The quarry is licensed under the forest; Industry Minister And Revenue minister is blamed

നിലമ്പൂര്‍: കേന്ദ്ര വനംനിയമത്തിനും കോടതി വിധിക്കും പുല്ലുവില നല്‍കി പതിച്ചുകൊടുത്ത വനഭൂമിയിലെ ക്വാറികള്‍ക്ക് അനുമതി നല്‍കിയതിന് പിന്നില്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയും റവന്യൂ മന്ത്രി അടൂര്‍ പ്രകാശുമാണെന്ന് ആരോപണം.

ഹൈക്കോടതി പ്രവര്‍ത്തനാനുമതി നിഷേധിച്ച ചാത്തല്ലൂരിലെ ബിസ്മി ഗ്രാനൈറ്റ് ഉത്തരവിന്റെ മറവില്‍ പ്രവര്‍ത്തനമാരംഭിച്ചു. പതിച്ചുകൊടുത്ത വനഭൂമിയില്‍ പാറഖനനത്തിന് മുമ്പ് നിയമോപദേശം നേടണമെന്ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ കെ.കെ സുനില്‍കുമാറിനെ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റിയാണ് നിയമവിരുദ്ധ ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്.

ഭൂരഹിതര്‍ക്ക് നല്‍കാന്‍ പതിച്ചു കൊടുത്ത വനഭൂമിയില്‍ കൃഷി, പാര്‍പ്പിടം ഒഴികെയുള്ള വനേതര പ്രവൃത്തികള്‍ പാടില്ലെന്ന കേന്ദ്ര വനനിയമം ലംഘിച്ചാണ് പതിച്ചുകൊടുത്ത വനഭൂമിയില്‍ പാറഖനനത്തിന് അനുമതി നല്‍കി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത ഉത്തരവിട്ടിരിക്കുന്നത്. ക്വാറി മാഫിയകള്‍ക്കുവേണ്ടി റവന്യൂ മന്ത്രി അടൂര്‍ പ്രകാശും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും സമ്മര്‍ദ്ദം ചെലുത്തി ഉത്തരവിറക്കിച്ചെന്നാണ് ആക്ഷേപം.

പാറഖനനവും അനുബന്ധ വ്യവസായങ്ങളും സുപ്രീം കോടതി നിരോധിച്ച വനേതര പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നവയാണെന്ന് നേര്‍ത്ത് ഡി.എഫ്.ഒ സുനില്‍കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ആലങ്ങാടന്‍ മലവാരത്തിലെ ഒതായി ഗ്രാനൈറ്റ്, പെരകമണ്ണ വില്ലേജില്‍ ചാത്തല്ലൂരിലെ ബിസ്മി ഗ്രാനൈറ്റ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ അനുമതി കളക്ടര്‍ റദ്ദാക്കിയിരുന്നു. മറ്റ് രണ്ട് ക്വാറികളുടെ അപേക്ഷയും നിരസിച്ചു.

ക്വാറി ഉടമകള്‍ പ്രവര്‍ത്താനാനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അനുമതി നല്‍കിയിരുന്നില്ല. ഇതോടെ റവന്യൂ മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ബിസ്മി ഗ്രാനൈറ്റിന് അനുമതി റദ്ദാക്കിയ കളക്ടറുടെ ഉത്തരവ് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് സ്റ്റേ ചെയ്യുകയായിരുന്നു.

ഇതിനെതിരെ മുഹമ്മദ്കുട്ടി എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ എ.ജി കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത റവന്യൂ മന്ത്രിയുടെ നടപടി തിരുത്തുകയാണെന്ന് വ്യക്തമാക്കി ക്വാറിക്ക് അനുമതി റദ്ദാക്കിയത് ശരിവയ്ക്കുകയായിരുന്നു.

ഇതിന് ശേഷമാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്തയെക്കൊണ്ട് നിയമവിരുദ്ധ ഉത്തരവിറക്കി സര്‍ക്കാര്‍ പതിച്ചു നല്‍കിയ വനഭൂമിയിലെ ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഇതോടെ വനഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ക്വാറികള്‍ക്കും പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള അവസരം ഒരുങ്ങുകയാണ്.

1978ല്‍ നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനില്‍ ആലങ്ങാടന്‍, ചെക്കുന്ന്, കറുകമണ്ണ, കൊളപ്പാട്, ഊര്‍ങ്ങാട്ടിരി മലവാരങ്ങളില്‍ 1194.338 ഹെക്ടര്‍ ഭൂമി വനം വകുപ്പ് ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കാന്‍ റവന്യൂ വകുപ്പിന് കൈമാറിയിരുന്നു. അതില്‍ 471.38 ഹെക്ടര്‍ പതിച്ചു നല്‍കി.

വനം വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന കേന്ദ്ര വനസംരക്ഷണ നിയമം വന്നതിനാല്‍ ശേഷിച്ച 723 ഹെക്ടര്‍ വനഭൂമി പതിച്ചു നല്‍കാനായില്ല. പതിച്ചു നല്‍കി ഭൂമിക്ക് ഉള്‍പ്പെടെ ഇപ്പോള്‍ വനപദവിയാണുള്ളത്. വന്‍കിടക്കാരാണ് ഇവിടെ വ്യാപകമായി വനഭൂമി കൈവശപ്പെടുത്തി തോട്ടങ്ങളും ക്വാറിയും സ്വന്തമാക്കിയത്. വിവാദ ക്വാറികള്‍പ്രവര്‍ത്തിക്കുന്നത് മുസ്ലീം ലീഗ് എം.എല്‍.എ പി.കെ ബഷീറിന്റെ ഏറനാട് നിയോജകമണ്ഡലത്തിലാണ്.

Top