ലോകപൈതൃക പട്ടികയിലേക്ക് പിങ്ക് സിറ്റി; യുനെസ്‌കോ സംഘം പരിശോധന തുടങ്ങി

ജയ്പ്പൂര്‍: യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിക്കാനൊരുങ്ങി ജയ്പ്പൂരിലെ പിങ്ക് സിറ്റി. സ്ഥലത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ യുനെസ്‌കോയുടെ സംഘം ജയ്പ്പൂരില്‍ എത്തി. മൂന്ന് ദിവസമാണ് സംഘത്തിന്റെ സന്ദര്‍ശനം. പിങ്ക് സിറ്റിയിലെ പഴയ കെട്ടിടങ്ങളും സ്മാരകങ്ങളും എല്ലാം യുനെസ്‌കോ വിശദമായി പരിശോധിക്കുകയാണ്.

ഇന്ത്യന്‍ പുരാവസ്തു സര്‍വ്വേയുടെ ഉദ്യോഗസ്ഥരും യുനെസ്‌കോ സംഘത്തിനൊപ്പമുണ്ട്. ഇവര്‍ രാജസ്ഥാന്‍ ചീഫ് സെക്രട്ടറി ഡി.ബി ഗുപ്തയുമായി കൂടിക്കാഴ്ച നടത്തും. പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ ഇതു വരെ സര്‍ക്കാര്‍ എടുത്തിട്ടുള്ള നടപടികള്‍ കൂടിക്കാഴ്ചയില്‍ വിശദീകരിക്കും. 41 സ്മാരകങ്ങളും പൈതൃക പ്രദേശങ്ങളുമാണ് മൂന്ന് ദിവസം കൊണ്ട് സംഘം വിലയിരുത്തുക.

ജയ്പ്പൂരിലെ അംബര്‍ കോട്ടയും ജന്ദര്‍ മന്ദിറും നിലവില്‍ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. മുഴുവന്‍ സിറ്റിയെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ പഠനങ്ങള്‍. മൂന്ന് നൂറ്റാണ്ടുകള്‍ക്കു മുന്‍പാണ് പിങ്ക് പട്ടണം പണി കഴിപ്പിച്ചത്. വാസ്തു വിദ്യയിലെ അങ്ങേയറ്റം ആകര്‍ഷണീയങ്ങളായ ശില്‍പങ്ങളാണ് ഇവിടെയുള്ളത്. പൈതൃക നിലയത്തെ സൂഷ്മതയോടെ നിലനിര്‍ത്താന്‍ സാധിച്ചു എന്നാണ് ജയ്പ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

ലോകപൈതൃക പട്ടികയില്‍ ഇടം നേടുന്നത് ടൂറിസത്തിന് വലിയ അളവില്‍ ഗുണം ചെയ്യും. ലോക ടൂറിസം ഭൂപടത്തില്‍ പിങ്ക് സിറ്റി ഇടം നേടുന്നത് യുനെസ്‌കോയുടെ ഫണ്ട് ലഭിക്കുന്നതിനും വഴിയൊരുക്കും. സംസ്ഥാന സര്‍ക്കാരും ഇതിനു വേണ്ടി ആഹോരാത്രം പ്രയത്‌നിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതു തലമുറയും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തണമെന്നാണ് അവരുടെ അഭിപ്രായം.

കൊട്ടാരം, ഹവ്വാ മഹല്‍, ട്രിപ്പോളിയ ബസാര്‍, ബ്രാംപുരി എന്നിവിടങ്ങളിലാണ് ആദ്യ ദിവസം യുനെസ്‌കോ സംഘം സന്ദര്‍ശനം നടത്തിയത്.

Top