ഡല്‍ഹിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഫീസില്‍ നാലിരട്ടി വര്‍ദ്ധനവ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീടിനു പുറത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഫീസില്‍ നാലിരട്ടി വര്‍ദ്ധനവ്.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്ത് വിട്ടത്.

അന്തരീക്ഷ മലിനീകരണം നിയന്ത്രണ രേഖ ഭേദിച്ചതിനിടെ തുടര്‍ന്നാണ് പാര്‍ക്കിംഗ് ഫീസ് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ സമിതി ശുപാര്‍ശ ചെയ്തത്.

സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് ജനങ്ങള്‍ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കണമെന്നും ഡല്‍ഹി മെട്രോ യാത്രാക്കൂലി കുറച്ച് കൊണ്ട് ജനങ്ങളെ ആകര്‍ഷിക്കണമെന്നും, റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ മുമ്പ് നടപ്പിലാക്കിയ ഒറ്റ, ഇരട്ട നമ്പര്‍ സംവിധാനം പുനരാവിഷ്‌കരിക്കാനും സമിതി നിര്‍ദ്ദേശം നല്‍കി.

ഇതിനിടെ വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ഇനി കുറച്ച് നാള്‍ അവധിയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷത്തെ ദീപാവലി ആഘോഷത്തിന് ശേഷം ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ് രൂപപ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് അന്തരീക്ഷ മലിനീകരണത്തിന് ശമനമുണ്ടായത്. ഇത് തടയുന്നതിന് വേണ്ടി ഇത്തവണത്തെ ദീപാവലിക്ക് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ പടക്ക നിരോധനം വേണ്ടത്ര ഫലം കണ്ടില്ലെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ പടക്ക നിരോധനം ഏര്‍പ്പെടുത്തിയത് കൊണ്ടാണ് മലീനീകരണം ഇത്രയെങ്കിലും കുറയ്ക്കാനായതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ വായു മലനീകരണം നടക്കുന്നത് ഡല്‍ഹിയിലാണെന്നാണ് ലോക ആരോഗ്യസംഘടനയുടെ 2014-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Top