കോണ്‍ഗ്രസ്സിനെ ദേശീയ തലത്തില്‍ പ്രതിരോധത്തിലാക്കിയ പ്രതിഷേധം

ഴിഞ്ഞ കാലങ്ങളിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ലിസ്റ്റിനേക്കാള്‍ മികച്ചതാണ് ഇത്തവണ അവര്‍ പുറത്തുവിട്ട ലിസ്റ്റ്. ഇക്കാര്യത്തില്‍ എന്തായാലും ഒരു തര്‍ക്കവുമില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ സകല ശോഭയും കെടുത്തുന്ന സംഭവങ്ങളാണ് പിന്നീട് കോണ്‍ഗ്രസ്സില്‍ അരങ്ങേറിയിരിക്കുന്നത്. സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ മഹിളാ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത നടപടി ഞെട്ടിക്കുന്നതാണ്. ഇതിന്റെ പ്രതിധ്വനി ന്യൂഡല്‍ഹി വരെ എത്തി എന്നതാണ് യാഥാര്‍ത്ഥ്യം. ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വലിയ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചര്‍ച്ചയാവേണ്ട ദിവസം ലതിക സുഭാഷ് കെ.പി.സി.സി ഓഫീസിനു മുന്നില്‍ തല മുണ്ഡനം ചെയ്ത ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. വനിതാ നേതാക്കളോട് കോണ്‍ഗ്രസ്സ് കാട്ടുന്ന അവഗണനയാണ് ഇതോടെ ചര്‍ച്ചയായിരിക്കുന്നത്. കൊല്ലത്ത് നിന്നും തഴയപ്പെടുമായിരുന്ന ഡി.സി.സി അദ്ധ്യക്ഷ ബിന്ദു കൃഷ്ണക്ക് ഒടുവില്‍ സീറ്റ് ലഭിച്ചതു തന്നെ ഡി.സി.സി ഓഫിസിനുള്ളില്‍ പൊട്ടിക്കരഞ്ഞതു കൊണ്ടാണ്. ഇതും പതിവില്‍ നിന്നും തികച്ചും വ്യത്യസ്തമായ സംഭവമായിരുന്നു. കേരള കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപ്പിന് ഏറ്റുമാനൂര്‍ മണ്ഡലം വിട്ടുനല്‍കിയതോടെ പ്രതീക്ഷയര്‍പ്പിച്ച മണ്ഡലം നഷ്ടമായതാണ് ലതികയെ ഏറെ പ്രകോപിപ്പിച്ചിരിക്കുന്നത്.

വിജയ സാധ്യതയുള്ള മറ്റൊരു മണ്ഡലത്തിലേക്കും അവരെ കോണ്‍ഗ്രസ്സ് പരിഗണിച്ചതുമില്ല. മണ്ഡലത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് തങ്ങള്‍ക്ക് ഇടതുപക്ഷം അനുവദിച്ച കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ്സ് സി.പി.എമ്മിന് വിട്ടു കൊടുത്ത് മാതൃകയായ ദിവസം തന്നെയാണ് കോണ്‍ഗ്രസ്സിലും കലാപക്കൊടി ഉയര്‍ന്നിരിക്കുന്നത്. സീറ്റ് സി.പി.എം ആവശ്യപ്പെടാതെ തന്നെ തിരികെ നല്‍കി ജോസ് വിഭാഗം കാട്ടിയ മാതൃക കോണ്‍ഗ്രസ്സിനോട് ജോസഫ് ഗ്രൂപ്പ് കാണിച്ചിട്ടില്ല. തോറ്റാലും ജയിച്ചാലും സീറ്റുകളുടെ എണ്ണം കുറക്കുന്ന പ്രശ്‌നമേയില്ലന്ന നിലപാടിലാണ് ഇപ്പോഴും ജോസഫ് വിഭാഗം. രണ്ടു മുന്നണിയിലെയും കെട്ടുറപ്പും ആത്മാര്‍ത്ഥതയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണിത്. ഡല്‍ഹിയില്‍ നിന്നും എ.ഐ.സി.സി നേരിട്ട് നടത്തിയ സര്‍വേ പ്രകാരമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടന്നതെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.

എന്നാല്‍ ഇത് കെ.സി വേണുഗോപാലിന്റെ തട്ടിപ്പ് സര്‍വേയാണെന്നാണ് സംസ്ഥാനത്തെ ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. തനിക്ക് താല്‍പ്പര്യമുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കാനും കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ആധിപത്യം ഉറപ്പിക്കാനും വേണുഗോപാല്‍ നടത്തുന്ന നീക്കമാണ് സര്‍വേക്ക് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും സംശയിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും മീതെ സൂപ്പര്‍ അധികാര കേന്ദ്രമാകാനാണ് കെ.സിയുടെ ശ്രമം. ഇതിന് രാഹുല്‍ ഗാന്ധിയുടെ പിന്‍തുണയുണ്ടെന്നാണ് കെ.സി അനുകൂലികളും വാദിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പുറത്ത് വന്നതോടെ പല മണ്ഡലങ്ങളിലും വ്യാപക പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. ഇത് കോണ്‍ഗ്രസ്സിന്റെ വിജയ സാധ്യതയ്ക്ക് മേല്‍ ഉയര്‍ത്തുന്നത് വലിയ ഭീഷണിയാണ്.

