‘മറ്റുവഴികള്‍ ഇല്ലെങ്കില്‍ മാത്രമേ കര്‍ഷകര്‍ക്കെതിരെ ബലം പ്രയോഗിക്കാന്‍ പാടുള്ളൂ’;ഹൈക്കോടതി

ഡല്‍ഹി: കര്‍ഷകസമരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സൗഹാര്‍ദപരമായി അവസാനിപ്പിക്കണമെന്ന് പഞ്ചാബ്- ഹരിയാണ ഹൈക്കോടതി നിര്‍ദേശിച്ചു. മറ്റുവഴികള്‍ ഇല്ലെങ്കില്‍ മാത്രമേ കര്‍ഷകര്‍ക്കെതിരെ ബലം പ്രയോഗിക്കാന്‍ പാടുള്ളൂവെന്നും ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധ്വാലിയ, ജസ്റ്റിസ് ലപിത ബാനര്‍ജി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കര്‍ഷകസമരവുമായി ബന്ധപ്പെട്ട രണ്ടു ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു പരാമര്‍ശം. കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് ഹരിയാണ സര്‍ക്കാര്‍ തടഞ്ഞതിനെതിരേയും കര്‍ഷകര്‍ ദേശീയ പാത സ്തംഭിപ്പിക്കുന്നത് ജനജീവിതത്തെ ബാധിക്കുന്നുവെന്ന് കാണിച്ചുമുള്ള ഹര്‍ജികളായിരുന്നു കോടതി പരിഗണിച്ചത്.

വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ഡല്‍ഹി ചലോ മാര്‍ച്ചിനെതിരെ പോലീസ് നടപടി തുടരുമ്പോഴും പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍. പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചതിന് പിന്നാലെ, പഞ്ചാബ്- ഹരിയാണ അതിര്‍ത്തിയിലെ ശംഭു മേല്‍പ്പാലത്തിന് മുകളില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ താഴേക്ക് എടുത്തെറിഞ്ഞു. പോലീസുകാര്‍ സമാധാനപരമായ പ്രതിഷേധത്തിനെതിരെ ബലം പ്രയോഗിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു.

ഹരിയാണയിലെ കുരുക്ഷേത്രയില്‍ കര്‍ഷകര്‍ പോലീസ് ബാരിക്കേഡ് ബലം പ്രയോഗിച്ച് എടുത്തുമാറ്റി. ട്രാക്ടറില്‍ കെട്ടിയ ചങ്ങല കോണ്‍ക്രീറ്റ് ബാരിക്കേഡില്‍ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സിമന്റ് ബാരിക്കേഡ് കര്‍ഷകര്‍ തള്ളിക്കൊണ്ടുപോവുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

Top