സാക്ഷാല്‍ ലീഡറും അഭിനന്ദിച്ചിരുന്നത് ഡി.വൈ.എഫ്.ഐയെ, അറിയുമോ . . ?

തൊരു ഓര്‍മ്മപ്പെടുത്തലാണ്. കൊലയാളി വൈറസിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനെ എതിര്‍ക്കുന്നവരുടെ അറിവിലേക്കായാണ് ഈ ഓര്‍മ്മപ്പെടുത്തല്‍. ദുരന്ത മുഖത്ത് ഒരിക്കലും ആരും തന്നെ രാഷ്ട്രീയം കളിക്കരുത്. കേരളത്തിന്റെ മഹത്തായ പാരമ്പര്യവും അതല്ല കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ഏറ്റവും ശക്തനായ ഭരണാധികാരി ഒറ്റയാളാണുള്ളത്. അത് സാക്ഷാല്‍ കെ.കരുണാകരനാണ്. ആ കരുണാകരനെ പോലും വിറപ്പിച്ച ഒറ്റ യുവജന സംഘടനയേ രാജ്യത്തൊള്ളൂ. അതാണ് ഡി.വൈ.എഫ്.ഐ. ഈ വിപ്ലവ സംഘടനയുടെ കരുത്ത് തിരിച്ചറിഞ്ഞ ഭരണാധികാരി കൂടിയായിരുന്നു കെ. കരുണാകരന്‍ എന്നതും നാം ഓര്‍ക്കണം.

കരുണാകര സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരായി പോരാടി തെരുവില്‍ ചോര ചീന്തുമ്പോഴും ദുരന്തമുഖത്ത് സര്‍ക്കാറിന് കൈ കൊടുത്ത സംഘടന കൂടിയാണ് ഡി.വൈ.എഫ്.ഐ. ആ ചരിത്രം ഇപ്പോള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സര്‍ക്കാര്‍ വിരുദ്ധരെ ഓര്‍മ്മിപ്പിച്ചിരിക്കുന്നത് സി.പി.എം നേതാവ് സി.ബി ചന്ദ്രബാബുവാണ്. 1991ലെ പ്രകൃതി ദുരന്തം ചൂണ്ടിക്കാട്ടിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. അക്കാലത്ത് സംസ്ഥാനത്ത് വന്‍ നാശം വിതച്ച പ്രളയകെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ വന്‍ തോതില്‍ ഹുണ്ടിക പിരിവ് നടത്തുകയുണ്ടായി. ഈ പണം ദുരിതാശ്വാസനിധിയിലേക്കായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന് കൈമാറുന്നതിന്റെ ചിത്രം പങ്കുവച്ച് ചന്ദ്രബാബു പറഞ്ഞ കാര്യങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്.

പണം നേരിട്ടു ഏല്‍പ്പിക്കുന്നതിന് മുഖ്യമന്ത്രിയെ നേരില്‍ കാണുന്നതിന് പേഴ്സണല്‍ സ്റ്റാഫിലെ ഒരു പ്രമുഖന്‍ വഴി അനുമതി വാങ്ങിയാണ് അന്നത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാക്കളായ ചന്ദ്രബാബുവും എസ്.ശര്‍മ്മയും ഉള്‍പ്പെട്ടെ നേതാക്കള്‍ ചെന്നിരുന്നത്. എന്നാല്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ എത്തിയപ്പോള്‍ അനുമതി തന്നയാള്‍ സ്ഥലത്തില്ലായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു പ്രമുഖനെ സമീപിച്ച് കാര്യം ധരിപ്പിക്കുകയുണ്ടായി. ‘മുഖ്യമന്ത്രി വളരെ തിരക്കിലാണ് ഒരു തരത്തിലും കാണാന്‍ അനുവദിക്കില്ല എന്നായിരുന്നു മറുപടി”ഇതോടെ കുറച്ചു സമയം അവിടെ ചുറ്റിപ്പറ്റി നിന്ന നേതാക്കള്‍, തിരിച്ച് DYFI ഓഫീസിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. മൊബൈലൊന്നുമില്ലാത്ത കാലമായിരുന്നു അതെന്നതും ഓര്‍ക്കണം.

മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ഒരു ഹോട്ട്‌ലൈന്‍ ഫോണുണ്ടെന്ന് എവിടെയോ വായിച്ചത് ഓര്‍ത്തെടുത്ത ചന്ദ്രബാബു ഈ വിവരം പെട്ടന്ന് തന്നെ ശര്‍മ്മയെ ധരിപ്പിക്കുകയുണ്ടായി. പിന്നെ എല്ലാം പെട്ടന്നായിരുന്നു. നമ്പര്‍ സംഘടിപ്പിച്ച് ലാന്റ് ഫോണില്‍ കറക്കിയപ്പോള്‍ മറുഭാഗത്ത് മുഖ്യമന്ത്രിയെ തന്നെ നേരിട്ടു ലഭിക്കുകയുണ്ടായി. സെക്രട്ടറിയറ്റില്‍ വന്ന് കാണാന്‍ കഴിയാതെ മടങ്ങിയ കാര്യം കരുണാകരനെ അറിയിച്ചപ്പോള്‍ ‘ഇപ്പോള്‍ നിങ്ങള്‍ എവിടെയാണ് ഉള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. DYFI ഓഫീസിലാണെന്ന് ശര്‍മ്മ മറുപടി പറഞ്ഞതോടെ ‘ഒരു വാഹനം അവിടെ വരും അതില്‍ കയറി ഓഫീസിലേക്ക് എത്താനായിരുന്നു അഭ്യര്‍ത്ഥന. ഏതാനും മിനിറ്റിനകം തന്നെ സര്‍ക്കാര്‍ ബോര്‍ഡുള്ള വണ്ടി വരികയും ഡി.വൈ.എഫ്.എ നേതാക്കളെ സെക്രട്ടറിയറ്റിലേക്ക് കൊണ്ടു പോവുകയും ചെയ്തു.

