കോടിയേരിക്കും കുടുംബത്തിനും രക്ഷപ്പെടാന്‍ ഖുര്‍ആന്‍ പ്രതിരോധ മാര്‍ഗമാക്കുന്നു; എന്‍.കെ പ്രേമചന്ദ്രന്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ നിന്നും മയക്കുമരുന്ന് കേസില്‍ നിന്നും മുഖ്യമന്ത്രിയ്ക്കും കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനും രക്ഷനേടാന്‍ വേണ്ടി വിശുദ്ധ ഖുര്‍ആനെ പ്രതിരോധ മാര്‍ഗമാക്കുകയാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി. ഈ പ്രസ്താവന തുടര്‍ന്നാല്‍ വിശ്വാസികളില്‍ നിന്ന് ശബരിമലയേക്കാള്‍ വലിയ തിരിച്ചടി സര്‍ക്കാരിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മതമൗലികവാദികള്‍ പോലും പറയാത്ത വര്‍ഗീയതയാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താന്‍ തീക്കൊള്ളിക്കൊണ്ട് തലചൊറിയാന്‍ ശ്രമിച്ചാല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.

ഇസ്ലാമിക വിശ്വാസത്തേയും ഖുര്‍ആനേയും അവഹേളിക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണ്. ഖുര്‍ആനെ പ്രതിരോധത്തിന് വേണ്ടി ഉപയോഗിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ഖുര്‍ആന്‍ കൊണ്ട് വന്നതില്‍ ആരും എതിരല്ല. പ്രോട്ടോക്കോള്‍ പാലിച്ച് ഖുര്‍ആന്‍ വിതരണം ചെയ്യാന്‍ ശ്രമിച്ച് അതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നുവെങ്കില്‍ ഞങ്ങളും എതിര്‍ക്കുമായിരുന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ ലംഘനമാണ് നടന്നത്. പ്രോട്ടോക്കോള്‍ സംബന്ധിച്ച് ഒരു മന്ത്രിക്ക് തന്നെ അറിവില്ലേയെന്നും കെ.മുരളീധരന്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നുള്ള ബി.ജെ.പി എംപിയാണ് കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് സ്വര്‍ണക്കള്ളക്കടത്ത് വിഷയം പാര്‍ലമെന്റില്‍ സംസാരിച്ചത്. ഞങ്ങള്‍ മിണ്ടാതിരുന്നത് ബി.ജെ.പിയുടെ ചെലവില്‍ എതിര്‍ക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ്. സ്വന്തം നിലയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്ക് കഴിവുണ്ടെന്നും മുരളി പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്ത് സമരത്തെ ഖുര്‍ആന്റെ മറപിടിച്ച് എതിര്‍ക്കുമ്പോള്‍ ബി.ജെ.പിക്ക് വളരാനുള്ള അവസരമാണ് സി.പി.എം. ഒരുക്കിക്കൊടുക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്നാലും ബി.ജെ.പി. വളര്‍ന്നാല്‍ പ്രശ്നമില്ലെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. നടക്കുന്നത് സി.പി.എം-ബി.ജെ.പി അന്തര്‍ധാരയാണെന്നും മുരളീധരന്‍ പറഞ്ഞു.

Top