പേവിഷ പ്രതിരോധ വാക്സീന്റെയും ഇമ്യൂണോഗ്ലോബുലിന്റെയും ഗുണനിലവാരം പരിശോധിക്കും

തിരുവനന്തപുരം : പേ വിഷ പ്രതിരോധ വാക്സീന്റെ ഗുണനിലവാര പരിശോധനക്ക് തയാറായി കേരള സർക്കാർ. ഇമ്യൂണോ ഗ്ലോബുലിനും പേ വിഷ പ്രതിരോധ വാക്സീനും പരിശോധിക്കും. ഇതിനായി പേ വിഷ പ്രതിരോധ വാക്സീൻ എടുത്തിട്ടും മരണം സംഭവിച്ചവർക്ക് നൽകിയ ബാച്ച് ഇമ്യൂണോ ഗ്ലോബുലിന്റേയും പ്രതിരോധ വാക്സീന്റേയും അതത് ബാച്ചുകളാണ് ഗുണനിലവാര പരിശോധനക്ക് അയക്കുന്നത്. കസൌളിയിലെ സെൻട്രൽ ഡ്രഗ്സ് ലാബിലേക്ക് അയച്ചാണ് ഇമ്യൂണോ ഗ്ലോബുലിനും പേവിഷ പ്രതിരോധ വാക്സീനും ഗുണ നിലവാരം ഉള്ളതാണോ എന്ന് പരിശോധിക്കുക. കേരളം വാങ്ങിയ വിൻസ് ബയോ പ്രോഡക്ടിന്റെ ഇമ്യൂണോ ഗ്ലോബുലിനും ഗുജറാത്ത് ആസ്ഥാനമായ ചിറോറാബിന്റെ പേ വിഷ പ്രതിരോധ വാക്സീനും ആണ് പരിശോധിക്കുന്നത്.

ഇമ്യൂണോ ഗ്ലോബുലിന്‍റേയും പേ വിഷ പ്രതിരോധ വാക്സീന്റേയും ഗുണനിലവാരം കേന്ദ്ര ലാബിലേക്ക് അയച്ച് ഗുണനിലവാരം ഉറപ്പാക്കാൻ തീരുമാനിച്ചത് ഇന്നലെയാണ് . ഇതനുസരിച്ച് ആരോഗ്യവകുപ്പ് മെഡിക്കൽ സർവീസസ് കോർപറേഷന് നിർദേശം നൽകി. മെഡിക്കൽ സർവീസസ് കോർപറേഷൻ നിർദേശം ഡ്രഗ്സ് കൺട്രോളർ വകുപ്പിന് കൈമാറി കഴിഞ്ഞു.

ഇനി ഏതൊക്കെ ബാച്ചിലെ വാക്സീനും സിറവുമാണ് പേവിഷ ബാധ ഏറ്റ് മരിച്ചവർക്ക് നൽകിയതെന്ന പട്ടിക എടുക്കണം. അതിനുശേഷം ആ ബാച്ചിലെ മരുന്നുകൾ പരിശോധനക്ക് അയക്കും. മുൻ കരുതൽ ആയി സെന്‍ട്രൽ ഡ്രഗ് ലാബിലെ ഫലം വരും വരെ പരിശോധനക്ക് അയക്കുന്ന ബാച്ച് വാക്സീനും ഇമ്യൂണോ ഗ്ലോബുലിനും ഉപയോഗിക്കില്ല

പേവിഷ പ്രതിരോധ വാക്സീൻ എടുത്തിട്ടും പേവിഷ ബാധയേറ്റ് ആറുപേർ മരിച്ചത് വലിയ വിവാദങ്ങൾക്കും ആശങ്കകൾക്കും വഴിമാറിയതിന് പിന്നാലെ ആദ്യം വാക്സീനും ഇമ്യൂണോ ഗ്ലോബുലിനും സെൻട്രൽ ഡ്രഗ് ലാബിന്റെ ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ആയിരുന്നു ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ന്യായീകരണം. എന്നാൽ സെൻട്രൽ ഡ്രഗ് ലാബിന്‍റെ ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ രേഖാമൂലം മനുഷ്യാവകാശ കമ്മിഷന് മറുപടി നൽകി. ഇതോടെ മന്ത്രി സഭയിൽ പറഞ്ഞത് കള്ളമെന്ന് ഉറപ്പായി. ഏറ്റവും ഒടുവിൽ കുത്തിവയ്പ്പ്പെടുത്ത പത്തനംതിട്ടക്കാരി 13 വയസുള്ള അഭിരാമിക്കും മരണം സംഭവിച്ചതോടെ സർക്കാരിന് നിൽക്കക്കള്ളി ഇല്ലാതായി.

Top