നോര്‍ത്ത് ബ്ലോക്ക് മുതല്‍ പൊലീസ് അകമ്പടിയോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ നേതാക്കളെ ആനയിച്ചിരുന്നത്. തൊട്ട് മുന്‍പ് മുഖ്യമന്ത്രിയെ കാണാന്‍ കഴിയില്ലെന്ന് പറഞ്ഞവര്‍ ഉള്‍പ്പെടെ അമ്പരന്നു നിന്ന നിമിഷമായിരുന്നു അത്. തന്റെ മുന്നിലേക്ക് തല ഉയര്‍ത്തി വന്ന ഡി.വൈ.എഫ്.ഐ നേതാക്കളെ ഉഗ്രപ്രതാപിയായ കരുണാകരന്‍ എണീറ്റ് നിന്ന് സ്വീകരിച്ചപ്പോള്‍ അന്തംവിട്ടു നിന്നവരില്‍ അന്ന് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനുമൊക്കെയായിരുന്ന പന്തളം സുധാകരനുമുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ നേതാക്കള്‍ നല്‍കിയ സംഭാവന തുകയുടെ ചെക്കും കൂടെയുള്ള കത്തും വായിച്ച ശേഷം കരുണാകരന്‍ നടത്തിയ പ്രതികരണം ആര് മറന്നാലും പന്തളം സുധാകരന്‍ മറക്കാന്‍ സാധ്യതയില്ല.

‘ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് കേരളത്തിലെ മുഖ്യമന്ത്രിയെ കാണുവാന്‍ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമേയില്ലന്നാണ് ‘കരുണാകരന്‍ വ്യക്തമാക്കിയിരുന്നത്. കേരളം ഒരു വലിയ പ്രതിസന്ധി തരണം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഗവണ്മെന്റിനൊപ്പം സേവനസന്നദ്ധരായി അണിനിരന്നതിന് ഡി.വൈ.എഫ്.ഐ നേതാക്കളെ കരുണാകരന്‍ അഭിനന്ദിക്കുകയുമുണ്ടായി. ‘മഹത്വമുള്ളവര്‍ക്ക് ഈ വാതില്‍ തുറന്ന് എപ്പോള്‍ വേണമെങ്കിലും കടന്നുവരാം ‘ എന്നുകൂടി ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇതു കണ്ട് പഠിക്കുവാന്‍ പന്തളം സുധാകരന് ഉപദേശം നല്‍കാനും മറന്നിരുന്നില്ല. വാക്സിന്‍ ചലഞ്ചിനോടും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളൊടും ചിലര്‍ സ്വീകരിക്കുന്ന നിലപാടാണ് ഈ പഴയ സംഭവം ഫോട്ടോ സഹിതം ഓര്‍മ്മിപ്പിക്കുവാന്‍ ചന്ദ്രബാബുവിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

ഡി. വൈ. എഫ്.ഐ അതിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശക്തമായി ഏറ്റുമുട്ടിയ ഭരണാധികാരിയാണ് കരുണാകരന്‍. ഇരു വിഭാഗവും ശത്രുത മറന്ന് ഒന്നിച്ചത് ഈ നാടിനു വേണ്ടിയാണ്. ശരിയായ നിലപാടാണിത്. കൊറോണ വൈറസുകള്‍ താണ്ഡവമാടുന്ന പുതിയ കാലത്തും ഇത്തരം നിലപാടുകളാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വീകരിക്കേണ്ടത്. കാലം ആവശ്യപ്പെടുന്നതും അതു തന്നെയാണ്. സൗജന്യ വാക്‌സിന്‍ നല്‍കുന്നതിനാണ് കണ്ണൂരിലെ ഒരു ബീഡി തൊഴിലാളി തന്റെ സമ്പാദ്യം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്. മാതൃകാപരമായ ഇത്തരം നിലപാടുകള്‍ കേരളത്തിന് നല്‍കുന്നത് വലിയ ആത്മവിശ്വാസമാണ്. ഭരണപക്ഷ സംഘടനകള്‍ക്കു മാത്രമല്ല പ്രതിപക്ഷ സംഘടനകള്‍ക്കും സര്‍ക്കാറിനെ സഹായിക്കാന്‍ ബാധ്യതയുണ്ട്. കരുണാകരന്റെ കാലത്ത് ഡി.വൈ.എഫ്.ഐ ചെയ്തതും അതു തന്നെയാണ്.

 

Top