രാത്രി വൈകിയും റെയ്ഡ് തുടർന്നു; പ്രതികരിക്കാതെ സ്റ്റാലിനും ഡിഎംകെയും

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ലക്ഷ്യമിട്ടുള്ള ആദായ നികുതി റെയ്ഡ് ഇന്നലെ രാത്രിയും തുടർന്നു. ബെനാമി നിക്ഷേപം ആരോപിക്കപ്പെടുന്ന ജി സ്ക്വയർ റിലേഷൻസ് കമ്പനിയുടെ ഓഫീസുകളിലും വീടുകളിലുമായി 50 ഇടത്താണ് പരിശോധന നടന്നത്. എംകെ സ്റ്റാലിന്റെ മരുമകന്റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടന്നെങ്കിലും റെയ്ഡുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും ഡിഎംകെ നടത്തിയിട്ടില്ല.

തമിഴ്നാട്ടിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയാണ് ജി സ്ക്വയർ. കമ്പനിയുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ഇന്നലെ തുടങ്ങിയ പരിശോധന രാത്രി വൈകിയും തുടർന്നു. ചെന്നൈ, ട്രിച്ചി, കോയമ്പത്തൂർ അടക്കം വിവിധ തമിഴ്നാട് നഗരങ്ങളിലെ ജി സ്ക്വയറിന്റെ ഓഫീസുകളിലും ബന്ധപ്പെട്ടവരുടെ വീടുകളിലുമായി 50 ഇടങ്ങളിലായിരുന്നു റെയ്ഡ്. സ്റ്റാലിൻ കുടുംബത്തിനും ഉന്നത ഡിഎംകെ നേതാക്കൾക്കും ഈ കമ്പനിയിൽ നിക്ഷേപമുണ്ടെന്ന തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയുടെ ആരോപണത്തിന് പിന്നാലെ ആയിരുന്നു ആദായ നികുതി വകുപ്പിന്റെ പൊടുന്നനെയുള്ള നീക്കം.

ഡിഎംകെ എംഎൽഎ എംകെ മോഹന്റെ വീട്ടിലും സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്റർ ഷൺമുഖരാജിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ഡിഎംകെ അണികളും നേതാക്കളും എംഎൽഎ എംകെ മോഹന്റെ വീട്ടിന് മുന്നിൽ റെയ്ഡിനെതിരെ പ്രതിഷേധിച്ചു. ബിജെപി ഇതര ഭരണമുള്ള സംസ്ഥാന സർക്കാരുകളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ കുടുക്കാൻ ശ്രമിക്കുകയാണെന്നാണ് ഡിഎംകെ റെയ്ഡിനെതിരെ ഉയർത്തുന്ന രാഷ്ട്രീയ പ്രതിരോധം. അതേസമയം ഡിഎംകെ ഔദ്യോഗികമായി സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. പരിശോധന ഇന്നും തുടരുമോയെന്ന് വ്യക്തമല്ല.

Top