്കുകയല്ല വേണ്ടത്. കമല്‍നാഥ്, സച്ചിന്‍പൈലറ്റ്, ശശി തരൂര്‍, ദിഗ്‌വിജയ് സിങ്, ഡി.കെ ശിവകുമാര്‍, അശോക് ചവാന്‍ തുടങ്ങി സംഘടനാ ചുമതല വഹിക്കാൻ ശേഷിയുള്ള വലിയ ഒരു പട തന്നെ നിലവിൽ കോൺഗ്രസ്സിലുണ്ട്. കഴിവുകൊണ്ടും കര്‍മ്മശേഷികൊണ്ടും കെ.സിയേക്കാൾ ഉന്നത  നിലവാരത്തിലുള്ളവരാണ് ഈ നേതാക്കൾ.

കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് പ്രധാന തടസ്സങ്ങളിലൊന്ന് രാജ്യത്തെ സംഘടനയെ ചലിപ്പിക്കേണ്ട സെക്രട്ടറിയാണെന്നത് ഇനിയെങ്കിലും ഹൈക്കമാൻ്റ് മനസ്സിലാക്കുന്നത് നല്ലതാണ്. ജനപിന്തുണയുള്ള വൈ.എസ് ജഗ്‌മോഹന്‍ റെഡി ഉൾപ്പെടെയുള്ളവരെ പിണക്കി അയച്ച രാഹുല്‍ഗാന്ധിയുടെ പക്വതയില്ലാത്ത തീരുമാനം തന്നെയാണ് കെ.സി വേണുഗോപാലിന്റെ നിയമനവും. കൈവെള്ളയിലുണ്ടായിരുന്ന  7 സംസ്ഥാനങ്ങള്‍ ബി.ജെ.പിക്ക് അടിയറ വെച്ചതും കേരളത്തിലെ കനത്ത തോല്‍വിയും പാഠമാകേണ്ടത് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും മാത്രമല്ല രാഹുൽ ഗാന്ധിക്കും കൂടിയാണ്.

അടിയന്തിരാവസ്ഥക്കാലത്ത് ഇന്ത്യ ഇന്ദിരയാണെന്നു പ്രഖ്യാപിച്ച ഏകാധിപത്യത്തിന്റെ രാജശാസനത്തെ വെല്ലുവിളിച്ച് ഗുവഹട്ടി എ.ഐ.സി.സി സമ്മേളനത്തില്‍ അടിയന്തിരാവസ്ഥ പിന്‍വലിക്കണമെന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്തുനോക്കി പറഞ്ഞ എ.കെ ആന്റണിയുടെ ആണത്തത്തിന്റെ നൂറിലൊരു അംശമെങ്കിലുമുള്ള ഒറ്റ കോണ്‍ഗ്രസ്സ് നേതാവെങ്കിലും ഇപ്പോൾ രാജ്യത്തുണ്ടാ ? കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ അടിവേരുമാന്തുകയാണെന്നു രാഹുല്‍ഗാന്ധിയോട് തുറന്നു പറയാന്‍. ചങ്കൂറ്റമുള്ള ആരെങ്കിലും മുന്നോട്ട് വന്നാൽ മാത്രമേ കോണ്‍ഗ്രസിന് ഇനി ഒരടി മുന്നോട്ട് പോകാൻ കഴിയുകയൊള്ളു. അതല്ലങ്കിൽ മൂന്നാം ഊഴമെന്ന മോദിയുടെ സ്വപ്നത്തിലാണ് കാര്യങ്ങൾ ചെന്നെത്തി നിൽക്കുക. ഇക്കാര്യം വൈകിയെങ്കിലും തിരിച്ചറിഞ്ഞാൽ നന്ന്.

Top