ആര്‍ബിഐയുടെ പണനയ പ്രഖ്യാപനം ചതിച്ചത് ഇന്ത്യന്‍ ഓഹരി വിപണിയെ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന പ്രഖ്യാപനങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ വന്‍ നഷ്ടം. വായ്പാ മൊറട്ടോറിയം പദ്ധതി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതോടെ ബാങ്ക് -ധനകാര്യ സേവന കമ്പനികളുടെ ഓഹരികള്‍ നഷ്ട മാര്‍ജിനിലേക്ക് വീഴുകയായിരുന്നു. ഏഷ്യന്‍ ഓഹരികളിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ട് ദിവസത്തെ നേട്ടങ്ങള്‍ക്ക് ശേഷം, ആഭ്യന്തര ഇക്വിറ്റികള്‍ നഷ്ടത്തോടെയാണ് വ്യാപാരത്തിലേക്ക് കടന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ദീര്‍ഘകാല പ്രത്യാഘാതത്തെക്കുറിച്ചുള്ള ആശങ്കകളാണ് ഇടിവിന് കാരണം. പുതിയ യുഎസ് -ചൈന വ്യാപാര സംഘര്‍ഷവും വിപണികളുടെ മുന്നേറ്റത്തെ തടഞ്ഞു. സെന്‍സെക്‌സ് 260.31 പോയിന്റ് ഇടിഞ്ഞ് 30,672.59 ലെത്തി. നിഫ്റ്റി 50 67.00 പോയിന്റ് ഇടിഞ്ഞ് 9,039.25 ല്‍ എത്തി.

വിശാലമായ വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.83 ശതമാനം ഇടിഞ്ഞ് 11,270 ലെത്തി. ബിഎസ്ഇ സ്മോള്‍കാപ്പ് സൂചിക 0.23 ശതമാനം ഇടിഞ്ഞ് 10,524.23 ല്‍ അവസാനിച്ചു.പ്രധാന സൂചികയായ ഹാംഗ് സെങ് അഞ്ച് ശതമാനത്തിലധികം തകര്‍ന്നു. ഹോങ്കോങ്ങില്‍ പുതിയ സുരക്ഷാ നിയമം നടപ്പാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതും, യുഎസും ചൈനയും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളും ഏഷ്യയിലെ പ്രധാന വിപണികളെ സമ്മര്‍ദ്ദത്തിലാക്കി. ജപ്പാനിലെ നിക്കി 225 0.8 ശതമാനവും ചൈനയിലെ ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 2 ശതമാനവും ഇടിഞ്ഞു.ചരക്കുകളില്‍, എണ്ണ വില അഞ്ച് ശതമാനം ഇടിഞ്ഞ് ബാരലിന് 34 ഡോളറിലെത്തി.

Top