അയോദ്ധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറില്‍ ഭക്തര്‍ക്കായി തുറന്നു കൊടുക്കും

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറില്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കുമെന്ന് റിപ്പോര്‍ട്ട്. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിര്‍മാണം 2023 ആകുമ്പോഴേക്കും പൂര്‍ത്തിയാകും. രാമക്ഷേത്രത്തിന്റെ പൂര്‍ണമായ നിര്‍മാണം 2025ഓടു കൂടി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. മ്യൂസിയം, ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ്, റിസര്‍ച്ച് സെന്റര്‍ എന്നിവയടക്കം ക്ഷേത്രത്തിന്റെ ഭാഗമായി നിര്‍മ്മിക്കും.

അതേസമയം .ക്ഷേത്രനിര്‍മ്മാണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമി പൂജ നടത്തിയിട്ട് ഒരുവര്‍ഷമാകുന്നു. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിര്‍മാണ ചെലവ്. താഴത്തെ നിലയിലെ അഞ്ചുമണ്ഡപങ്ങളുടെയും ശ്രീകോവിലിന്റെയും നിര്‍മാണം 2023 അവസാനത്തോടെ പൂര്‍ത്തിയാകും.

ഒന്നാംനിലയുടെ ശിലാസ്ഥാപനവും പൂര്‍ത്തിയാകും. തുടര്‍ന്ന് പുതിയ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ബിജെപിയുടെ പദ്ധതി. ശ്രീകോവില്‍ ഉള്‍പ്പെടുന്ന ഭാഗം തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പെങ്കിലും തുറന്ന് കൊടുക്കാനാണ് പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Top