മഴ തുടരുന്നു; 50 വിമാന സർവീസുകൾ റദ്ദാക്കി

ചെന്നൈ: മിഗ്‌ജോം ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴ തുടരുന്നു. തിരുപ്പതി ചിന്തേപ്പള്ളി കോളനിയില്‍ അപകടം സംഭവിച്ചു. വീടിന്റെ ചുമരിടിഞ്ഞാണ് അപകടമുണ്ടായത്. ഇതുവരെ വൈസാഗ്, തിരുപ്പതി, വിജയവാഡ വിമാനത്താവളങ്ങളില്‍ നിന്നുള്ള 50 വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ആന്ധ്രാപ്രദേശ് വഴിയുള്ള 100 ട്രെയിനുകളും റദ്ദാക്കി. മൂന്ന് ജില്ലകളില്‍ പ്രളയമുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഇതിനിടെ ചുഴലിക്കാറ്റില്‍ കെടുതിയനുഭവിക്കുന്ന തമിഴ്‌നാടിന് സഹായമെത്തിക്കാന്‍ തയ്യാറാണെന്ന് കേരളം അറിയിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ബന്ധപ്പെട്ടു. ആവശ്യമായ സഹായം വേണമെങ്കില്‍ ചെയ്യും. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേര്‍ത്തു നിര്‍ത്തണം. ചെന്നൈയില്‍ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഫോണില്‍ വിളിച്ചത്.ആന്ധ്രാപ്രദേശില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. നെല്ലൂരില്‍ റോഡില്‍ മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയില്‍ മഴക്കെടുതിയില്‍ ഇതുവരെ 12 പേരാണ് മരണപ്പെട്ടത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ചയാണ് ശക്തിയേറിയ ചുഴലിക്കാറ്റായി രൂപംപ്രാപിച്ചത്. ഞായറാഴ്ച രാത്രി ചെന്നൈ നഗരത്തിലും തമിഴ്നാടിന്റെ വടക്കന്‍ പ്രദേശങ്ങളിലും ശക്തമായ മഴ തുടങ്ങിയിരുന്നു.

തെലങ്കാന, ചത്തീസ്ഗഢ്, ഒഡീസ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു. ആന്ധ്രാപ്രദേശില്‍ 11 ജില്ലകളില്‍ കനത്ത മഴയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും റോഡ്, റെയില്‍ ഗതാഗതം താറുമാറാകുകയും ചെയ്തു.

 

Top