ഒന്നര ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്‌ഫോണ്‍ വിതരണത്തിനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍

ചണ്ഡീഗഢ്: ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട്ഫോണ്‍ വിതരണം ചെയ്യാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍.

‘ഈ കൊറോണ കാലത്ത് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ ക്ലാസുകള്‍ കേള്‍ക്കുന്നതിനായി വലിയ പ്രയാസം നേരിടുന്നുണ്ട്. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മനസിലാക്കുന്നതിനോടൊപ്പം വെബില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും കഴിയും.’ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.

ഇന്നാണ് സ്മാര്‍ട്ട്ഫോണ്‍ വിതരണ പദ്ധതി ആരംഭിക്കുന്നത്. പഞ്ചാബിലും ചണ്ഡീഗഢിലുമായി 26 വ്യത്യസ്ത സ്ഥലങ്ങളില്‍ വെച്ചാണ് സ്മാര്‍ട്ട്ഫോണ്‍ വിതരണം. 1.78 ലക്ഷം പേര്‍ക്കാണ് സൗജന്യമായി സ്മാര്‍ട്ട്ഫോണ്‍ വിതരണം ചെയ്യുന്നത്. എല്ലാ നഗരങ്ങളില്‍ നിന്നും 15 വിദ്യാര്‍ത്ഥികളെ മാത്രമാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്. അത് സംബന്ധിച്ച് എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.

Top