അതേസമയം, സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ പ്രതിഷേധമുയര്‍ന്ന പൊന്നാനി, കുറ്റ്യാടി മണ്ഡലങ്ങളില്‍ പ്രതിഷേധിച്ചവര്‍ തന്നെ സ്ഥാനാര്‍ത്ഥിയുടെ പ്രചരണ പരിപാടികളുമായി മുന്നോട്ടു പോകുന്ന കാഴ്ചയാണ് നിലവിലുള്ളത്. ഒരു കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍ പ്രതിഷേധങ്ങളെ തന്ത്രപരമായി കൈകാര്യം ചെയ്യാന്‍ പൊന്നാനിയിലും സി.പി.എമ്മിന് എളുപ്പത്തില്‍ കഴിഞ്ഞിട്ടുണ്ട്. കുറ്റ്യാടിയില്‍ ജോസ് കെ മാണി വിഭാഗം തന്നെ പിന്‍മാറിയതോടെ കാര്യങ്ങളും ഏറെ എളുപ്പമായിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷത്തെ കാര്യങ്ങള്‍ അത്ര സുഗമമല്ല അതാകട്ടെ, കോണ്‍ഗ്രസ്സില്‍ മാത്രമല്ല മുസ്ലീം ലീഗിലും ഇപ്പോള്‍ പ്രകടമാണ്.

കളമശ്ശേരി, തിരൂരങ്ങാടി, കോഴിക്കോട് സൗത്ത്, കൊടുവള്ളി മണ്ഡലങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് നിലവില്‍ നടക്കുന്നത്. ഇതില്‍ കൊടുവള്ളി ഒഴികെയുള്ള മറ്റു മൂന്നു സീറ്റുകളും ലീഗിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഈ നാല് മണ്ഡലങ്ങളിലും നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കില്ലന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. അനുനയ നീക്കങ്ങളുമായി സംസ്ഥാന നേതൃത്വം രംഗത്തുണ്ടെങ്കിലും പ്രാദേശിക നേതൃത്വം വഴങ്ങിയിട്ടില്ല. സി.പി.എമ്മിനെ പോലെ വ്യക്തിയല്ല പാര്‍ട്ടി എന്ന് ഒരിക്കലും കോണ്‍ഗ്രസ്സിനും ലീഗിനും പറയാന്‍ പറ്റുകയില്ല. കാരണം, ഈ പാര്‍ട്ടികളുടെ പല പ്രാദേശിക നേതാക്കളും സ്വന്തം നിലക്ക് തന്നെ വോട്ടുകള്‍ മറിക്കാന്‍ ശേഷിയുള്ളവരാണ്. ഇത് തിരിച്ചറിഞ്ഞു തന്നെയാണ് യു.ഡി.എഫ് കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ ഇടതുപക്ഷവും ഇപ്പോള്‍ ശ്രമിക്കുന്നത്.

പതിറ്റാണ്ടുകളായി മുസ്ലീം ലീഗ് കോട്ടയായിരുന്ന താനൂരില്‍ കഴിഞ്ഞ തവണ ഇടതുപക്ഷം നേടിയ അട്ടിമറി വിജയം പാണക്കാട് തറവാട്ടിനെ പോലും ഞെട്ടിച്ചിരുന്നതാണ്. അത്തരമൊരു വന്‍ അട്ടിമറി സാധ്യത താനൂരിനോട് ചേര്‍ന്നു കിടക്കുന്ന തിരൂരങ്ങാടിയില്‍ പോലും ഇപ്പോഴുണ്ട്. ഇതു തിരിച്ചറിഞ്ഞാണ് ലീഗ് സ്ഥാനാര്‍ത്ഥി കെ.പി.എ മജീദിനെ മാറ്റണമെന്ന് ലീഗ് പ്രാദേശിക നേതാക്കളും ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് വലിയ പൊട്ടിത്തെറി ബി.ജെ.പിയില്‍ ഇല്ലെങ്കിലും കെ. സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്ന കാര്യത്തില്‍ ശോഭാ സുരേന്ദ്രന്‍ നടത്തിയ അഭിപ്രായ പ്രകടനം ഇതിനകം തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്.

മാനന്തവാടി മണ്ഡലത്തില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി മണികണ്ഠന്‍ അപ്രതീക്ഷിതമായി പിന്‍മാറിയതും ബി.ജെ.പി നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. നേമത്ത് കെ മുരളീധരന്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായതോടെ ഇവിടെയും വലിയ വെല്ലുവിളിയാണ് ബി.ജെ.പി ഇത്തവണ നേരിടുന്നത്. കോണ്‍ഗ്രസ്സിന്റെ വോട്ടുകള്‍ ചോരാതെ മുരളിക്ക് തന്നെ ലഭിച്ചാല്‍ വിജയം എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷവുമുള്ളത്. ചുവപ്പിന്റെ ഇവിടുത്തെ സ്ഥാനാര്‍ത്ഥി സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ വി. ശിവന്‍കുട്ടിയാണ്. ബി.ജെ.പി രംഗത്തിറക്കിയതാകട്ടെ കുമ്മനം രാജശേഖരനെയുമാണ്.

സംസ്ഥാനത്ത് ഏറെ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമായി ഇതിനകം തന്നെ നേമവും മാറിക്കഴിഞ്ഞു. ബി.ജെ.പി ദേശീയ നേതൃത്വം ‘ഗുജറാത്തായി ‘ വിശേഷിപ്പിക്കുന്ന നേമത്തിന്റെ വിധിയെഴുത്ത് സംഘ പരിവാറിനെ സംബന്ധിച്ച് അതി നിര്‍ണ്ണായകമാണ്. ഇവിടെ അട്ടിമറി വിജയം ആര് നേടിയാലും അതിന്റെ അലയൊലി ദേശീയ തലത്തിലും ഉണ്ടാകും. അക്കാര്യം എന്തായാലും ഉറപ്പാണ്.

 

Top